| Wednesday, 29th April 2020, 9:53 pm

ചിരിക്കുന്ന യേശുവോ ? അതോ ചോരയൊലിക്കുന്ന, രക്തസാക്ഷിത്വത്തിന്റെ മതരാഷ്ടീയം പേറുന്ന യേശുവോ ? ; രണ്ടു പാപ്പമാര്‍ ബാക്കിയാക്കുന്ന ചോദ്യം

ആർ രാമാനന്ദ്

ക്രിസ്തു മതത്തിന്റെ സ്വാഭാവികമായ അന്തഃചിദ്രങ്ങളേയും വിശ്വാസ സംരക്ഷണത്തിനായി സഭ വലിക്കുന്ന ചക്രശ്വാസത്തേയും ഇത്രയും മനോഹരമായി ആവിഷ്‌കരിച്ച മറ്റൊരു ചിത്രം ഉണ്ടോ എന്ന് സംശയമാണ്. ജോണ്‍പോള്‍ രണ്ടാമന്റെ മരണശേഷം ജോസെഫ് റാറ്റ്‌സിംഗര്‍ (ബെനഡിക്ക്റ്റ് പതിനാറാമന്‍ ) പാപ്പയായി വരുന്നതും, അദ്ദേഹത്തിന്റെ വിശ്വാസ കാര്‍ക്കശ്യവും ഒരുപക്ഷേ നാറ്റ്‌സി ചെറുപ്പകാലത്തിന്റെ മാനസിക ആയാസവും ചിത്രം മനോഹരമായി പകര്‍ത്തിയിരിക്കുന്നു.. തന്നെ വേനല്‍കാലവസതിയിലുള്ള പരിചാരകര്‍ ‘ദൈവത്തിന്റെ റോട്ട് വീലര്‍’ എന്നാണ് വിളിക്കുക എന്ന് അദ്ദേഹം ജോര്‍ജ് ബര്‍ഗോഗ്ലിയോയോട് (ഫ്രാന്‍സിസ് പാപ്പ ) പറയുന്ന സന്ദര്‍ഭം, ആരായിരുന്നു റാറ്റ്‌സിംഗര്‍ സഭയില്‍ എന്നതിന്റെ നേര്‍ചിത്രമാണ് …

ജോണ്‍പോള്‍ രണ്ടാമനു ശേഷം പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍, ബര്‍ഗോഗ്ലിയോ, റാറ്റ്‌സിംഗര്‍നോട് പറഞ്ഞു തുടങ്ങുന്നത് യൂറോപ്പിന്റെ പളപളപ്പിനെ കുറിച്ചാണ് .. ഒപ്പം ആഡംബരത്തിന്റെ മകുടം ആയി നില്‍ക്കുന്ന വലിയ പള്ളികളെ കുറിച്ചും അവ വിജനം ആകുന്നതിനെയും കുറിച്ചാണ് .. ഫിലിപ്പ് ലാര്‍ക്കിന്‍ എഴുതിയ ചര്‍ച്ച് ഗോയിങ് എന്ന കവിത യൂറോപ്യന്‍ നാടുകളില്‍ അസ്തമിക്കുന്ന ക്രിസ്തു മത പ്രഭാവത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന സന്ദര്‍ഭമാണ് ബര്‍ഗോഗ്ലിയോയുടെ പരിദേവനങ്ങളില്‍ നിഴലിച്ചു കാണുന്നത്…

ഒടുവിലത്തെ ആണിയായി റാറ്റ്‌സിംഗര്‍ പാപ്പ എന്ന ചരിത്രപരമായ ഏറ്റവും വലിയ പതനത്തിലേക്ക് പതിക്കുന്ന ക്രിസ്തു മതത്തിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രം പങ്കുവെക്കുന്നത്..

