അവസാനം ക്യാപ്റ്റനാവാൻ ഒരുത്തനെ കിട്ടി; ഓസീസിന് ആശ്വാസം
Cricket
അവസാനം ക്യാപ്റ്റനാവാൻ ഒരുത്തനെ കിട്ടി; ഓസീസിന് ആശ്വാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th October 2022, 3:01 pm

ഏകദിന ക്രിക്കറ്റിൽ നിന്ന് ആരോൺ ഫിഞ്ച് വിരമിച്ചതോടെ ഒരു ക്യാപ്റ്റനില്ലാതെ വലയുകയായിരുന്നു ടീം ഓസ്‌ട്രേലിയ. പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, അലക്‌സ് ക്യാരി, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ പേരുകളാണ് നായക സ്ഥാനത്തേക്ക് ഉയർന്നിരുന്നത്.

എന്നാൽ താരങ്ങൾ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്ന് ക്യാപ്റ്റൻസിയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ടായിരുന്നില്ല.

ലോകകപ്പിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ ഏകദിന മത്സരങ്ങളുടെ ക്യാപ്റ്റൻസി സ്ഥാനം ഏൽക്കാൻ സാധിക്കില്ലെന്നും ഫിറ്റ്നെസും ബാറ്റിങ്ങും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും മിച്ചൽ മാർഷ് ആദ്യമേ തുറന്നു പറഞ്ഞിരുന്നു.

അതേസമയം 2018ലെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നായകസ്ഥാനത്ത് നിന്ന് ആജീവാനന്ത വിലക്കേർപ്പെടുത്തിയ ഡേവിഡ് വാർണറെ കുറിച്ചും ജോർജ് ബെയ്‌ലിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ആലോചന നടത്തിയിരുന്നു.

താരത്തിന്റെ വിലക്ക് ഉടൻ നീക്കുമെന്നും നായകനായി തുടരാനാകുമെന്നുമാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

എന്നാൽ നിലവിൽ ടെസ്റ്റ് ക്യാപ്റ്റൻ കൂടിയായ പാറ്റ് കമ്മിൻസിന് തന്നെ ഏകദിന ടീമിന്റെ ചുമതലയും നൽകുമെന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിലെ താരത്തിന്റെ മികവും മുൻ സീസണുകളിലെ പ്രകടനവും വിലയിരുത്തിയാണ് കമ്മിൻസിനെ തന്നെ തെരഞ്ഞെടുക്കാൻ കമ്മിറ്റി തീരുമാനിച്ചത്.

തന്നെ സംബന്ധിച്ച് ഇതൊരു വലിയ ബഹുമതിയാണെന്നും ഈ സന്ദർഭത്തിൽ ആരോൺ ഫിഞ്ചിന് നന്ദി പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കമ്മിൻസ് പറഞ്ഞു.

ഫിഞ്ച് ഞങ്ങളുടെ സ്‌ക്വാഡിന് മികച്ച നേതൃത്വമാണ് നൽകിയതെന്നും അതിൽ നിന്ന് പാടവമുൾക്കൊണ്ട് മത്സരവമായി മുന്നോട്ടു പോകാനാണ് ആഗ്രമെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.

വാർണറുടെ വിലക്ക് നീക്കുന്ന കാര്യത്തിൽ ഇപ്പോൾ കൂടുതൽ പറയാനാകില്ലെന്നാണ് ബെയ്‌ലി പറഞ്ഞത്. കാര്യങ്ങൾ നിയമപരമായി തന്നെ നടക്കുമെന്നും മത്സരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം പറയാൻ ഇപ്പോൾ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ഏകദിന ക്യപ്റ്റനെന്ന നിലയിൽ കമ്മിൻസിന് വലിയ വെല്ലുവിളിയായി മുന്നിലുള്ളത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ പേസ് ബൗളറാണ് കമ്മിൻസ്.

Content Highlights: Finally australian cricket team got a captain for ODI