|

കഥ മോഷ്ടിച്ചെന്ന് പരാതി; സംവിധായകന്‍ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സംവിധായകന്‍ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ചെന്നൈ മജിസ്ട്രേറ്റ് കോടതി. സൂപ്പര്‍ ഹിറ്റ് ചിത്രമായ യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണ് കോടതിയുടെ നടപടി.

എഴുത്തുകാരന്‍ ആരുര്‍ തമിഴ്നാടനാണ് ഷങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ തുടര്‍ച്ചയായി ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് ഷങ്കറിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

2010 ലാണ് എഴുത്തുകാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. 1996 ല്‍ ഇനിയ ഉദയം മാഗസിനില്‍ താന്‍ എഴുതിയ ജുഗിബ എന്ന് പേരുള്ള കഥ ഷങ്കര്‍ മോഷ്ടിച്ചുവെന്നാണ് ആരുര്‍ തമിഴ്നാടന്റെ പരാതി.

തന്റെ ഈ കഥ 2007 ല്‍ ടിക് ടിക് ദീപിക എന്ന പേരില്‍ 2007 ല്‍ പ്രസിദ്ധീകരിച്ചെന്നും എന്നാല്‍ 2010 ല്‍ ഈ കഥ ഷങ്കര്‍ കോപ്പി അടിച്ച് സിനിമയെടുത്തുമെന്നുമാണ് ആരോപണം.

വഞ്ചന കുറ്റത്തിനും കോപ്പിറൈറ്റ് വയലേഷനും ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2010ലാണ് യന്തിരന്‍ സിനിമ പുറത്തിറങ്ങിയത്. രജനികാന്തും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

2017 മുതല്‍ കേസ് കേട്ടുകൊണ്ടിരുന്ന സെക്കന്‍ഡ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ജഡ്ജ് റോസിലന്‍ ധുരൈയാണ് നിലവില്‍ ഷങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.ഫെബ്രുവരി 19 ന് മുന്‍പായി സംവിധായകന്‍ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാവണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം 2019 ല്‍ ആരോപണങ്ങള്‍ നിരസിച്ചുകൊണ്ട് ശങ്കര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും കേസ് തള്ളാന്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: filmmaker Shankar get a Non-bailable warrant in Enthiran Movie plagiarism case