|

ഒടുവില്‍ പി.പി. ദിവ്യക്കെതിരെ നടപടിയെടുത്ത് സി.പി.ഐ.എം; എല്ലാ പദവികളില്‍ നിന്നും നീക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ നടപടിയെടുത്ത് സി.പി.ഐ.എം.

ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പി.പി. ദിവ്യക്കെതിരെ നടപടിയെടുത്തത്.

ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് നടപടി. ദിവ്യക്കെതിരായ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും. സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം എന്ന നിലയിലേക്ക് ചുരുങ്ങും.

നേരത്തെ പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി.പി.ഐ.എം നീക്കിയിരുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റിന്റേതായിരുന്നു തീരുമാനം.

എ.ഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ പങ്കെടുത്ത് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി. ദിവ്യയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സി.പി.ഐ.എം നടപടിക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യ രാജിവെക്കുകയും ചെയ്തിരുന്നു. എ.ഡി.എമ്മിന്റെ മരണത്തില്‍ തനിക്ക് വേദനയുണ്ടെന്നും ദുഖമനുഭവിക്കുന്ന കുടുബത്തിന്റെ സങ്കടത്തില്‍ താന്‍ പങ്കുചേരുന്നതായും ദിവ്യ അറിയിച്ചിരുന്നു.

നിലവില്‍ പി.പി. ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ റിമാന്‍ഡ് കസ്റ്റഡിയിലുള്ളത്. നവംബര്‍ 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ തലശ്ശേരി സെഷന്‍സ് കോടതിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ റിമാന്‍ഡില്‍ വിട്ടത്.

Content Highlight: Finally CPI(M) took action against P.P.Divya