| Sunday, 16th September 2018, 10:09 pm

പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വീണ്ടെടുക്കാന്‍ സിനിമാ താരങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും. പൂര്‍ണമായും നശിച്ച കൈത്തറി വ്യവസായം പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായിരിക്കുകയാണ് സിനിമാ താരങ്ങളും.

ഇതിനായി “സേവ് ദ ലൂം” എന്നൊരു സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാര്‍വതി, പ്രിയ പി വാര്യര്‍, കാളിദാസ്,നസ്രിയ  തുടങ്ങിയവര്‍ ക്യാമ്പയിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂറും സേവ് ദ ലൂം ക്യാമ്പയിനില്‍ പങ്കെടുത്തു.


എല്ലാവരും പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ക്യാമ്പയിനില്‍ പങ്കാളികളായിരിക്കുന്നത്. ഈ ആശയം മുന്നോട്ടു വെച്ചിരിക്കുന്നത് ചലച്ചിത്ര താരവും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തും സംഘവുമാണ്.

ചേന്ദമംഗലത്തെ കൈത്തറി മേഖലകള്‍ സന്ദര്‍ശിച്ച ഇവര്‍ തൊഴിലാളികളുമായി സംസാരിച്ചു. പുതിയ ഡിസൈനുകളില്‍ വസ്ത്രം നെയ്‌തെടുക്കാന്‍ ഇവരെ പരിശീലിപ്പിക്കുകയാണ് ആദ്യപടി. അതിനായി ഇരുപത്തിയഞ്ച് ഡിസൈനര്‍മാര്‍ കേരളത്തിലെത്തും.


രാജ്യാന്തര തലത്തില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാക്കിയെടുക്കുക, അതുവഴി പ്രളയം തകര്‍ത്ത കൈത്തറിമേഖലക്ക് തിരിച്ചുവരവിന് വഴിയൊരുക്കുക എന്നതാണ് “സേവ് ദ ലൂ”മിന്റെ ലക്ഷ്യം.

We use cookies to give you the best possible experience. Learn more