| Saturday, 11th March 2023, 1:47 pm

ഒടുവില്‍ ബ്രഹ്‌മപുരത്ത് ആരോഗ്യ സര്‍വേ; പ്രഖ്യാപനവുമായി മന്ത്രി പി.രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വേ നടത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും നേരിട്ടെത്തി വിവരശേഖരണം നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹകരണത്തോട് കൂടിയാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. നിലവില്‍ ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒമ്പത് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്.

പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതുവരെ 678 പേരാണ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. ആശങ്കപ്പെടുന്ന രീതിയില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരം ആവര്‍ത്തിക്കാരിക്കാനുള്ള സമഗ്ര പദ്ധതി നേരത്തേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. മാലിന്യ സംസ്‌കരണത്തിനായി പുതിയ പദ്ധതികള്‍ കൊണ്ട് വരുന്നതിന് പകരം നിലവിലുള്ള നിയമം ശക്തമാക്കുകയായിരുന്നു തീരുമാനം.

വാതില്‍പടി ശേഖരണം, സംഭരണവും കൈകാര്യം ചെയ്യലും, ശുചിമുറി മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് നിന്നും ജലസ്രോതസ്സുകളില്‍ നിന്നും മാലിന്യം ശേഖരിക്കാനുള്ള നടപടികള്‍. വാര്‍ റൂമുകള്‍ ബോധവല്‍ക്കരണ പദ്ധതികള്‍ തുടങ്ങിയവയാണ് കര്‍മ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.

കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 13 മുതലാണ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബ്രഹ്‌മപുരത്ത് ആരോഗ്യസര്‍വേ നടത്തും.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനീകരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും നേരിട്ടെത്തി വിവരശേഖരണം നടത്തും. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കും. ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഇതിനോടകം ഒമ്പത് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുകഴിഞ്ഞു.

കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും വിവിധ പ്രദേശങ്ങളില്‍ ക്യാമ്പ് നടത്താനുള്ള സംവിധാനം ഒരുക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കും.

പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ആശുപത്രികള്‍ക്ക് പ്രത്യേക ഫോര്‍മാറ്റ് നല്‍കും.

നിലവില്‍ 678 പേരാണ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേര്‍ ഉള്‍പ്പെടെയാണിത്. ആശങ്കപ്പെടുന്ന രീതിയില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

content highlight: Finally health survey in Brahmapuram; Minister P. Rajeev with the announcement

We use cookies to give you the best possible experience. Learn more