| Sunday, 31st October 2021, 2:31 pm

Thinkalazhcha Nishchayam Review | 2021ലെ മികച്ച സിനിമകളിലൊന്നാണ് തിങ്കളാഴ്ച നിശ്ചയം

അന്ന കീർത്തി ജോർജ്

മനസ് തുറന്ന് ചിരിക്കാന്‍ പറ്റിയ, സ്വാഭാവികത കൊണ്ട് ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളുള്ള, നല്ല തിരക്കഥയും സംവിധാനവുമുള്ള മികച്ച ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. ഒന്നേ മുക്കാല്‍ മണിക്കൂറില്‍ ഒരു സെക്കന്റ് പോലും ബോറടിക്കാതെ കാണാന്‍ പറ്റിയ നല്ല ഫ്രഷ് ഫീല്‍ തന്ന സിനിമ.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള പുരസ്‌കാരം നേടിയ ചിത്രം, ഐ.എഫ്.എഫ്.കെയില്‍ വലിയ ചര്‍ച്ചയായ സിനിമ, ട്രെയ്ലര്‍ കണ്ടപ്പോള്‍ തോന്നിയ കൗതുകം – ഇക്കാരണങ്ങള്‍ കൊണ്ടാണ് സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത് സോണി ലിവില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘തിങ്കളാഴ്ച നിശ്ചയം’ കാണാനിരുന്നത്. പ്രതീക്ഷകളേക്കാള്‍ ഒരു പിടി മുകളിലായിരുന്നു ചിത്രം നല്‍കിയ സിനിമാനുഭവം.

വിജയേട്ടന്‍ എന്ന കുടുംബനാഥനും ഭാര്യ ലളിതയും മക്കളായ സുരഭി, സുജ, സുജിത്ത് എന്നിവരും സന്തോഷ് എന്ന മരുമകനും അടങ്ങുന്ന കുടുംബത്തില്‍ നടക്കുന്ന രണ്ട് ദിവസത്തെ കഥയാണ് സിനിമ. രണ്ടാമത്തെ മകളായ സുജയുടെ വിവാഹനിശ്ചയം നടക്കുന്നതാണ് കഥയുടെ പ്രധാന പശ്ചാത്തലം.


കാഞ്ഞങ്ങാട്ടെ ഒരു സാധാരണ കുടുംബത്തിന്റെ നാല് ചുവരുകള്‍ക്കുള്ളിലും അവരുടെ വീട്ടുമുറ്റത്തുമായി നടക്കുന്ന കഥയെ, ഏറ്റവും ലോക്കലായി അവതരിപ്പിച്ചുകൊണ്ട്, യൂണിവേഴ്സല്‍ അപ്പീലുണ്ടാക്കുന്നതില്‍ സംവിധായകന്‍ സെന്ന ഹെഗ്ഡേക്ക് കഴിയുന്നുണ്ട്. സിനിമയിലെ സംഭാഷണങ്ങളിലും, സാഹചര്യങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലും തുടങ്ങി ഓരോ കഥാസന്ദര്‍ഭത്തിലും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും വരെ നിറഞ്ഞുനില്‍ക്കുന്നത് കാഞ്ഞങ്ങാട് മാത്രമാണ്. മാത്രമല്ല, മലയാള സിനിമയ്ക്ക് വലിയ പരിചയമില്ലാത്ത കാഞ്ഞങ്ങാട് സ്ലാങ്ങ് ചിത്രത്തിന് ഒരു പ്രത്യേക ഭംഗിയും പുതുമയും നല്‍കുന്നുണ്ട്.

എന്നിട്ടും, ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഒരാള്‍ക്കും ഈ കഥയോടും കഥാപാത്രങ്ങളോടും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളോടും ഒരു അപരിചിതത്വവും തോന്നില്ല. കുടുംബങ്ങളെയും സമൂഹത്തെയും വളരെ അടുത്തുനിന്ന് നിരീക്ഷിച്ച്, ആഴത്തില്‍ പഠിച്ച്, കൃത്യമായ അളവില്‍ കാച്ചിക്കുറിക്കിയെടുത്താണ് സെന്ന ഹെഗ്ഡെയും ശ്രീരാജ് രവീന്ദ്രനും തിരക്കഥയൊരുക്കിയിരിക്കുന്നത്. അതിന്റെ ഭംഗി ചിത്രത്തിലുടനീളം കാണാം.

