ഒറ്റ മത്സരത്തില്‍ പറന്നത് 16 സിക്‌സര്‍, വെറും ഒരു സിക്‌സര്‍ കൂടി അടിച്ചിരുന്നേല്‍...
Sports News
ഒറ്റ മത്സരത്തില്‍ പറന്നത് 16 സിക്‌സര്‍, വെറും ഒരു സിക്‌സര്‍ കൂടി അടിച്ചിരുന്നേല്‍...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 3:02 pm

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട് സന്ദര്‍ശകര്‍ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓവലില്‍ നടന്ന മത്സരത്തില്‍ 45 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തില്‍ സ്‌കോര്‍ ബോര്‍ഡില്‍ 224 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 179 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

62 പന്തില്‍ 137 റണ്‍സ് നേടിയ ഫിന്‍ അലനാണ് കിവീസിനെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഓപ്പണിങ് ഇറങ്ങി അഞ്ച് ഫോറും 16 സിക്‌സറും പറത്തിയാണ് ഫിന്‍ അലന്‍ പാക് ബൗളിങ് യൂണിറ്റിനെ കടന്നാക്രമിച്ചത്. 220.97 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

പാകിസ്ഥാനെതിരെ സിക്‌സറുകളുടെ പെരുമഴ പെയ്യിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഫിന്‍ അലനെ തേടിയെത്തിയത്. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡാണ് ഫിന്‍ അലന്‍ സ്വന്തമാക്കിയത്. അഫ്ഗാന്‍ സൂപ്പര്‍ താരം ഹസ്രത്തുള്ള സസായ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് അലന്‍.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ പറത്തിയ താരം

(താരം – ടീം – എതിരാളികള്‍ – സിക്‌സകര്‍ – നേടിയ റണ്‍സ് എന്നീ ക്രമത്തില്‍)

ഹസ്രത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 16 – 162

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 16 – 137

സീഷന്‍ കുകിഖേല്‍ – ഹംഗറി – ഓസ്ട്രിയ – 15 – 137

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 14 – 156

ജോര്‍ജ് മുന്‍സി – സ്‌കോട്‌ലാന്‍ഡ് – നെതര്‍ലന്‍ഡ്‌സ് – 14 – 127

റിച്ചാര്‍ഡ് ലെവി – സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് – 13 – 117

ഇതിന് പുറമെ ഒരു ടി-20 മാച്ചില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ഈ 16 സിക്‌സറുകള്‍ ഫിന്‍ അലനെ സഹായിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ രാജകുമാരന്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്ന്, രണ്ട് സ്ഥാനത്തുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം

(താരം – ടീം – എതിരാളികള്‍ – സിക്‌സകര്‍ – നേടിയ റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ (ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്) – രംഗ്പൂര്‍ റൈഡേഴ്‌സ് – ധാക്ക ഡൈനാമിറ്റ്‌സ് – 18 – 146*

ക്രിസ് ഗെയ്ല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 17 – 175*

പുനീത് ബിഷ്ത് (സയ്യിദ് മുഷ്താഖ് അലി ട്രോഫി, പ്ലേറ്റ് ഗ്രൂപ്പ്) – മേഘാലയ – മിസോറാം – 17 – 146*

ഗ്രഹാം നേപ്പിയര്‍ (കൗണ്ടി ടി-20 കപ്പ്) – എസെക്‌സ് – സസക്‌സ് – 16 – 152*

ദാസുന്‍ ഷണക (എ.ഐ.എ പ്രീമിയര്‍ ടി-20 ടൂര്‍ണമെന്റ്) – സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് – സരസീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് – 16 – 123

ഹസ്രത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 16 – 162

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 16 – 137

 

അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇതേ രീതിയില്‍ ജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ബ്ലാക് ക്യാപ്‌സ് ഒരുങ്ങുന്നത്.

ജനുവരി 19നാണ് പരമ്പരയിലെ നാലാം മത്സരം. ഹെഗ്‌ലി ഓവലാണ് വേദി.

 

Content Highlight: Fin Allen scored most sixes in single T20 innings