| Thursday, 25th January 2018, 6:58 pm

പോറല്‍ പോലും എല്‍ക്കാതെ രജ്പുത്ര അഭിമാനം; വില്ലന് കയ്യടിപ്പിക്കുന്ന രണ്‍വീര്‍; പത്മാവത് പറയുന്നതും പറയാത്തതും

അബിന്‍ പൊന്നപ്പന്‍

സമീപകാല ഇന്ത്യന്‍ സിനിമാ ചരിത്രത്തിലൊന്നും കണാത്ത പ്രതിഷേധങ്ങളും പ്രതിസന്ധികളും നേരിട്ട ചിത്രമാണ് പത്മാവതി. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ ഇന്നുവരെ പല തരത്തിലുള്ള വെല്ലുവിളികള്‍ ചിത്രം നേരിട്ടു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിന് തീയ്യിട്ടും റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്തുകളയുമെന്നും ഭീഷണി മുഴക്കുകയുമുണ്ടായി.

ചിത്രം രജ്പുത് വംശത്തെ അപമാനിക്കുന്നതാണെന്നും രജ്പുത് റാണിയായിരുന്ന പത്മാവതിയെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് രജ്പുത് കര്‍ണിസേനയാണ് ഇപ്പോഴും കലി തുള്ളുന്നത്. കൂട്ടിന് മറ്റ് സമാന ചിന്തകരും. ഒടുവില്‍ പത്മാവതി എന്നത് പത്മാവതിയാക്കി, 26 കട്ടുമായി ചിത്രം തിയ്യറ്ററിലെത്തുകയായിരുന്നു. ഇപ്പോഴും തിയ്യറ്ററുകളില്‍ പലയിടത്തും പൊലീസ് സുരക്ഷയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഈ പ്രതിഷേധങ്ങളുടെ ഇടയിലേക്ക് പത്മാവത് റിലീസ് ചെയ്യുമ്പോള്‍ ഓടിക്കൂടുന്ന ജനമത്രയും തിരയുക ചിത്രത്തില്‍ കര്‍ണിസേന ആരോപിക്കുന്ന തരത്തില്‍ രജ്പുത് അഭിമാനത്തിന് ക്ഷതം എല്‍പ്പിക്കുന്നുണ്ടോ എന്നായിരിക്കും. പക്ഷെ തീര്‍ത്തു പറയാം രജ്പുത് അഭിമാനത്തിന് ക്ഷതം പോയിട്ട് ഒരു പോറല്‍ പോലും പത്മാവത് എല്‍പ്പിക്കുന്നില്ല. അടുത്തത് റാണി പത്മാവതിയെ അപമാനിക്കുന്നുണ്ടോ എന്നതാണ്. അവിടെയും ഉത്തരം ഇല്ല എന്നു തന്നെയാണ്. അതായത് രജ്പുത് കര്‍ണിസേന എന്തിന്റെ പേരിലാണോ പത്മാവതിന്റെ റിലീസ് തടയണമെന്ന് പറഞ്ഞത് അതു തക്കതായതൊന്നും ചിത്രത്തില്ല.

ആദ്യമദ്യാന്തം പത്മാവത് ഉയര്‍ത്തിപ്പിടിക്കുന്നത് രജ്പുത് അഭിമാനത്തെ മാത്രമാണ്. പത്മാവതിയേയും റാവല്‍ രത്തന്‍ സിംഗിനേയും ചിത്രം ഗ്ലോറിഫൈ ചെയ്യുക എന്നതു മാത്രമേ പത്മാവതില്‍ സംഭവിക്കുന്നുള്ളൂ. അതായത് തങ്ങളെ പറ്റി പുകഴ്ത്തി പറയുന്ന ചിത്രത്തിന് എതിരെയാണ് റോഡില്‍ കിടന്ന് കര്‍ണിസേനക്കാര്‍ തല്ലുണ്ടാക്കുന്നതെന്ന് സാരം.

ഇനി സിനിമയിലേക്ക് വരാം. രജ്പുത് വംശജര്‍ കാലങ്ങളായി വിശ്വസിച്ചു പോരുന്ന കഥയാണ് റാണി പത്മാവതിയുടേത്. മാലിക് മുഹമ്മദ് ജയാസിയുടെ പ്രശസ്തമായ കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ കീഴടക്കുക എന്ന മോഹവുമായെത്തിയ അലാവുദ്ദീന്‍ ഖില്‍ജി ചിത്തൂര്‍ മഹാരാജാവ് റാവല്‍ രത്തന്‍ സിംഗിന്റെ റാണിയായ പത്മാവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുന്നതും തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന യുദ്ധവുമാണ് ചിത്രത്തിന്റെ ബേസിക് പ്ലോട്ട്.

