ഊട്ടി: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.
കൂനൂരിലെ വിനോദസഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇതെന്നാണ് നിഗമനം. തമിഴ് മാധ്യമങ്ങളാണ് വീഡിയോ പുറത്തുവിട്ടത്. ഹെലികോപ്റ്റര്‍ കടന്നുപോയതിന് പിന്നാലെ വലിയൊരു ശബ്ദം കേള്‍ക്കുകയും എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം.
മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത്. അതേസമയം ദൃശ്യത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യോമസേനാവൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ഇന്നലെ 12.20 ഓടെയാണ് അപകടമുണ്ടാകുന്നത്. അതിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍ എന്നാണ് അറിയുന്നത്. ഹെലികോപ്റ്റര്‍ വെല്ലിങ്ടണ്‍ സേനാ താവളത്തിലേക്ക് പോയ ശേഷം അവിടെ ഇറക്കാനാവാതെ മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.
ചെങ്കുത്തായ മലനിരകളുടെ ഒരു ഭാഗം പാറക്കെട്ടാണ്. പാറക്കെട്ടിന്റെ ഇടയിലൂടെയുള്ള വഴിയാണ് വ്യോമപാതയായി കണക്കാക്കുന്നത്. ഈ ദൃശ്യങ്ങളുടെ ആധികാരികത ശരിയാണെങ്കില്‍ അപകടം നടക്കുന്നതിന് തൊട്ടടുത്തുള്ള പ്രദേശത്ത് വെച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. അതിന് തൊട്ടടുത്ത നിമിഷം തന്നെയായിരിക്കാം അപകടമുണ്ടായത്.
അപകടം സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തെളിവാണ് ഈ വീഡിയോ എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം, എല്ലാ കാര്യങ്ങളും വ്യോമസേനയുടെ അന്വേഷണ സംഘം പരിശോധിക്കും. ഇന്ന് രാവിലെ തന്നെ ചീഫ് എയര്‍മാര്‍ഷല്‍ ചൗധരിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്
അതേസമയം, ഹെലികോപ്റ്ററില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്ന് എ.ടി.സി അറിയിച്ചിട്ടുണ്ട്. വെല്ലിങ്ടണ്‍ എ.ടി.സിയുമായി സമ്പര്‍ക്കത്തിലാണ് എന്നായിരുന്നു അവസാന സന്ദേശമെന്നും എ.ടി.സി പറഞ്ഞു.
വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തത്. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന.
അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബിപിന്‍ റാവത്ത് തന്റെ പേര് പറഞ്ഞതായും ഹിന്ദിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്‍.സി. മുരളി പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ബിപിന്‍ റാവത്ത് മരിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തായിരുന്നു ഒരാള്‍. ഞങ്ങള്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു- രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്ന മുരളി വ്യക്തമാക്കി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