പുരുഷാധിപത്യവും ആണ്‍ അഹന്തയും അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍ പോലുമില്ലാത്ത കുടുംബങ്ങളുമെല്ലാം ചിത്രത്തില്‍ കടന്നുവരികയും വ്യക്തമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന കുടുംബം എന്ന വ്യവസ്ഥിതിയുടെ അകത്തളങ്ങള്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം സമ്മര്‍ദങ്ങളും രഹസ്യങ്ങളും അസമത്വവും നിറഞ്ഞ ഇടങ്ങളാണെന്ന് ചിത്രം വരച്ചുകാണിക്കുന്നുണ്ട്.

കുടുംബങ്ങളും സമൂഹവും സ്ത്രീകള്‍ക്ക് നല്‍കുന്ന രണ്ടാം കിട സ്ഥാനവും, വിവാഹവും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അവരോട് വെച്ചുപുലര്‍ത്തുന്ന നിര്‍ബന്ധങ്ങളും സിനിമ വളരെ ബോധപൂര്‍വം ഉള്‍ച്ചേര്‍ത്തിരിക്കുകയാണ്.

ഇതിനെല്ലാമിടയിലൂടെ മനുഷ്യര്‍ തമ്മില്‍ രൂപപ്പെടുന്ന നിസ്വാര്‍ത്ഥവും സ്വച്ഛവുമായ ബന്ധങ്ങളെയും തിങ്കളാഴ്ച നിശ്ചയം ഇഴചേര്‍ത്തുവെക്കുന്നു. മനുഷ്യരുടെ നിസഹായാവസ്ഥകളും നഷ്ടബോധവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളുമെല്ലാം മനോഹരമായാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ഏറ്റവും ഗംഭീരമായി തോന്നിയ ഘടകം ഹ്യൂമറാണ്. സമൂഹം ഏറ്റവും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെയാണ് സിനിമ കൈകാര്യം ചെയ്യുന്നതെങ്കിലും അതിലെല്ലാം കുറിക്കുക്കൊള്ളുന്ന നര്‍മം കണ്ടെത്തുന്നതില്‍ തിങ്കളാഴ്ച നിശ്ചയം ഒരു വന്‍വിജയമാണ്. സിറ്റുവേഷണല്‍ കോമഡികളും ക്ലീഷേയല്ലാത്ത ചെറു ഡയലോഗുകളുമാണ് ഹ്യൂമര്‍ വശത്തിന്റെ മാറ്റ് കൂട്ടുന്നത്.

‘ഓ ജീസസ് ചണ്ടായിപ്പോയോ…’, ‘മൂവന്തി താഴ്വരയില്‍ വെന്തുരുകും വെണ്‍സൂര്യനെ പോലെയായിരുന്നു എന്റെ മനസ്’ എന്ന കത്തിലെ ഡയലോഗ്, ‘നൂറ് നാരങ്ങയുടെ ശക്തിയുള്ള പ്രില്‍’ എന്നിങ്ങനെ സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ ഒരുപാട് ഡയലോഗുകളുണ്ട്. ഇപ്പോള്‍ തന്നെ പലതും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. ലക്ഷ്മികാന്തന്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗുകളും ഫേസ്ബുക്ക് ലൈവും ഇക്കൂട്ടത്തിലുണ്ട്.

ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ ഹ്യൂമറിനുള്ള എലമെന്റ് ചേര്‍ത്താണ് ചിത്രത്തില്‍ വാര്‍ത്തെടുത്തിരിക്കുന്നത്. അതെല്ലാം കൃത്യം ടൈമിങ്ങോടെ ഉപയോഗിക്കപ്പെടുന്നുമുണ്ട്. ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രം പല സിനിമകളിലും കണ്ടതായി തോന്നുമെങ്കിലും (അമ്മാവന്‍, പന്തല്‍പ്പണിക്കാരനായ കാമുകന്‍, വിജയന്റെ പെങ്ങളുടെ ഭര്‍ത്താവ് തുടങ്ങിയവര്‍) ഇവരുടെ അവതരണത്തിലും പുതുമ കൊണ്ടുവരാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

പുതുമുഖങ്ങളെ മാത്രം വെച്ച് ഇത്രയും ഗംഭീരമായി ഒരു ചിത്രമെടുക്കാമെന്ന്, അങ്കമാലി ഡയറീസിന് ശേഷം തോന്നിയത് ഈ ചിത്രം കണ്ടപ്പോഴാണ്. കേന്ദ്ര കഥാപാത്രങ്ങള്‍ മുതല്‍ ചിത്രത്തില്‍ വളരെ കുറച്ച് സമയം വന്നുപോകുന്നവര്‍ വരെ തങ്ങള്‍ വരുന്ന ഓരോ നിമിഷവും ഗംഭീരമാക്കിയിട്ടുണ്ട്.

കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. കുടുംബനാഥന്‍ എന്നാല്‍ രാജാവ് എന്നാണെന്ന് കരുതുന്ന, നാട്ടില്‍ രാജഭരണം വരണമെന്ന് വിചാരിക്കുന്ന, എന്നാല്‍ യഥാര്‍ത്ഥത്തില്‍ വളരെ ഭീരുവായ വിജയന്‍ പേടിപ്പിച്ച് നിര്‍ത്തിയാണ് കുടുംബത്തെ ഭരിക്കാന്‍ ശ്രമിക്കുന്നത്. ഇയാളുടെ വിവിധ വശങ്ങള്‍ ഏറെ തന്മയത്വത്തോടെയാണ് മനോജ് കെ.യു. അവതരിപ്പിച്ചിരിക്കുന്നത്. വളരെ സ്നേഹത്തിലും സന്തോഷത്തിലും കഴിയുന്നിടത്ത് നിന്നും ഞൊടിയിടയില്‍ എല്ലാവരെയും പേടിപ്പിക്കുന്ന ദേഷ്യത്തിലേക്ക് വിജയന്‍ മാറുന്നത് മനോജ് അനായാസമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മധ്യവര്‍ഗ കുടുംബങ്ങളിലെ ഒരു ടിപ്പിക്കല്‍ മധ്യവയസ്‌കന്‍ കുടുംബനാഥനായി മനോജ് ഗംഭീരമാക്കുന്നുണ്ട്.

ലളിതയായി എത്തിയ അജിഷ പ്രഭാകരനും മികച്ച പ്രകടനമാണ് നല്‍കിയിരിക്കുന്നത്. വിജയന്റെ മാറിമാറിയുന്ന ഭാവങ്ങള്‍ക്കൊപ്പം അതിനുചേര്‍ന്ന റെസ്പോണ്‍സ് നല്‍കിക്കൊണ്ടാണ് അജിഷ സ്‌ക്രീനില്‍ നിറയുന്നത്. വിജയന്‍ വാങ്ങിയ കടം തിരിച്ചുചോദിക്കാനെത്തുന്ന പലിശക്കാരനോട് ലളിത പറയുന്ന സിംപിള്‍ തഗ് ഡയലോഗുകള്‍ തമാശയും മാസ് ഫീലും ഒരുമിച്ച് തരുന്നതായിരുന്നു. നമുക്ക് കണ്ടുപരിചയമുള്ള വീട്ടമ്മമാരുടെ ആള്‍രൂപമായാണ് അജിഷ ലളിതയെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തില്‍ മക്കളായെത്തിയ അനഘ നാരായണന്‍, ഉണ്ണിമായ നല്‍പാടം, അര്‍പ്പിത് പി.ആര്‍. എന്നിവരും മരുമകനായെത്തിയ സുനില്‍ സൂര്യയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രകടനത്തില്‍ നടത്തുന്നത്.

സിനിമയില്‍ വന്നുപോകുന്ന ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍, പണിക്കാര്‍ എന്നു തുടങ്ങി വരുന്ന ഓരോ കഥാപാത്രവും പ്രേക്ഷക മനസില്‍ ഇടം നേടും. ഈ ഓരോരുത്തരുടെയും പെര്‍ഫോമന്‍സിലൂടെ, നമ്മുടെ വീട്ടിലോ അയല്‍വീട്ടിലോ ഒരു കല്യാണ നിശ്ചയം നടക്കുന്നു, പരിചയമുള്ള കുറെ ആളുകളെ സ്‌ക്രീനില്‍ കാണുന്നു എന്നൊരു അനുഭവമാണ് തിങ്കളാഴ്ച നിശ്ചയം നല്‍കുന്നത്.

