| Sunday, 15th March 2020, 9:04 pm

കൊറോണക്കാലം സിനിമയാക്കാന്‍ മത്സരിച്ച് നിര്‍മ്മാതാക്കള്‍; ഒന്നിലധികം സിനിമകള്‍ രജിസ്റ്റര്‍ ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: കൊറോണ വൈറസിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലും കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ബോളിവുഡിലും കൊറോണയാണ് പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ അല്ലെന്ന് മാത്രം. കൊറോണക്കാലത്തിനെ സിനിമയാക്കുന്നതിനുള്ള തിരക്കിലാണ് ബോളിവുഡ്.

ചിത്രം രജിസ്റ്റര്‍ ചെയ്യുന്നതിനും ആദ്യം വെള്ളിത്തിരയില്‍ എത്തിക്കുന്നതിനുമുള്ള നിര്‍മ്മാതാക്കളുടെ മത്സരം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറോസ് ഇന്റര്‍നാഷണലാണ് കൊറോണ കാലം സിനിമയാക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘കൊറോണ പ്യാര്‍ ഹെ’ എന്ന പേരിലാണ് ചിത്രം രജിസ്റ്റര്‍ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

‘ഡെഡ്ലി കൊറോണ’ എന്ന പേരില്‍ മറ്റൊരു നിര്‍മ്മാതാവും ചിത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഇറോസ് ‘കൊറോണ’യെ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.

‘കൊറോണ പ്യാര്‍ ഹെ’ എന്ന ചിത്രത്തിനായുള്ള തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രണയ കഥയായാണ് ചിത്രം ഒരുക്കുകയെന്നുമാണ് ഇറോസ് ഇന്റര്‍നാഷണലിന്റെ എം.ഡിയും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ സുനില്‍ ലല്ലയുടെ ഭാര്യയും നിര്‍മ്മാതാവുമായ കൃഷിക ലല്ല പറഞ്ഞത്.

അതേസമയം കേരളത്തില്‍ കൊറോണയെ തുടര്‍ന്ന് സിനിമകളുടെ പ്രദര്‍ശനങ്ങളും ചിത്രീകരണങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്.

We use cookies to give you the best possible experience. Learn more