ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വ്യക്തതയില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക. അശോക് ഗെലോട്ട് മത്സരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ദിഗ്‌വിജയ് സിങ് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
വ്യാഴാഴ്ച വൈകീട്ടോടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സംഘടനാപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി ബുധനാഴ്ച എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങളും അഭിപ്രായങ്ങളും സ്ഥാനാര്‍ത്ഥിയെ വ്യക്തമാക്കുന്ന വേളയില്‍ പറയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രഷറര്‍ പവന്‍ കുമാര്‍ ബന്‍സാലുമായും ആന്റണി ചര്‍ച്ച നടത്തിയിരുന്നു.
താന്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എ.കെ. ആന്റണിയുടെ മറുപടി. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗെലോട്ടിന്റെ മത്സരസാധ്യതയെ കുറിച്ച് സോണിയ ഗാന്ധിയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ദിഗ്‌വിജയ് സിങ്ങിന്റെ നാമനിര്‍ദേശത്തില്‍ അന്തിമതീരുമാനമുണ്ടാകുക.
നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രതികരിച്ചിട്ടില്ല.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കായി ഗെലോട്ട് ഇന്ന് ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം മുതിര്‍ന്ന എം.പി രാജീവ് ശുക്ലയുടെ വസതിയില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Final decision on congress president election will be out today, gehlot to meet sonia gandhi in Delhi