നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റോഷാക്കില്‍ മമ്മൂട്ടിക്കൊപ്പം കയ്യടി ഉയരുന്ന താരമാണ് ബിന്ദു പണിക്കര്‍. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇത്രയും ശക്തമായ കഥാപാത്രമായ കഥാപാത്രത്തെ ബിന്ദു പണിക്കര്‍ക്ക് ലഭിക്കുന്നത്. ഫസ്റ്റ് ഹാഫില്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് മമ്മൂട്ടിയായിരുന്നെങ്കില്‍ സെക്കന്റ് ഹാഫില്‍ അദ്ദേഹത്തിനൊപ്പം സിനിമയെ നയിക്കുന്നത് ബിന്ദുവാണ്.
ഒരു ഘട്ടത്തില്‍ മമ്മൂട്ടിയെ വെല്ലുന്ന അല്ലെങ്കില്‍ അദ്ദേഹത്തെ സൈഡാക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. തിയേറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ തറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് റോഷാക്കിലെ സീത.
ബിന്ദു പണിക്കര്‍ എന്ന് കേള്‍ക്കുമ്പോഴേ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ മൊമ്പൈലും പിടിച്ചുനടക്കുന്ന ഇന്ദുമതിയേയും സൂപ്പര്‍ മാനിലെ സ്വര്‍ണ ലതയേയും ആണ് നമുക്ക് ഓര്‍മ വരിക. കാരണം കോമഡി റോളുകളിലേക്ക് മാത്രം കാറ്റഗറൈസ് ചെയ്യപ്പെട്ട നടിയായിരുന്നു അവര്‍. ഇമിറ്റേറ്റ് ചെയ്യുന്ന മിമിക്രിക്കാര്‍ എപ്പോഴും ബിന്ദു പണിക്കരുടെ പത്താം ക്ലാസില്‍ തോറ്റ ഡയലോഗാണ് സ്ഥിരം കാച്ചുന്നത്.
കോമഡി റോളുകള്‍ക്കും പുറത്തും തിളങ്ങിയിരുന്ന ബിന്ദു പണിക്കര്‍ ചര്‍ച്ചയാവുന്നത് റോഷാക്ക് റിലീസിന് പിന്നാലെയാണ്. നായകനൊപ്പം സിനിമയെ നയിച്ച, അല്ലെങ്കില്‍ നായകന്മാരെ സൈഡാക്കിയ ബിന്ദു പണിക്കരുടെ ചില കഥാപാത്രങ്ങള്‍ നോക്കാം.
1992ല്‍ കമലദളത്തിലൂടെ സിനിമയിലെത്തിയ ബിന്ദു പണിക്കര്‍ സിനിമാ ജീവിതത്തില്‍ 30 വര്‍ഷം പിന്നിട്ടു. ഇതിനിടക്ക് അവര്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് സല്ലാപത്തിലാണ്. ചിത്രത്തിലെ പത്മിനി ബിന്ദുവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഭര്‍ത്താവിന്റെ ദുസ്വഭാവം മൂലം അനിയത്തിയെ പോലെ കണ്ട രാധയെ വീട്ടില്‍ നിന്നും പറഞ്ഞുവിടേണ്ടിവരുന്ന പത്മിനിയുടെ നിസഹായവസ്ഥ പ്രേക്ഷകരേയും അസ്വസ്ഥരാക്കി.
ജയറാം നായകനായ സൂപ്പര്‍ മാന്‍ എന്ന ചിത്രത്തില്‍ വളരെ കുറച്ച് സമയമാണ് ബിന്ദു പണിക്കര്‍ എത്തുന്നത്. ജയറാമിനൊപ്പമുള്ള കോടതി രംഗങ്ങളിലെ ഷോ സ്റ്റീലര്‍ ബിന്ദു പണിക്കരാണെന്ന് പറയാം. റിപ്പീറ്റ് വാല്യു ഉള്ള സൂപ്പര്‍ മാനില്‍ ഇപ്പോഴും പ്രേക്ഷകര്‍ ഏറെ രസിച്ച് കാണുന്ന രംഗങ്ങളിലൊന്ന് ബിന്ദു പണിക്കരുടെ കോടതി വിസ്താരം.
