| Sunday, 6th October 2024, 3:22 pm

മലയാള സിനിമയുടെ വിജയ ഫോർമുലയാവുന്ന ഈഗോ ക്ലാഷ്

നവ്‌നീത് എസ്.

നായകനും പ്രതിനായകനും തമ്മിലുള്ള ഈഗോ ക്ലാഷ് കാലങ്ങളായി വിവിധ ഭാഷകളിലെ സിനിമകളുടെ വിജയ ഫോർമുലയാണ്. മലയാള സിനിമയും വേണ്ടുവോളം പരീക്ഷിച്ചു വിജയിച്ചിട്ടുള്ള കഥാതന്തുവാണിത്.

ആരുടെ ഭാഗത്താണ് ശരിയെന്നും തെറ്റൊന്നും മനസിലാവാതെ കാണുന്ന പ്രേക്ഷകരെ പിടിച്ചു നിർത്തുന്ന സിനിമകളുമുണ്ട്. മത്സരബുദ്ധിയോടെ കാര്യങ്ങൾ നീക്കി ഒടുവിൽ നായകന്മാരിൽ ഒരാളുടെ വിജയം തീരുമാനിക്കപ്പെടുന്ന അത്തരം സിനിമകൾക്കും ആരാധകർ ഏറെയാണ്.

ആ കൂട്ടത്തിലേക്കുള്ള ഏറ്റവും ലേറ്റസ്റ്റ് എൻട്രിയാണ് തെക്കുവടക്ക്. ഒരാളോടുള്ള വാശി തീർക്കാൻ നമ്മൾ ഏതറ്റം വരെ പോകും? മരിച്ചാലും തീരാത്ത പക എന്നൊക്കെ കേട്ടിട്ടില്ലേ. കെ.എസ്.ഇ.ബി റിട്ടയേർഡ് ഉദ്യോഗസ്ഥനായ മാധവനും കുട്ടിക്കാലം മുതലുള്ള അയാളുടെ സുഹൃത്ത് ശങ്കുണ്ണിയും തമ്മിലുള്ള അത്തരമൊരു പകയുടെ ഈഗോ ക്ലാഷാണ് തെക്ക് വടക്ക് എന്ന ചിത്രം. വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇത്തരത്തിൽ മലയാളത്തിൽ ഈയിടെ ഇറങ്ങി വിജയമായി മാറിയ ചില ഈഗോ ക്ലാഷ് കഥകളുണ്ട്.

അയ്യപ്പനും കോശിയും

രണ്ടു നായകന്മാരുടെ പകയിൽ നിന്നുണ്ടാകുന്ന കഥ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് സച്ചിയുടെ അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരുടെ ഗംഭീര പ്രകടനം കണ്ട ചിത്രം വമ്പൻ വിജയമാവുന്നതിനൊപ്പം നിരവധി പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

അയ്യപ്പൻ നായർ എന്ന പൊലീസുകാരനും കോശിയെന്ന എക്സ് ആർമി ഉദ്യോഗസ്ഥനും തമ്മിലുള്ള പക കണ്ട് മലയാളികൾ കയ്യടിച്ചു. പിന്നീട് ചിത്രത്തിന്റെ തെലുങ്ക് റീമേക്കും പുറത്തിറങ്ങി.

ഡ്രൈവിംഗ് ലൈസൻസ്

സച്ചിയുടെ തന്നെ തിരക്കഥയിൽ ജീൻപോൾ ലാൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജും സുരാജും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തെറ്റിധാരണയിലൂടെ രണ്ടുപേർക്കിടയിൽ വാശിയുണ്ടാവുന്നതും അതിൽ വിജയിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതുമാണ് കാണിക്കുന്നത്.

ഒരു സൂപ്പർ സ്റ്റാറിന്റെ വേഷത്തിൽ പൃഥ്വിരാജ് എത്തിയ ചിത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അയ്യപ്പനും കോശിയും പോലെ, സെൽഫി എന്ന പേരിൽ ചിത്രം ബോളിവുഡിലും റീമേക്ക് ചെയ്യപ്പെട്ടു.

മഹേഷിന്റെ പ്രതികാരം

സിനിമയുടെ പേരിൽ തന്നെ പ്രതികാരം കൊണ്ടുവന്ന് ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം.

പൊതു സ്ഥലത്ത് വെച്ച് അപമാനിക്കപ്പെട്ട നായകൻ അതിന് പ്രതികാരം ചെയ്യാനായി നടക്കുന്നതും ഒടുവിൽ അവൻ വിജയിക്കുകയും ചെയ്യുന്ന സാധാരണ കഥയെ ദിലീഷ് പോത്തൻ തന്റെ സംവിധാന മികവിലൂടെ ക്ലാസാക്കി മാറ്റുകയായിരുന്നു. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം കണ്ട ചിത്രത്തിന് കഥ ഒരുക്കിയത് ശ്യാം പുഷ്ക്കരനായിരുന്നു.

തല്ലുമാല

തല്ലി നേടിയ വിജയമാണ് തല്ലുമാല എന്ന ചിത്രം. ഖാലിദ് റഹ്മാൻ എന്ന ഫിലിം മേക്കറിന്റെ ക്രാഫ്റ്റ് പതിഞ്ഞ ഒരു പക്ക എന്റർടൈനറാണ് ടൊവിനോ നായകനായ തല്ലുമാല.

കിട്ടിയ തല്ല് തിരിച്ച് കൊടുക്കാൻ നടക്കുന്ന നായകനും കൂട്ടരും ഒടുവിൽ അത് തല്ലി തന്നെ തീർക്കുന്നു. ഈഗോ ബിൾഡ് ചെയ്യുന്ന സീനുകൾ കൊണ്ട് സമ്പന്നമായ ചിത്രം ആക്ഷൻ രംഗങ്ങൾ കൊണ്ടും മേക്കിങ് മികവ് കൊണ്ടും മുന്നിട്ട് നിൽക്കുന്ന സിനിമയാണ്.

തലവൻ

സിനിമയുടെ പ്രധാന പ്ലോട്ട് നായകന്മാരുടെ ഈഗോ അല്ലെങ്കിൽ പോലും കഥയ്ക്ക് കാമ്പ് നൽകുന്നത് ആസിഫ് അലിയും ബിജു മേനോനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മത്സരബുദ്ധിയാണ്. ഫീൽ ഗുഡ് സിനിമകളിൽ നിന്ന് ജിസ് ജോയ് ട്രാക്ക് മാറ്റിയ ചിത്രം ഈ വർഷത്തെ വിജയ സിനിമകളിൽ ഒന്നായി മാറി.

ഇഷ്‌ക്

കാമുകിയുടെ മുന്നിൽ അപമാനിതനാവുന്ന നായകൻ അതിന് കാരണക്കാരനായ വില്ലനെ തേടിപിടിച്ച് പ്രതികാരം ചെയ്യുകയാണ്. ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം എന്നിവരുടെ തകർപ്പൻ പ്രകടനം കണ്ട ചിത്രം പിന്നീട് റീമേക്ക് ചെയ്യപ്പെട്ടു..

ഇത്തരത്തിൽ മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെയെല്ലാം സിനിമകൾ മനുഷ്യന്റെ ഈഗോയെ ആസ്പദമാക്കി കഥ പറഞ്ഞിട്ടുണ്ട്. ദേവാസുരം, കൗരവർ, ഛോട്ടാമുംബൈ തുടങ്ങി തിയേറ്ററിൽ വമ്പൻ വിജയം ആയിട്ടുള്ള സിനിമകളുടെയെല്ലാം പ്രധാന പ്ലോട്ട് ഈഗോ ക്ലാഷ് അല്ലെങ്കിലും കഥയുടെ കാതലായ ഒരു ഭാഗമായി അത് മാറുന്നുണ്ട്.

ലോകസിനിമയിലും ഇത് പ്രകടമാണ്. ഡേവിഡ് ഫിഞ്ചറിന്റെ ക്ലാസിക് ചിത്രമായ ഫൈറ്റ് ക്ലബ്ബ് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ചിത്രത്തിൽ നായകന്റെ തന്നെ രണ്ട് തലത്തിലുള്ള ഈഗോ ക്ലാഷാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

പുതിയ ചിത്രമായ തെക്ക് വടക്കിലേക്ക് വരുമ്പോൾ. കാർന്നോർമാരായി കാത്തുസൂക്ഷിക്കുന്ന കുടിപ്പകയുമായി മുന്നോട്ട് പോകുന്ന രണ്ടുപേർ. ഒന്നിച്ച് പഠിച്ച് കളിച്ച് വളർന്നവർ. ഇരുവരുടെയും സുഹൃത്തുക്കൾ അടക്കം ഒരേയാളുകൾ. പക്ഷെ തമ്മിൽ തമ്മിൽ ഒരു സംസാരം പോലുമില്ലാതെ മത്സര ബുദ്ധിയോടെയാണ് രണ്ടാളുകളും മുന്നോട്ട് പോവുന്നത്.

വിനായകൻ സുരാജ് എന്നീ അഭിനേതാക്കളുടെ മികച്ച പ്രകടനം കാണാൻ ആഗ്രഹിക്കുന്നവർക്ക് കാണാവുന്ന ഒരു വ്യത്യസ്ത സിനിമയാണ് തെക്ക് വടക്ക്.

Content Highlight: Film’s Based On Ego Clash In Malayalam Cinema

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more