അമ്മേ… അച്ഛന്റെ കുടി ഇല്ലായിരുന്നെങ്കില്‍ നമ്മളെ ജീവിതം വേറെ ഒന്നാകുമായിരുന്നെന്ന് തോന്നിയിരുന്നോ ?…. വെള്ളം കണ്ടിറങ്ങി പതിവില്ലാതെ അമ്മയെ വിളിച്ച് ആദ്യം ചോദിച്ചത് ഇതായിരുന്നു. നീണ്ട മൗനമായിരുന്നു മറുപടി, അതിലുണ്ടായിരുന്നു ഉത്തരം…..
—————————–
നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം ഒരു മലയാള ചിത്രം തിയേറ്ററുകളില്‍ ഇറങ്ങുക, അത് നിങ്ങളിലേക്ക് ഏറ്റവും ആഴത്തില്‍ ഇറങ്ങി ചെല്ലുക. വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത ഒരു അനുഭവമാണത്.
ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ വെള്ളം ഒരു സിനിമ എന്നതിനേക്കാള്‍ ഉപരിയായി വ്യക്തിപരമായി ഏറെ ഉള്ളില്‍ തട്ടിയ ഒന്നായി.
മുരളി നമ്പ്യാര്‍ എന്ന കണ്ണൂരുകാരനായി ജയസൂര്യ സ്‌ക്രീനില്‍ ജീവിക്കുകയായിരുന്നു. സിനിമയുടെ ആദ്യാവസാനങ്ങളില്‍ ജയസൂര്യ എന്ന താരത്തിനെ കാണാന്‍ കഴിയില്ല.
മികച്ച നടനാണ് ജയസൂര്യ എന്ന് പലപ്പോഴായി തെളിയിച്ചതാണ്. പുരസ്‌ക്കാര കമ്മറ്റികള്‍ക്ക് അത് അംഗീകരിക്കാന്‍ ഇടയ്ക്ക് മടിയാണെങ്കിലും ബ്യൂട്ടിഫുള്ളിലും അപ്പോത്തിക്കരിയിലും മേരിക്കുട്ടിയിലും ക്യാപ്റ്റനിലും ഒക്കെ അതിശയിപ്പിച്ച ജയസൂര്യയുടെ പുതിയ പകര്‍ന്നാട്ടം ഇന്ന് വരെയുള്ള അയാളുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്.
കുറച്ച് കാലത്തേക്ക് ഇനി ഇതായിരിക്കും ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്. പൂര്‍ണമായും ഉറപ്പുണ്ട് അയാള്‍, ഇതിനെയും ബ്രേക്ക് ചെയ്യും, പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ പുതിയ കഥാപാത്രവുമായി എത്തും.
നേരം വെളുത്താല്‍ കൈ വിറയ്ക്കുന്ന മുഴുകുടിയനായ, കുടിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മുരളിയുടെ ജീവിതത്തില്‍ ആരും അറിയാതെ ക്യാമറ വെച്ചപോലെയായിരുന്നു പലപ്പോഴും ജയസൂര്യയുടെ പ്രകടനം. സിനിമയുടെ തുടക്കത്തില്‍ രാവിലെ ഉറക്കം എഴുന്നേറ്റ് വന്ന് മദ്യമില്ലാത്തതിനാല്‍ കുടിച്ച് ഉപേക്ഷിച്ച മദ്യ കുപ്പിയില്‍ നിന്ന് ആഞ്ഞ് വലിച്ച് ഒരു തുള്ളി മദ്യത്തിനായി ശ്രമിക്കുന്ന മുരളിയുടെ ഒരു ഷോട്ട് ഉണ്ട്.
ഫോക്കസ് ഔട്ടില്‍ നിന്ന് പതിയെ ഫോക്കസ് ആയി മുരളിയുടെ അടുത്തേക്ക് എത്തി അയാള്‍ സര്‍വ്വ ജീവനും ഉപയോഗിച്ച് കുപ്പിയില്‍ നിന്ന് ആഞ്ഞ് വലിക്കുന്ന ആ സീനില്‍ തന്നെ മുരളി പ്രേക്ഷകര്‍ക്ക് രജിസ്റ്ററാവുന്നുണ്ട്.
നാട്ടുകാര്‍ക്ക് ഉപകാരിയാണെങ്കിലും വീട്ടുകാര്‍ക്ക് ദുരിതമാകുന്ന ഒരുപാട് മുരളിമാര്‍ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകരെ ആഞ്ഞ് കുത്തുന്നതാണ്.
മദ്യം കിട്ടാതെ ആശുപത്രിയിലെ ക്ലിനിക്കല്‍ സ്പിരിറ്റ് കുടിക്കാനായി ശ്രമിക്കുന്ന മുരളി അത് നിലത്ത് വീണ് പൊട്ടിയതിനെ തുടര്‍ന്ന നക്കി കുടിക്കുന്ന രംഗമുണ്ട്. അസാധ്യമായ പെര്‍ഫോമന്‍സാണ് ഈ രംഗങ്ങളില്‍ ജയസൂര്യ കാഴ്ച്ചവെച്ചിരിക്കുന്നത്.
