| Monday, 1st November 2021, 3:35 pm

പ്രതിഷേധത്തിന്റെ പേരില്‍ ഗുണ്ടാ എന്ന് കെ. സുധാകരന്‍ വിളിച്ചത് അംഗീകരിക്കാനാകില്ല; ജോജുവിന് പിന്തുണയുമായി സിനിമ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജുവിന് പിന്തുണയുമായി സിനിമ പ്രവത്തകര്‍. കെ.പി.സി..സി. പ്രസിഡന്റ് കെ. സുധാകരന്‍ ജോജുവിനെ ഗുണ്ടാ എന്ന് വിളിച്ചത് ശരിയായില്ലെന്ന് ഫെഫ്ക്കയുടെ അധ്യക്ഷന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജോജുവിനെ ഇങ്ങനെ ആക്രമിച്ചത് ശരിയായില്ലെന്നും ജോജു പൊതുജനത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജോജു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ അരികിലുണ്ടായ കീമോ രോഗിയുടെ ബുദ്ധിമുട്ടാണ്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ വൈകാരികതയുടെ തലം ഉണ്ടാകുന്നതും അവിടെ വാക്കേറ്റമുണ്ടാകുന്നതും സ്വാഭാവികമാണ്.

ഇതിന്റെ പേരില്‍ ഗുണ്ടാ എന്ന് കെ.പി.സി..സി. പ്രസിഡന്റ് വിളിച്ചതിനും അദ്ദേഹത്തിന്റൈ വാഹനം തല്ലി തകര്‍ത്തതിനും സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്ന് സംവിധായകന്‍ പത്മകുമാര്‍ ചോദിച്ചു. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ജോജു ജോര്‍ജ് ക്രിമിനലാണെന്നും തറഗുണ്ടയാണെന്നും സുധാകരന്‍ അധിക്ഷേപിച്ചിരുന്നു. ജോജുവിന്റെ വാഹനം തകര്‍ത്തതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം. സമരക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അല്ലെങ്കില്‍ എത്രയോ വാഹനങ്ങള്‍ അവിടെ നിന്നിട്ടില്ലേ.

മറ്റേതെങ്കിലും വാഹനത്തിന്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകര്‍ത്തെങ്കില്‍ അതൊരു ജനരോഷത്തിന്റെ ഭാഗമല്ലേ, സ്വാഭാവികമല്ലേ, അതിലെന്തിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.

മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Filmmakers support actor Jojo in the aftermath of the Congress’ roadblock

We use cookies to give you the best possible experience. Learn more