വിശുദ്ധ പത്രോസിന്റെ സ്വര്‍ഗ്ഗ സിംഹാസനത്തില്‍ ഇരുന്ന് ജനതയെയും ജനപഥങ്ങളെയും അടക്കിവാണ പാപ്പാമാര്‍ നമ്മുടെ സ്മൃതി പദത്തിലൂടെ കടന്നുപോകുന്നു.. ബോബി തോമസ് എഴുതിയ ക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥം പേപ്പസിയുടെ ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മകളെ അയവിറക്കുന്നത് പോലെ സഭയുടെ അകത്തുള്ള പുഴുക്കുത്തുകളെ ഒരു ചിത്രവും കാണിക്കാതെ വാക്കുകളിലൂടെ, വരാന്‍പോകുന്ന പാപ്പയും സിംഹാസനത്തില്‍ ഇരിക്കുന്ന പാപ്പയും തമ്മിലുള്ള സംവാദത്തിലൂടെ വരച്ചുകാട്ടുന്നു…

ജൂത പൗരോഹിത്യത്തിന് മനസ്സിലാവാത്ത ഒരു ദൈവത്തെക്കുറിച്ച് ക്രിസ്തു സംസാരിച്ചത് പോലെ ബര്‍ഗോഗ്ലിയോ സംസാരിക്കുന്ന സമയത്ത് അതില്‍ ആശങ്കപ്പെടുകയും അസ്വസ്ഥപ്പെടുകയും ചെയ്യുന്ന റാറ്റ്‌സിംഗര്‍ പാപ്പയെ ചിത്രത്തില്‍ കാണാം! പല ചോദ്യങ്ങളും പല ഉത്തരങ്ങളും ക്രിസ്തുമതത്തിന്റെ അമൂല്യമായ മൂല്യ സങ്കല്‍പ്പങ്ങളാണോ അതോ കേവലം സാങ്കേതികങ്ങളായ ബലം പിടുത്തങ്ങള്‍ ആണോ ക്രിസ്തുമതം എന്ന പേരില്‍ കൊണ്ടാടപ്പെടുന്നത് എന്ന ചോദ്യം ശക്തമായി ഉയര്‍ത്തുന്നുണ്ട്. ബെനഡിക്റ്റും ഫ്രാന്‍സിസും രണ്ടു വ്യത്യസ്ത പാതകള്‍ ആയി ഒരു പക്ഷെ രണ്ടു ക്രിസ്തുമതത്തെ തന്നെ പ്രതിനിധാനം ചെയ്യുന്ന ഒരു അപൂര്‍വ്വത നാമെല്ലാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ കണ്ടു എങ്കിലും. ആന്തരികമായ ആ രഹസ്യധാരകളെ ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ സംവിധായകന്‍ നമ്മുടെ മുമ്പില്‍ വരച്ചുകാട്ടി എന്നത് ഈ ചിത്രത്തിനെ ഒരു ചരിത്രാഖ്യായിക എന്ന് വിളിക്കാനുള്ള എല്ലാ സാധ്യതകളെ തുറന്നിടുന്നുണ്ട്. പാരമ്പര്യ മതവാദികള്‍ക്ക് രസിക്കുകയില്ല എങ്കില്‍ പോലും!

എന്നാല്‍ കുരിശാരോഹണത്തിനുശേഷം ഇത്ര നാള്‍ കഴിഞ്ഞിട്ടും കുരിശ് ഇനിയും ക്രൂശിതനെ തൂക്കിയിടാന്‍, ഒരു പക്ഷേ വീണ്ടും വീണ്ടും ക്രൂശിക്കാനും ഉള്ള ഉപാധിയായി നിലനിര്‍ത്തണം എന്ന പൗരോഹിത്യ നിലപാടിനെയും. ദൈവഭയമോ ദൈവസ്‌നേഹമോ എന്ന സംശയം ഇന്നും സഭയെ അസ്വസ്ഥപ്പെടുത്തുന്നതും.. ചിരിക്കുന്ന യേശുവോ (ഉമ്പര്‍ട്ടോ ഇക്കൊയുടെ പ്രസിദ്ധമായ ദ നെയിം ഓഫ് ദ റോസും, റാല്‍ഫ് കോസാക്കും എഴുതുകയും വരയ്ക്കുകയും ചെയ്ത അതേ യേശു) അതോ ചോരയൊലിക്കുന്ന, രക്തസാക്ഷിത്വത്തിന്റെ മതരാഷ്ടീയം പേറുന്ന യേശുവോ എന്ന അടിസ്ഥാന ചോദ്യവും സിനിമ ഒരുപക്ഷേ ബാക്കിയാക്കുന്നുണ്ട്!