ജഗതി, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി ലളിത എന്നിവര്‍ക്കൊപ്പം ബിന്ദു പണിക്കര്‍ കോമഡിയില്‍ മത്സരിച്ച ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. ചില രംഗങ്ങളില്‍ ഈ ലെജന്‍ഡ്‌സിനെ കടത്തിവെട്ടാനും ബിന്ദുവിന് കഴിഞ്ഞു. ചിലരുടെയെങ്കിലും ഫേവറൈറ്റ് പെയറായിരിക്കും ജഗതിയും ബിന്ദു പണിക്കരും. അതിന് കാരണം ജഗതിക്കൊപ്പം കട്ടക്ക് നില്‍ക്കുന്ന അവരുടെ കോമഡി ടൈമിങ്ങ് തന്നെയാണ്.
ജോക്കറിലെ സുശീലയെ ആര്‍ക്കാണ് മറക്കാനാവുക. കഴുത്തിന് താഴേക്ക് തളര്‍ന്ന ഭര്‍ത്താവിനേയും കൂട്ടി സര്‍ക്കസ് കൂടാരം വിട്ട് പോകുന്ന സുശീല ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് എന്നും ഒരു നോവാണ്. സര്‍ക്കസ് കൂടാരങ്ങളിലെ നിറമുള്ള കാഴ്ചകള്‍ക്കപ്പുറമുള്ള കലാകാരന്മാരുടെ ദുരിതവും നിസഹായവസ്ഥയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ബിന്ദു പണിക്കര്‍ക്ക് കഴിഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ബിന്ദു പണിക്കര്‍ ഞെട്ടിച്ചത് സൂത്രധാരനിലെ ദേവൂമ്മയിലൂടെയാണ്. നായകനും മുകളില്‍ സിനിമയെ നിയിച്ചത് ബിന്ദു പണിക്കരുടെ ദേവൂമ്മയായിരുന്നു. ഒരേ സമയം ബിന്ദു പണിക്കരുടെ ക്രൗര്യ ഭാവവും അതിനുള്ളിലെ വാത്സല്യവും കണ്ട് പ്രേക്ഷകര്‍ അമ്പരന്നിരിക്കണം. വില്ലത്തിയാണോ നായികയാണോ എന്നൊക്കെ നമുക്ക് സംശയം വരുന്ന പല ലെയറുകളുള്ള കഥാപാത്രമാണ് ദേവൂമ്മയുടേത്. സൂത്രധാരനിലെ പ്രകടനത്തിന് 2004ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബിന്ദു പണിക്കര്‍ക്ക് ലഭിച്ചിരുന്നു.
അടുത്ത കാലത്ത് വന്ന വരയനിലും ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചത്. പൊലീസുകാരനെ വരെ വെല്ലുവിളിക്കുന്ന റൗഡിയായ ഇറച്ചിവെട്ടുകാരിയായിട്ടാണ് ബിന്ദു വരയനിലെത്തിയത്.
നായക നടന്മാരൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് സ്ഥിരം ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ കൊടുക്കുന്നത് മലയാള സിനിമയുടെ ഒരു പതിവായിരുന്നു. തിലകനേയും കെ.പി.എ.സി ലളിതയേയും പോലുള്ള അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് അതില്‍ നിന്നും മോചനം ലഭിച്ചിട്ടുള്ളത്.
എന്നാല്‍ അടുത്തിടെ ഈ പാറ്റേണിന് മാറ്റം വന്നിരുന്നു. കോമഡി മാത്രം ചെയ്തുകൊണ്ടിരുന്ന ഇന്ദ്രന്‍സിനും വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഷമ്മി തിലകനും അടുത്ത കാലത്ത് ചെയ്ത ചില വേഷങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇത്തരത്തില്‍ കുടുങ്ങിക്കിടന്ന ബോക്‌സില്‍ നിന്നും നിസാം ബഷീര്‍ പുറത്തെടുത്തപ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടിയത് ബിന്ദു പണിക്കരുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്ന് എന്ന് പറയാവുന്ന കഥാപാത്രമാണ്. അഭിനയ ജീവിതത്തിന്റെ മുപ്പതാം വര്‍ഷം ബിന്ദു പണിക്കര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു ട്രിബ്യൂട്ട് തന്നെയാണ് റോഷാക്ക്.
Content Highlight: Films where Bindu Panicker has upper handed the heroes