2024 ടി-20 ലോകകപ്പ് കിരീടം നേടി മറ്റൊരു നക്ഷത്രം കൂടി ഇടനെഞ്ചില്‍ തുന്നിച്ചേര്‍ത്തതിന് പിന്നാലെ ഒരു പതിറ്റാണ്ടിലധികം നീണ്ട കിരീട വരള്‍ച്ചയ്ക്കാണ് ഇന്ത്യ വിരാമമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ മറ്റൊരു ഐ.സി.സി കിരീടം സ്വന്തമാക്കുന്നത്.
ഈ കിരീടനേട്ടത്തിന് പിന്നാലെ പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേരും ഇന്ത്യ മാറ്റിയെടുത്തു.
ഈ വിജയത്തിന് പിന്നാലെ റിച്ചാര്‍ഡ് കെറ്റില്‍ബെറോ എന്ന എന്ന വിഖ്യാതനായ അമ്പയറോടുള്ള ആരാധകരുടെ പേടിയും ഇന്ത്യന്‍ ടീം മാറ്റിയെടുത്തു. കെറ്റില്‍ബെറോ നിയന്ത്രിച്ച നോക്ക് ഔട്ട് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നുവെന്ന പതിവാണ് ഈ വിജയത്തോടെ വഴിമാറിയത്.
ഫൈനല്‍ നിയന്ത്രിച്ചവരില്‍ മൂന്നാം അമ്പയറായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയെ നിര്‍ഭാഗ്യമായാണ് ഇന്ത്യന്‍ ആരാധകര്‍ കണക്കാക്കിയിരുന്നത്. 2014ന് ശേഷം അദ്ദേഹം നിയന്ത്രിച്ച ഒറ്റ നോക്ക് ഔട്ട് മത്സരത്തില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണവും.
ഫോര്‍മാറ്റുകളുടെ വ്യത്യാസമില്ലാതെയായിരുന്നു ഈ പരാജയങ്ങളെല്ലാം. ടി-20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അമ്പയര്‍ പാനലില്‍ കെറ്റില്‍ബെറോയുടെ സാന്നിധ്യമുണ്ടായപ്പോഴെല്ലാം ഇന്ത്യ പരാജയം രുചിച്ചിരുന്നു.
2014 ടി-20 ലോകകപ്പ് ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കപ്പിനും ചുണ്ടിനും ഇടയില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.
2011ല്‍ നേടിയ ലോക കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ തന്നെയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്.
പാകിസ്ഥാനോട് പടുകൂറ്റന്‍ പരാജയം നേരിട്ട 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും കെറ്റില്‍ബെറോ തന്നെയായിരുന്നു ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍.
2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ സാക്ഷിയായി കെറ്റില്‍ബെറോ അന്നും അമ്പയറുടെ റോളില്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. അന്ന് ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കെറ്റില്‍ബെറോയുടെ മുഖഭാവം ഒരു ഇന്ത്യന്‍ ആരാധകനും മറക്കില്ല.
ലോകകപ്പില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോ കളി നിയന്ത്രിച്ചിരുന്നു. ഇത്തവണ ഗ്രൗണ്ടില്‍ ഇറങ്ങിയായിരുന്നില്ല. മറിച്ച് ഈ ലോകകപ്പിലേതെന്ന പോലെ തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു അദ്ദേഹമെത്തിയത്. ആരാധകര്‍ പ്രതീക്ഷിച്ചതുതന്നെ അന്നും സംഭവിച്ചു. ഇന്ത്യ വീണ്ടും പരാജയപ്പെട്ടു.
ശേഷം 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പേടിച്ചതുപോലെ ആ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഇതിന് പുറമെ 2023 ഏകദിന ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്തിനൊപ്പം കളി നിയന്ത്രിച്ച മറ്റൊരു ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ആയിരുന്നു.
2024 ലോകകപ്പ് ഫൈനലില്‍ അമ്പയര്‍ പാനലില്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഉണ്ടെന്നറിഞ്ഞതോടെ ആരാധകര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ലോകകപ്പ് വിജയിച്ച് ഇന്ത്യ ആ ശകുനപ്പിഴയും മാറ്റിയെടുക്കുകയായിരുന്നു.
Content Highlight: Finally, India won the knock out match managed by Richard Kettleborough