വിവാഹമോചനം,സ്വവര്‍ഗരതി, സ്വയംഭോഗം, പാതിരിമാരുടെ പീഡനം, നിസ്വരാകേണ്ട പിതാക്കന്മാരുടെ ഇടയില്‍ പോലും വര്‍ദ്ധിച്ചുവരുന്ന ആഡംബരഭ്രമം ഇത്തരം ആഗോള പ്രശ്‌നങ്ങളെ സഭ ഇനി എങ്ങനെ നേരിടും ? എന്ന ചോദ്യം ഉറക്കെ സ്വയം കേട്ടും ചിന്തിച്ചും തുടങ്ങുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ശബ്ദം നിശബ്ദമായി പോകുന്നതുപോലെ റാറ്റ്‌സിംഗര്‍ പാപ്പയ്ക്ക് അനുഭവപ്പെടുന്നു.. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ താന്‍ ഇനിമേല്‍ യോഗ്യനല്ല എന്ന തിരിച്ചറിവിലേക്ക്? അതോ ഇതില്‍ നിന്ന് വിടുതല്‍ നേടുമ്പോള്‍ അനുഭവിക്കുന്ന സ്വാസ്ഥ്യത്തെ പ്രണയിച്ചത് കൊണ്ടോ അതൊ മാറ്റത്തെ കുറിച്ചുള്ള ബര്‍ഗോഗ്ലിയയുടെ പ്രബോധനം കാരണമോ? അറിയില്ല! റാറ്റ്‌സിംഗര്‍ സഭാ ചരിത്രത്തില്‍ 700 വര്‍ഷങ്ങള്‍ക്കുശേഷം പാപ്പയുടെ രാജി എന്ന അസ്വാഭാവികത കൊണ്ട് ആഗോള ക്രിസ്തീയ സഭയെയും വിശ്വാസികളെയും അമ്പരപ്പിക്കുന്നു. ധീരമായ തീരുമാനം എന്നോ ത്യാഗമെന്നൊ വാഴ്ത്തപ്പെടുമ്പോള്‍ തന്നെ ദൈവം എന്നോടുകൂടെ എന്ന മരണംവരെ വിശ്വസിക്കാന്‍ ആഗ്രഹിച്ച സഭയുടെ അമരക്കാരന്‍ കാറ്റിലും കോളിലും പെട്ട് സഭയാകുന്ന പേടകത്തെ നിയന്ത്രിക്കാനാകാതെ അമരത്തു നിന്ന് മാറുന്നതാണോ അത്? ചിത്രം പലതും പറയാതെ പറയുന്നുണ്ട്.

കര്‍ദ്ദിനാള്‍ സ്ഥാനം രാജിവെച്ച് ഒരിടവകയിലെ സാധാരണ ഇടയനായി മാറാന്‍ ആഗ്രഹിച്ച് റോമിലെത്തുന്ന ബര്‍ഗോഗ്ലിയോയും റാറ്റ്‌സിംഗറുമായി നടത്തുന്ന സംഭാഷണം, അതോ തീപിടിച്ച സംവാദമോ? ഏതായാലും ഒരു ഫുട്‌ബോള്‍ കളി പോലെ മനോഹരമാണ് .. വെര്‍ബല്‍ ഷോര്‍ട്ട് പാസുകളും ലോങ്ങ് പാസ്സുകളുമായി മനോഹരമായി കളിച്ചു തന്റെ രാജി കടലാസ് ആകുന്ന ഗോള്‍ നേടാന്‍ ഏതാണ്ട് തയ്യാറായി നില്‍ക്കുന്ന അര്‍ജന്റീനക്കാരനായ ബര്‍ഗോഗ്ലിയോയെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാപ്പാ സ്ഥാനം തന്നെ രാജി വെച്ച് സിസര്‍കട്ട് അടിക്കുകയാണ് ജര്‍മന്‍ ആയ റാറ്റ്‌സിംഗര്‍!

അതെ നല്ല കളിക്കാരന്‍ എതിരാളിയുടെ ചലനങ്ങളെ നോക്കി പഠിക്കുന്നവന്‍ ആണ് ..