കുടിയന്‍ എന്ന റോളില്‍ എത്തുമ്പോളും അതൊരിക്കലും കണ്ട് പരിചിതമായ ‘അയ്യപ്പ ബൈജു’ ലെവലിലേക്ക് ഒരിക്കല്‍ പോലും പോകുന്നില്ല. നായിക ആയി എത്തിയ സംയുക്ത മേനോനും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
സിനിമകളിലെ സ്ഥിരം കാഴ്ച്ചയായ കുടിയനായ ഭര്‍ത്താവിന്റെ ദുഖപുത്രിയായ ഭാര്യയായിട്ടല്ല സംയുക്തയുടെ സുനിത എത്തുന്നത്. മടുപ്പിന്റെ അവസാനം ഉണ്ടായി വരുന്ന വെറുപ്പ് അവരെ നിശ്ചയദാര്‍ഢ്യമുള്ള ഒരു സ്ത്രീയായി മാറ്റുകയാണ്. പലരംഗങ്ങളിലും ജയസൂര്യയോട് കട്ടയ്ക്ക് പിടിച്ചു നില്‍ക്കാന്‍ സംയുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ചെറുതും വലുതുമായ നിരവധി പേര്‍ ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. ക്യാപ്റ്റനില്‍ നിന്ന് വെള്ളത്തിലേക്ക് സംവിധായകന്‍ പ്രജേഷ് സെന്‍ എത്തുമ്പോള്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഷോട്ടുകളിലും സീനുകളിലും ഈ മാറ്റങ്ങള്‍ കാണാം. വെള്ളം ഒരിക്കലും ഒരു മദ്യ വിരുദ്ധ ചിത്രമല്ല, ജീവിതത്തില്‍ മദ്യാസക്തി എന്ന രോഗത്തിന് അടിമപ്പെടുന്നവരുടെയും മദ്യപാനി എന്നും മദ്യപാനിയായിരിക്കണമെന്ന് കരുതുന്ന ഒരോരുത്തരുടെയും തന്നെ ചിത്രമാണ്.
ചിത്രത്തിലെ ഒരു പ്രാര്‍ത്ഥനാഗാനമായ പുലരിയില്‍ അച്ഛനില്‍ ക്ലാസ് റൂമില്‍ നിന്ന് മുരളിയിലേക്കുള്ള ഷിഫ്റ്റിംഗ് ഒക്കെ മികച്ച രംഗങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരാള്‍ നടന്‍ സിദ്ധീഖ് ആണ്. തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും സിദ്ധീഖിന്റെ ഡോക്ടര്‍ കഥാപാത്രം പ്രേക്ഷകരില്‍ തങ്ങി നില്‍ക്കും.
ബിജിബാല്‍ ഒരുക്കിയ സംഗീതത്തിന് നിതീഷ് നടേരിയും ബി.കെ ഹരിനാരായണനുമാണ് വരികള്‍ എഴുതിയിരിക്കുന്നത്. കഥ നടക്കുന്ന രണ്ടായിരത്തിന്റെ രണ്ടാം പകുതിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ തന്നെയാണ് ഇതിലെ ഗാനങ്ങള്‍. മ്യൂസിക്ക് ബീറ്റിന്റെയോ ഉപകരണങ്ങളുടെയോ അതിപ്രസരം ഇല്ലാതെ മനോഹരമായ ഗാനങ്ങള്‍.
ചിത്രത്തിലെ ക്യാമറയും എഡിറ്റിംഗും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ക്യാപ്റ്റന്‍, ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത റോബി വര്‍ഗീസ് രാജാണ് വെള്ളത്തിന്റെയും ക്യാമറ. ചെങ്കല്‍ ക്വാറികളില്‍ നിന്നും മറ്റുമുള്ള ദൃശ്യങ്ങള്‍ അതി മനോഹരമായിരുന്നു. ചിത്രത്തില്‍ പലയിടത്തും സിംഗിള്‍ ഷോട്ടുകള്‍ വരുന്നുണ്ട്. ചായക്കടയിലെ റേഡിയോയില്‍ നിന്ന് പാട്ടുകേട്ട് പതിയ പുറത്തേക്ക് പോയി മരചുവട്ടില്‍ കിടക്കുന്ന ജയസൂര്യയിലേക്ക് പോകുന്ന ക്യാമറ സിനിമയിലെ ഫീല്‍ മൊത്തം തരുന്നുണ്ട്.
ഏച്ചുകൂട്ടല്‍ ഫീല്‍ ചെയ്യാതെ ബിജിത്ത് ബാല മനോഹരമായി ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മനോഹരമായ സിനിമയാക്കി മാറ്റിയിട്ടുണ്ട്. പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന ഹോളിവുഡ് ചിത്രത്തിന് സമാനമായി വെള്ളത്തിലെ അവസാന രംഗങ്ങളില്‍ ചില കല്ലുകടികള്‍ അനുഭവപ്പെട്ടെങ്കിലും മുരളി കുന്നുംപുറത്ത് എന്ന യഥര്‍ത്ഥ വ്യക്തിയുടെ ജീവിതം സിനിമയാക്കിയതിനാല്‍ ഒഴിവാക്കാന്‍ പറ്റാത്ത രംഗം കൂടിയാണത്.
വ്യക്തിപരമായി ഈ സിനിമയിലെ പലരംഗങ്ങളിലും എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും അറിയുന്നവരുടെയും ജീവിതമാണ് കാണാന്‍ കഴിഞ്ഞത്. മുരളി എന്ന മുഴുകുടിയനായി തിയേറ്റര്‍ സ്‌ക്രീനില്‍ ജയസൂര്യ നിറഞ്ഞാടുമ്പോഴും പലപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞത്് എന്റെ അച്ഛനെ തന്നെയായിരുന്നു.
പി.ടി.എ മീറ്റിംഗിന് എത്താത്ത രക്ഷിതാവിനെ നോക്കി സ്‌ക്കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന ആ കുട്ടി ഞാന്‍ തന്നെയാണ്. സിനിമ കണ്ടിറങ്ങിയപ്പോള്‍ സിദ്ധീഖിനെ പോലെ ഒരാള്‍ അച്ഛന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ജീവിതം കുറെ കൂടി മനോഹരമായിരുന്നേനെ എന്ന് തോന്നി പോയി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക