| Wednesday, 8th December 2021, 8:05 am

കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ച ബുധനാഴ്ചയെന്ന് കര്‍ഷക സംഘടനകള്‍. ഇന്ന്  നടക്കുന്ന ചര്‍ച്ചയിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം  ഉണ്ടാവുക.

കര്‍ഷകസമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍ലിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ ഈ ആവശ്യം ഉന്നയിച്ചത്.

എന്നാല്‍ സമരം പിന്‍വലിച്ചാല്‍ മാത്രം കേസുകള്‍ പിന്‍വലിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച അറിയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

‘സമരങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് കേസുകള്‍ പിന്‍വലിക്കും എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാന്‍ രാജ്യത്ത് എല്ലാ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശം നല്‍കുന്നതാണ് എന്നും അവര്‍ പറഞ്ഞു,’ കര്‍ഷകനേതാവ് കൃഷ്ണപ്രസാദ് വ്യക്തമാക്കി.

കര്‍ഷകസമരത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കൊമെന്ന് ഉത്തര്‍പ്രദേശ് ഹരിയാന സര്‍ക്കാരുകള്‍ ഫലത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും കൃഷ്ണപ്രസാദ് അറിയിച്ചു. പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വിളയുടെ താങ്ങുവില നിശ്ചയിക്കുന്ന സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും ഇന്ന് നടന്ന ചര്‍ച്ചയില്‍ അറിയിച്ചു.

എന്നാല്‍ ലംഖിപൂര്‍ ഖേരി കേസിനെ കുറിച്ചോ മന്ത്രിയുടെ രാജിയെ കുറിച്ചുള്ള യാതൊരു ചര്‍ച്ചയും ഇന്ന് ഉണ്ടായിട്ടെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

ചൊവ്വാഴ്ച  നടന്ന ചര്‍ച്ചയില്‍ നിന്നും തീരുമാനങ്ങള്‍ ഏടുക്കേണ്ടതില്ലെന്നും, കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതിനാല്‍ അന്തിമ ചര്‍ച്ച നാളെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന സമരങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ഷകസംഘടനകള്‍ തയ്യാറാണെന്നും, എന്നാല്‍ സമരം പൂര്‍ണമായി പിന്‍വലിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകസംഘടനകളുമായോ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകപ്രതിനിധികളുമായോ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Final decision to withdraw farmer protest,  says farmers union

We use cookies to give you the best possible experience. Learn more