സിനിമ അവസാനിക്കുമ്പോള്‍… ചിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍, ഒരു പക്ഷേ യഥാര്‍ത്ഥ വത്തിക്കാന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി രണ്ട് പാപ്പമാര്‍ക്ക് ആതിഥ്യം നല്‍കിയ ആ അവിസ്മരണീയ മുഹൂര്‍ത്തത്തില്‍ കാവ്യനീതിയുടെ പരമകാഷ്ഠയില്‍
അര്‍ജന്റീനക്കെതിരെ ജര്‍മനി ലോകകപ്പ് ഉയര്‍ത്തുന്നു!

ഒപ്പം കാഴ്ചക്കാരനില്‍ ഒരുപാട് ചോദ്യങ്ങളും, മറു ചോദ്യങ്ങളും, ഉത്തരങ്ങളുമായി സംവിധായകന്‍..
അക്ഷരാര്‍ത്ഥത്തില്‍ തീ കൊണ്ടു കളിച്ച മനോഹരമായ ചലച്ചിത്രാവിഷ്‌കാരം..

റാറ്റ്‌സിങ്ങര്‍ കേള്‍ക്കാതെ പോയ പരിശുദ്ധാത്മാവിനെ ഫ്രാന്‍സിസ് കേട്ട് തുടങ്ങിയോ? ചിലപ്പോള്‍ അതെ എന്നും ചിലപ്പോള്‍ ‘ദൈവത്തിന് ‘ ഇനിയും സഭാ കാര്യങ്ങളില്‍ ഒരു പക്ഷേ അവിടുത്തെ വലത്തിരിക്കുന്ന ക്രിസ്തുവിനു പോലും കേള്‍ക്കാന്‍ സാധിക്കാത്ത അത്രയും ഘനമൗനം തന്നെ എന്നുമാണ് എന്റെ തോന്നല്‍ !

ആന്റണി മക്ക്കാര്‍ട്ടന്‍ തിരക്കഥയെഴുതി ഫെര്‍ണാഡോ മെയ്രെലെസ് സംവിധാനം ചെയ്ത ഈ ചിത്രം ദി പോപ്പ് എന്ന പേരില്‍ മക്ക്കാര്‍ട്ടന്‍ തന്നെ സംവിധാനം ചെയ്ത നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരം ആണ്.

ചിത്രത്തില്‍ എടുത്ത് പറയേണ്ടത് സീസര്‍ ചാര്‍ലോണിന്റെ ഛായാഗ്രഹണവും ബ്രൈസ് ഡെസ്‌നറുടെ പശ്ചാത്തല സംഗീതവുമാണ്. ഓരോ ഷോട്ടും ഒരു പെയ്ന്റിംഗ് പോലെ ഹൃദ്യമാക്കുന്നുണ്ട് ചാര്‍ലോണ്‍. ശബ്ദവും അര്‍ത്ഥഗര്‍ഭ നിശബ്ദതയും കൊണ്ട് ചിത്രത്തിന്റെ അനുഭവത്തെ തീവ്രമാക്കുന്നു ഡെസ്‌നര്‍. പല സീനിലും ശബ്ദത്തിന്റെ അഭാവം സംഗീതമായി അനുഭവപ്പെടുന്ന അതിശയം അറിയേണ്ടതു തന്നെയാണ് . പറഞ്ഞാല്‍ അഹമ്മതിയായി പോകുന്നത് റാറ്റ്‌സിംഗര്‍ ആയ ആന്റണി ഹോപ്കിന്‍സും, ബര്‍ഗോഗ്ലിയോ ആയ ജോണ്‍ പ്രൈസും സ്‌ക്രീനില്‍ കാഴ്ച്ച വെച്ച ജീവിതത്തെ കുറിച്ചാണ്. കണ്ടറിയേണ്ട വിസ്മയമാണ് സ്‌ക്രീനില്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ആർ രാമാനന്ദ്

ഗവേഷകന്‍, എഴുത്തുകാരന്‍, തിരക്കഥാകൃത്ത്

We use cookies to give you the best possible experience. Learn more