ഓഖി ബാധിതരെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കെതിരെ കേസ്: സംവിധായിക ദിവ്യ ഭാരതി നേരിടുന്നത് ദിവസേനയുള്ള ചോദ്യം ചെയ്യല്‍
National
ഓഖി ബാധിതരെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കെതിരെ കേസ്: സംവിധായിക ദിവ്യ ഭാരതി നേരിടുന്നത് ദിവസേനയുള്ള ചോദ്യം ചെയ്യല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th August 2018, 8:39 pm

ചെന്നൈ: തന്റെ പുതിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസുകളെത്തുടര്‍ന്ന് സംവിധായിക ദിവ്യ ഭാരതി നേരിടുന്നത് മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യല്‍. “ഒരുത്തരും വരല” എന്ന ഡോക്യുമെന്ററി ഓഖി ബാധിതരായ മത്സ്യത്തൊഴിലാളികളെക്കുറിച്ചാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ദിവ്യയ്‌ക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നതായും നേരത്തേ പരാതികളുണ്ടായിരുന്നു.

ഇതേ വിഷയത്തില്‍ ഡോക്യുമെന്ററിക്കെതിരെ ഗൂഡല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലാണ് ദിവ്യ ഇപ്പോള്‍ നടപടികള്‍ നേരിടുന്നത്. കേസില്‍ വ്യവസ്ഥകളോടെയുള്ള ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ള ദിവ്യ ഭാരതിയെ ദിവസേന രണ്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്യലിനു വിധേയയാക്കുന്നത്.

“ആഗസ്ത് മൂന്നാം തീയതിയാണ് ഞാന്‍ ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ജാമ്യമെടുക്കുന്നത്. സാധാരണ ഗതിയില്‍ ഈ സാഹചര്യത്തില്‍ ജാമ്യമുള്ളയാള്‍ക്ക് എല്ലാ ദിവസവും രാവിലെയെത്തി ഒപ്പിട്ടു മടങ്ങാവുന്നതാണ്. എന്നാല്‍ ആദ്യ ദിവസം തന്നെ എന്നെ രണ്ടു മണിക്കൂറോളമാണ് മസനഗുഡി ഇന്‍സ്‌പെക്ടര്‍ ചോദ്യം ചെയ്യലിനു വിധേയയാക്കിയത്. ഇന്നു വീണ്ടും അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു” ദിവ്യ ഭാരതി പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: മോദിയും യോഗിയും രാജ്യത്തെ നശിപ്പിക്കുന്നു; ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രചാരണത്തിനിറങ്ങുമെന്ന് കഫീല്‍ ഖാന്‍


തനിക്കെത്ര ബാങ്ക് അക്കൗണ്ടുകളുണ്ട്, ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ യൂട്യൂബിലിട്ടതിന്റെ ഉദ്ദേശമെന്താണ്, ഓഖി ബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലെത്താന്‍ കാരണമെന്താണ്, താന്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്നും ദിവ്യ ഭാരതി ന്യൂസ് മിനുട്ടിനോടു പറഞ്ഞു. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്ന വികലമാക്കപ്പെട്ട ദേശീയപതാകയെക്കുറിച്ചും പൊലീസ് ചോദ്യം ചെയ്യലില്‍ അരാഞ്ഞിരുന്നു.

തന്റെ ഡോക്യുമെന്ററിയുടെ റിലീസ് തടയാനുള്ള സ്‌റ്റേറ്റിന്റെ ശ്രമമാണിതെന്ന് ദിവ്യ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ചോദ്യം ചെയ്യലിന് ജാമ്യത്തിലുള്ള ഒരാളെ വിധേയയാക്കാന്‍ നിയമമില്ലെന്നും, ഗൂഡല്ലൂര്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ദിവ്യ പറയുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷം പൊലീസ് വീട്ടില്‍ കയറി വന്ന് ചോദ്യം ചെയ്യുന്നതും പരിചയമില്ലാത്ത ആളുകള്‍ പിന്തുടരുന്നതും തുടര്‍ക്കഥയായിരുന്നെന്ന് ദിവ്യ മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 28 നാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ഓഖി ബാധിതരെക്കുറിച്ചും, അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചുമാണ് ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്. നേരത്തേ, മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്നവരെക്കുറിച്ച് “കക്കൂസ്” എന്ന ഡോക്യുമെന്ററിയെടുത്ത് ശ്രദ്ധനേടിയിട്ടുള്ള സംവിധായികയാണ് ദിവ്യ ഭാരതി.