മരുന്ന് ആവശ്യപ്പെട്ടപ്പോൾ ജയിലിലെ ഡോക്ടർ പോലും പരിഹസിക്കുകയാണുണ്ടായത്; ഇസ്രഈൽ മോചിപ്പിച്ച 18കാരൻ അറസ്റ്റിലായത് ഏഴാം തവണ
World News
മരുന്ന് ആവശ്യപ്പെട്ടപ്പോൾ ജയിലിലെ ഡോക്ടർ പോലും പരിഹസിക്കുകയാണുണ്ടായത്; ഇസ്രഈൽ മോചിപ്പിച്ച 18കാരൻ അറസ്റ്റിലായത് ഏഴാം തവണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th December 2023, 7:57 pm

ഗസ: ഇസ്രഈലി തടവറയിൽ നിന്ന് തിരിച്ചെത്തിയ ശേഷം 18കാരനായ ഉബൈ യൂസഫ് അബു മരിയ തന്റെ വീട്ടിലെ എല്ലാവരും അവിടെയുണ്ടോ എന്നറിയാനായി ആദ്യം തന്നെ വീട് മുഴുവൻ പരിശോധിച്ചു.

പുലർച്ചെയായിരുന്നു അവസാനത്തെ തടവുകാരെയും ഇസ്രഈൽ മോചിപ്പിച്ചത്. രണ്ട് മണിക്കൂർ മാത്രമേ ഉബൈ ഉറങ്ങിയിട്ടുണ്ടായിരുന്നുള്ളൂ.

മാതാപിതാക്കളെ വിളിച്ചുണർത്തിയ ഉബൈ ആദ്യം ആവശ്യപ്പെട്ടത് പ്രാതലിന് ഖലായത് ബനാദോറ എന്ന ഫലസ്തീനിയൻ വിഭവം ഉണ്ടാക്കിക്കൊടുക്കാനായിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി താൻ രുചിയുള്ള ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല എന്ന് ഉബൈ പറഞ്ഞു.

18 വയസ് മാത്രം പ്രായമുള്ള ഉബൈയെ മുമ്പ് ആറ് തവണ ഇസ്രഈൽ സേന അറസ്റ്റ് ചെയ്തിരുന്നു. ചില സമയം ദിവസങ്ങളോളം അവനെ പിടിച്ചുവെക്കും. ആദ്യമായി തടവിലായപ്പോൾ 14 വയസ് മാത്രമായിരുന്നു ഉബൈക്ക് പ്രായം. അന്ന് 15 ദിവസത്തോളം അവൻ ജയിലിൽ കഴിഞ്ഞു.

ഒരു വർഷത്തിന് ശേഷം അറസ്റ്റിലായപ്പോൾ ഒമ്പത് മാസത്തോളം അവൻ തടവറയിൽ കഴിഞ്ഞു. അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടത് ഒക്ടോബർ എട്ടിനായിരുന്നു. ഭരണകൂട തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റിലായത്. കാരണം അറിയിക്കാതെ ആറ് മാസം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന രീതിയാണ് ഇത്. ആറ് മാസത്തിന് ശേഷം അനിശ്ചിത കാലത്തേക്ക് തടങ്കൽ ദീർഘിപ്പിക്കാനുമാകും.

ഇസ്രഈൽ – ഹമാസ് ഉടമ്പടി പ്രകാരം മോചിപ്പിക്കപ്പെട്ട ഏഴാമത്തെയും അവസാനത്തെയും സംഘത്തിലായിരുന്നു ഉബൈ ഉൾപ്പെട്ടത്.

കഴിഞ്ഞ വർഷം നവംബറിൽ ഇസ്രഈൽ സേനയുടെ വെടിയേറ്റ് ഉബൈയുടെ കൈയിന്റെ സ്വാധീനം 70 ശതമാനം നഷ്ടപ്പെട്ടിരുന്നു. ശസ്ത്രക്രിയാനന്തര ചികിത്സയിലായിരുന്നു ഉബൈ. തോളിലെ പ്ലാറ്റിനം പിന്നുകൾ ഊരിമാറ്റി ഒരു മാസമാകുമ്പോഴായിരുന്നു ഉബൈയെ അറസ്റ്റ് ചെയ്തത്.

‘എന്റെ കൈയിൽ പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഞാൻ പല തവണ അവരോട് പറഞ്ഞു. എന്നാൽ അവർ അത് കാര്യമാക്കിയില്ലെന്ന് മാത്രമല്ല എന്റെ കൈ ബന്ധിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തിയിരുന്നതായി അനുഭവപ്പെട്ടു,’ ഉബൈ പറഞ്ഞു.

മരുന്ന് ആവശ്യപ്പെട്ടപ്പോൾ ജയിലിലെ ഡോക്ടർ പോലും പരിഹസിക്കുകയാണുണ്ടായത് എന്നും ഉബൈ പറഞ്ഞു.

അതേസമയം ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഉബൈ പറഞ്ഞു.

Content Highlight: Finally free, Ubai was among the last Palestinian detainees Israel released