ഫോറിന്റെ മൂന്നിരട്ടിയിലധികം സിക്‌സര്‍; ട്രിപ്പിള്‍ റെക്കോഡ്, ലോകകപ്പില്‍ ഇന്ത്യയടക്കം 19 ടീമിനും ഇവന്‍ ഭീഷണി
Sports News
ഫോറിന്റെ മൂന്നിരട്ടിയിലധികം സിക്‌സര്‍; ട്രിപ്പിള്‍ റെക്കോഡ്, ലോകകപ്പില്‍ ഇന്ത്യയടക്കം 19 ടീമിനും ഇവന്‍ ഭീഷണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 6:15 pm

 

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട സന്ദര്‍ശകര്‍ പരമ്പര അടിയറ വെച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കിവികള്‍ 3-0ന് മുമ്പിലാണ്.

കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഓവലില്‍ നടന്ന മത്സരത്തില്‍ 45 റണ്‍സിനായിരുന്നു ബ്ലാക് ക്യാപ്‌സിന്റെ വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 225 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

 

ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലനാണ് പാക് ബൗളിങ് നിരയെ അടിച്ചുകൂട്ടിയത്. 62 പന്ത് നേരിട്ട അലന്‍ 137 റണ്‍സ് നേടിയത്. അഞ്ച് ഫോറും 16 സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 220.97 എന്ന തട്ടുപൊളിപ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് അലന്‍ പാക് ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ചത്.

18ാം ഓവറിന്റെ രണ്ടാം പന്തില്‍ സമാന്‍ ഖാന് വിക്കറ്റ് നല്‍കിയാണ് അലന്‍ പുറത്തായത്. 150 എന്ന മാജിക്കല്‍ നമ്പറിലെത്താന്‍ സാധിച്ചില്ലെങ്കിലും പല റെക്കോഡുകളും സ്വന്തമാക്കാന്‍ അലന് സാധിച്ചു.

ടി-20 ഫോര്‍മാറ്റില്‍ ന്യൂസിലാന്‍ഡിനായി ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. ഇതിന് മുമ്പ് 2012ല്‍ ബ്രണ്ടന്‍ മക്കെല്ലം ബംഗ്ലാദേശിനെതിരെ നേടിയ 123 റണ്‍സായിരുന്നു പട്ടികയില്‍ ഒന്നാമതുണ്ടായിരുന്നത്.

 

ഒരു അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന നേട്ടവും ഫിന്‍ അലന്‍ നേടി. അഫ്ഗാന്‍ സൂപ്പര്‍ താരം ഹസ്രത്തുള്ള സസായ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഫിന്‍ അലന്‍. 2019ല്‍ അയര്‍ലന്‍ഡിനെതിരെയാണ് സസായ് 16 സിക്‌സര്‍ നേടിയത്.

 

ടി-20 ഫോര്‍മാറ്റില്‍ 1,000 റണ്‍സ് എന്ന വ്യക്തിഗത കരിയര്‍ മൈല്‍ സ്‌റ്റോണും ഈ മത്സരത്തില്‍ ഫിന്‍ അലന്‍ സ്വന്തമാക്കി. 38 ഇന്നിങ്‌സില്‍ നിന്നും 26.97 എന്ന ശരാശരിയിലും 165.05 എന്ന സ്‌ട്രൈക്ക് റേറ്റിലും 1,025 റണ്‍സാണ് ഫിന്‍ അലന്‍ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന പത്താമത് മാത്രം താരമാണ് ഫിന്‍ അലന്‍.

മാര്‍ട്ടിന്‍ ഗപ്ടില്‍, കെയ്ന്‍ വില്യംസണ്‍, ബ്രണ്ടന്‍ മക്കെല്ലം, റോസ് ടെയ്‌ലര്‍, കോളിന്‍ മണ്‍റോ, ഗ്ലെന്‍ ഫിലിപ്‌സ്, ഡെവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, ടിം സീഫെര്‍ട്ട് എന്നിവരാണ് ഇതിന് മുമ്പ് ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ കിവീസ് താരങ്ങള്‍.

 

പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം ഫിന്‍ അലന്‍ പുറത്തെടുക്കുന്നത്. സെഡണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 41 പന്ത് നേരിട്ട് 74 റണ്‍സ് നേടിയ അലന്‍, ഈഡന്‍ പാര്‍ക്കിലെ ആദ്യ മത്സരത്തില്‍ 15 പന്തില്‍ 34 റണ്‍സും നേടി.

ലോകകപ്പ് ഇയറില്‍ ഫിന്‍ അലന്റെ പ്രകടനം ന്യൂസിലാന്‍ഡിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. മറ്റ് ടീമുകള്‍ക്ക് അലന്റെ ഫോം ഭീഷണിയാകുമെന്നുറപ്പാണ്.

 

Content Highlight: Fin Allen creates 3 records in 3r T20 against Pakistan