ശ്രീനാഥ് എന്ന കഥാപാത്രത്തെ വാര്‍ത്തെടുത്തിരിക്കുന്നതില്‍ സംവിധായകന്‍ കാണിച്ച ബ്രില്യന്‍സ് എടുത്തുപറയേണ്ടതാണ്. എല്ലാ കാപട്യവും ഉള്ളിലൊതുക്കി പുറത്ത് ചിരിച്ചുനടക്കുന്ന ഈ കഥാപാത്രം ചിത്രത്തില്‍ വരുന്നിടത്തെല്ലാം സംവിധായകന്‍ ഉദ്ദേശിച്ച അസ്വസ്ഥത പ്രേക്ഷകരിലുണ്ടാക്കുന്നുണ്ട്. സജിന്‍ ചെറുകയില്‍ വളരെ കയ്യടക്കത്തോടെയാണ് ഈ റോള്‍ ചെയ്തിരിക്കുന്നത്.

നര്‍മത്തിലൂടെയാണ് ചിത്രത്തിന്റെ മുഴുവന്‍ കഥ നടക്കുന്നതെങ്കിലും പെട്ടെന്ന് സീരിയസും ഇമോഷണലുമാകുന്ന സന്ദര്‍ഭങ്ങള്‍ ഏച്ചുകൂട്ടലുകളില്ലാതെ കഥയില്‍ കടന്നുവരുന്നുണ്ട്. ചിത്രത്തില്‍ സുരഭി, ശ്രീനാഥ് എന്നിവര്‍ തമ്മില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ഇത്തരത്തിലുള്ള രംഗമാണ്.
ഇവര്‍ പരസ്പരം തുറന്നു സംസാരിക്കുന്നില്ലെങ്കിലും കടുത്ത ടെന്‍ഷന്‍ പ്രേക്ഷകനിലെത്തും വിധം, സുരഭി പറയാതെ വെക്കുന്ന പലതും കാഴ്ചക്കാരന് മനസിലാകും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്.

കഥാപാത്ര നിര്‍മിതിയിലും സന്ദര്‍ഭങ്ങളിലും അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ഡീറ്റെയ്ലിങ്ങും ബ്രില്യന്‍സുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. മനം ടിവിയുടെ ശബരിമല പോസ്റ്റൊക്കെ ഉദാഹരണം. ലക്ഷ്മികാന്തന്റെ ലൈവിന് വരുന്ന കമന്റുകളും സോഷ്യല്‍ മീഡിയയെ കൃത്യമായി പഠിച്ച് തയ്യാറാക്കിയതാണെന്ന് എടുത്തുപറയണം. വരും ദിവസങ്ങളില്‍ സെന്ന ഹെഗ്ഡേ ഡീറ്റെയ്ലിങ്ങ് ബ്രില്യന്‍സ് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയും.

ചിത്രത്തിന്റെ ക്യാമറയും എടുത്തുപറയേണ്ടതാണ്. കഥയും തിരക്കഥയും സംവിധാനവും പിന്തുടരുന്ന സ്വാഭാവികതയാണ് ക്യാമറയിലും കടന്നുവന്നിരിക്കുന്നത്. തിരക്കഥാകൃത്ത് കൂടിയായ ശ്രീരാജ് രവീന്ദ്രന്‍ കഥയുടെ ഓരോ തുടിപ്പും പകര്‍ത്തും വിധമാണ് ക്യാമറ ചെയ്തിരിക്കുന്നത്.

മുജീബ് മജീദാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ചെയ്തിരിക്കുന്നത്. വ്യത്യസ്തതയും നാടന്‍ ഈണങ്ങളും ചേര്‍ന്ന പാട്ടുകളാണ് നാലും. ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ പാട്ട് അത്ര അത്യാവശ്യമില്ലായിരുന്നു എന്ന് തോന്നിയിരുന്നെങ്കിലും ബാക്കിയെല്ലാം നന്നായി തന്നെ ആസ്വദിക്കാന്‍ സാധിച്ചിരുന്നു. പാട്ടിന്റെ വരികളിലും കാഞ്ഞങ്ങാട് തനിമ നിറഞ്ഞുനിന്നിരുന്നു.

തിങ്കളാഴ്ച നിശ്ചയം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ, സിനിമാപ്രേമികള്‍ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഒരു സംശയവും കൂടാതെ പറയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Film Review – Thinkalazhcha Nishchayam – Senna Hegde

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more