കഴിഞ്ഞ കുറെ കാലങ്ങളായി മെസി, റൊണാള്‍ഡോ ദ്വയത്തില്‍ കറങ്ങിത്തിരിഞ്ഞ ബാലൺ ഡി ഓര്‍ പുരസകാരം ഈ സീസണിലെ അര്‍ഹിക്കപ്പെടുന്ന കൈകളിലെത്തിയിരിക്കുകയാണ്.
കഠിന പരിശ്രമം നടത്തിയും വിമര്‍ശനങ്ങളെ വകഞ്ഞു മാറ്റിയും തന്റെ സ്വത്വസിദ്ധമായ കഴിവിലൂടെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമയാണ് അവാര്‍ഡിന് അര്‍ഹനായത്.
1998ല്‍ സിനദിന്‍ സിദാന്‍ പുരസ്‌കാരം പേരിലാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഫ്രഞ്ച് താരം ബാലൺ ഡി ഓറിന് അര്‍ഹനാകുന്നത്.
ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗ മത്സരങ്ങളിലും മികവ് കാട്ടിയതിന്റെ പരിണിത ഫലമായാണ് ഈ നേട്ടം താരത്തെ തേടിയെത്തിയത്.
ചാമ്പ്യന്‍സ് ലീഗില്‍ 15 തവണ വലകുലുക്കിയതടക്കം 46 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് ബെന്‍സിമയുടെ അക്കൗണ്ടിലുള്ളത്.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സിക്കെതിരെ ഹാട്രിക്ക് നേടിയതിന് പുറമെ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ 17 മിനിറ്റ് കൊണ്ട് ഹാട്രിക്കടിച്ചതും താരത്തിന് ബാലൺ ഡി ഓറിലേക്കുള്ള ദൂരം എളുപ്പമാക്കി.
തന്റെ യാത്രയില്‍ ഒത്തിരി അഭിമാനമുണ്ടെന്നും അതത്ര എളുപ്പമായിരുന്നില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം ബെന്‍സിമ പറഞ്ഞു. ഇന്നിവിടെ എത്തി നില്‍ക്കുന്നതിന് റയല്‍ മാഡ്രിഡിനോടും ടീ അംഗങ്ങളോടും കടപ്പെട്ടരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ രണ്ട് റോള്‍ മോഡല്‍സാണുള്ളത്, അത് സിനദിന്‍ സിദാനും റൊണാള്‍ഡോയുമാണെന്നാണ് ബെന്‍സിമ പറഞ്ഞത്.
ഈ വര്‍ഷത്തെ യുവേഫ പ്ലെയര്‍ അവാര്‍ഡിനും താരം അര്‍ഹനായിരുന്നു. ഇത്തവണത്തെ ബാലൺ ഡി ഓറിന് തന്റെ സുഹൃത്ത് കരിം ബെന്‍സിമ അര്‍ഹനാകുമെന്ന് അര്‍ജന്റൈന്‍ ഇതിഹാസവും ഏഴ് തവണ ബാലൺ ഡി ഓര്‍ ജേതാവുമായ ലയണല്‍ മെസി നേരത്തെ തന്നെ പറഞ്ഞിരുന്നു.
മെസിയുടെ പേര് ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നില്ല. 20ാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ എത്തിനിന്നത്. മുമ്പ് അഞ്ച് തവണയാണ് റൊണാള്‍ഡോയെ തേടി ബാലൺ ഡി ഓര്‍ എത്തിയിരുന്നത്.
ക്ലബ് ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ദേശീയ ടീമിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബെന്‍സിമക്കായില്ല. സെക്‌സ് ടേപ്പ് വിവാദത്തില്‍ അഞ്ച് വര്‍ഷം ഫ്രാന്‍സ് ടീമില്‍ നിന്ന് പുറത്തായ താരം രണ്ട് വര്‍ഷം മുമ്പാണ് ദേശീയ ടീമില്‍ തിരിച്ചെത്തിയത്.
തുടര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. ബെന്‍സിമയുടെ നേതൃത്വത്തില്‍ ഖത്തര്‍ ലോകകപ്പിന് തയ്യാറെടുത്തിരിക്കുകയാണ് ദിദിയര്‍ ദഷാംപ്‌സിന്റെ ഫ്രഞ്ച് പട.
Content Highlights: Finally Karim Benzema wins the Balon D’Or