പ്രേമം സിനിമ കേരളത്തില്‍ ഉണ്ടാക്കിയ ഓളം ചില്ലറയല്ല. ആലുവ പുഴയും പരിസരവും യൂ.സി കേളെജും എല്ലാം പ്രേക്ഷകരിലേക്ക് നേരിട്ട് ഇറങ്ങി ചെല്ലുകയായിരുന്നു. നിവിന്‍ ഒഴിച്ച് അതേ ടീം തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയുണ്ടാക്കിയ ആവേശം ചില്ലറയൊന്നുമല്ല. ചിത്രത്തില്‍ നിവിന്‍ ഇല്ല എന്നതും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മാതാവായി അവതരിക്കുന്നു എന്നതുമായിരുന്നു മാറ്റം.
പ്രേമം ടീം വീണ്ടും ഒന്നിക്കുന്നെങ്കിലും അതില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ് തൊബാമ. പ്രേമം സിനിമ ജോര്‍ജിന്റെ മൂന്ന് പ്രേമത്തിനെ കുറിച്ചുള്ള കഥ പറഞ്ഞപ്പോള്‍ തൊബാമ മൂന്ന് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും അല്‍ഫോണ്‍സ് പുത്രനും ചേര്‍ന്നാണ് തൊബാമ നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ മൊഹ്സിന്‍ കാസിം ആണ് ചിത്രത്തിന്റെ സംവിധാനം. ഷറഫുദ്ദീന്‍, സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്സിനും ചേര്‍ന്നാണ്.
തൊമ്മി, ബാലു, മമ്മു എന്നീ മൂന്ന് സുഹൃത്തുക്കള്‍, സിനിമയുടെ തുടക്കത്തില്‍ പറയുമ്പോലെ വ്യത്യസ്ത സ്ഥലത്ത് വ്യത്യസ്ത ദിനങ്ങളില്‍ വ്യത്യസ്ത വിശ്വാസങ്ങളില്‍ ജനിച്ച മൂന്ന് പേര്‍ അവര്‍ പോലുമറിയാതെ സുഹൃത്തുക്കളായി മാറുകയായിരുന്നു. തുടക്കത്തില്‍ ഒരു തമാശ ചിത്രത്തിന്റെ മൂഡ് ചിത്രം തരുന്നുണ്ടെങ്കിലും പതിയെ ചിത്രം സീരിയസ് ട്രാക്കിലേക്ക് കടക്കുന്നുണ്ട്.
2006 ഡിസംബര്‍ 31 നാണ് ചിത്രത്തിന്റെ കഥയാരംഭിക്കുന്നത്. ഏത് വിധേയനയും കാശ് ഉണ്ടാക്കണമെന്നാഗ്രഹിക്കുന്ന ഒരാളാണ് തൊമ്മി, ബാലുവാകട്ടെ ഒരു എം.കോം വിദ്യാര്‍ത്ഥിയും മമ്മു തികഞ്ഞ അഭിനയ മോഹിയുമാണ്. അല്‍ഫോണ്‍സ് കഴിഞ്ഞ ദിവസം പറഞ്ഞപ്പോലെ ഏറെ പുതുമ അവകാശപ്പെടാനില്ലാത്ത കഥാ പശ്ചാത്തലമാണെങ്കിലും തീര്‍ത്തും റിയലസ്റ്റിക്ക് ആയിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.
മണിചെയിന്‍ ബിസിനിസ്, വ്യാജ സിദ്ധന്‍മാര്‍, ലോട്ടറി തട്ടിപ്പുകള്‍ തുടങ്ങി പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ നോക്കുന്ന എളുപ്പ വഴികളും ചെന്ന് ചാടുന്ന കുരുക്കുകളുമെല്ലാം രസകരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇടക്ക് ശബരീഷ് അവതരിപ്പിക്കുന്ന വിജയ് എന്ന കഥാപാത്രം ചില സീനുകളില്‍ മാത്രമാണ് ഉള്ളതെങ്കിലും നന്നായി ചെയ്തു.
ഒരുപാട് ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചിത്രത്തില്‍ കടന്ന് വരുന്നുണ്ട്. റാഫി മെക്കാര്‍ട്ടിന്‍ അവതരിപ്പിക്കുന്ന അച്ഛന്റെ കഥാപാത്രം ചിരിപരത്തുന്നതായിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രമായി എത്തിയ പുണ്യ എലിസബത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. പ്രേമത്തിന്റെ ഹാങ് ഓവറില്‍ പോയത് കൊണ്ടാവാം ചിത്രത്തിലെ ഗാനങ്ങള്‍ ഒന്നും തങ്ങി നിന്നില്ല. എന്നാല്‍ അതേസമയം പശ്ചാത്തല സംഗീതം മികച്ചു നിന്നു.
എടുത്ത് പറയേണ്ടത് സുനോജ് വേലായുധന്റെ ഛായാഗ്രഹണമാണ് ചിത്രത്തിലെ ഒരോ സീനുകളുടെയും മൂഡ് ഒരുക്കുന്നതില്‍ സുനോജിന്റെ ക്യാമറ വഹിച്ച പങ്ക് വലുതാണ്. ട്രിപ്പിംങ് ഗാനരംഗത്തിലെ ദൃശ്യങ്ങള്‍, മഴ, രാത്രി ദൃശ്യങ്ങള്‍ എല്ലാം മികച്ച് നിലവാരം പുലര്‍ത്തി. എന്നിരുന്നാലും രണ്ടാം പകുതിയില്‍ ഒരിത്തിരി വലിച്ചു നീട്ടുന്നതായി തോന്നി. പ്രധാന കഥാസന്ദര്‍ഭത്തിന് സമാന്തരമായി പ്രണയം കൂടി കടന്ന് വന്നതാണ് ഇതിന് കാരണമായത്.
2006-2007 വര്‍ഷത്തെ പുനരവതരിപ്പിക്കാന്‍ സമര്‍ത്ഥമായി സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പഴയ നോക്കിയ ഫോണുകള്‍, വാഹനങ്ങള്‍, ടി.വി പരിപാടികള്‍ തുടങ്ങി ചിത്രത്തിലെ വീടുകളില്‍ പോലും ഈ ബോധപൂര്‍വ്വമുള്ള പുനരവതരണം നടത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.
മമ്മുവായിട്ടുള്ള കൃഷ്ണചന്ദ്രന്‍ ചിരിയും അവസാനം ഒരിത്തിരി സങ്കടവും നല്‍കി. തൊമ്മിയായി ഷറഫുദ്ധീനും ബാലുവായി സിജു വില്‍സണും തങ്ങളുടെ റോള്‍ മികച്ചതാക്കി. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് തമാശയെക്കാള്‍ കുറച്ച് സീരിയസ് കഥാപാത്രങ്ങളായാണ് ഷറഫുദ്ധീനും സിജുവും എത്തുന്നത്.
രാജേഷ് ശര്‍മ്മയും ചിത്രത്തില്‍ തൊമ്മിയുടെ എളേപ്പനായി വന്ന വ്യക്തിയും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. പ്രേമത്തിന്റെ ഹാങ് ഓവറില്ലാതെ തിയേറ്ററുകളില്‍ ചെല്ലുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ് തൊബാമ എന്ന് നിസംശ്ശയം പറയാം.