ടൈറ്റില്‍ റോളില്‍ പത്മാവതിയാകുന്നത് ദിപിക പദുക്കോണാണ്. രത്തന്‍ സിംഗാകുന്നത് ഷാഹിദ് കപൂറും. അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത് രണ്‍വീര്‍ സിംഗാണ്. ബോളിവുഡില്‍ ഇന്നുള്ള യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരും കഴിവുള്ളവരാണെന്ന് തെളിയിച്ചവരുമാണ് മൂന്നു പേരും. പ്രകടനം കൊണ്ട് മുന്നിട്ട് നില്‍ക്കുന്നത് രണ്‍വീര്‍ സിംഗാണെന്ന് യാതൊരു ശങ്കയുമില്ലാതെ പറയാം.

അലാവുദ്ദീന്‍ ഖില്‍ജി എന്ന ക്രൂരനും സ്ത്രീ ലംബഡനുമായ ( ചരിത്രത്തില്‍ ഖില്‍ജിയെ അടയാളപ്പെടുത്തിയിരിക്കുന്നത് അത്തരത്തിലാണോ എന്നത് സംശയം ഉന്നയിക്കേണ്ടതാണ്) എകാധിപതിയായി രണ്‍വീര്‍ നിറഞ്ഞാടിയിരിക്കുകയാണ്. ചിത്രം കാണുമ്പോഴും കണ്ടു കഴിയുമ്പോഴും ഏതെങ്കിലും ഒരു കഥാപാത്രത്തോട് അടുപ്പം തോന്നുന്നുണ്ടെങ്കില്‍ അത് രണ്‍വീറിന്റെ ഖില്‍ജിയോടാണ്.

ശരീര ഭാഷകൊണ്ടും ഡയലോഗ് ഡെലിവറിയിലും പകയും കാമവും അധികാര ദാഹവുമെല്ലാം രണ്‍വീറിന്റെ മുഖത്ത് മിന്നിമറയുന്നു. ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത് രണ്‍വീറിന്റെ പ്രകടനം ഒന്നു മാത്രമാണെന്ന് ഉറപ്പിച്ചു തന്നെ പറയാം. സഹതാരങ്ങളായ ഷാഹിദ് കപൂറിനേയും ടൈറ്റില്‍ റോളിലെത്തിയ ദീപികയേയും ഒരുപാട് പിന്നിലാക്കുന്നതാണ് രണ്‍വീറിന്റെ പ്രകടനം.

ഖില്‍ജിയും രത്തന്‍ സിംഗും തമ്മില്‍ യുദ്ധം ചെയ്യുന്നത് പത്മാവതിയ്ക്കു വേണ്ടിയാണ്. ചിത്രത്തിന്റെ കോര്‍ തന്നെ പത്മാവതിയെന്ന കഥാപാത്രമാണ്. എന്നാല്‍ പത്മാവതിയ്ക്ക് അതിന് തക്ക പ്രധാനം നല്‍കാന്‍ തിരക്കഥയ്ക്കോ ദിപിക എന്ന അഭിനേത്രിയ്ക്കോ സാധിച്ചിട്ടില്ല. ഒരിക്കല്‍ പോലും ഖില്‍ജിയ്ക്കൊപ്പം മുട്ടി നില്‍ക്കാന്‍ സാധിക്കുന്ന യോദ്ധാവായി രത്തന്‍ സിംഗ് മാറുന്നില്ല. പ്രകടനത്തിലും തിരക്കഥയിലും മുന്‍തൂക്കം ഖില്‍ജിയ്ക്ക് തന്നെയാണ്.

ബോളിവുഡിലെ മോസ്റ്റ് ഓവര്‍ റേറ്റഡ് സംവിധായകന്‍ എന്നാണ് സഞ്ജയ് ലീലാ ബന്‍സാലിയെ വിശേഷിപ്പിക്കേണ്ടത്. വലിയ സെറ്റും കോസ്റ്റിയൂമുകളും ലാര്‍ജര്‍ ദാന്‍ ലൈഫ് ഗാനരംഗങ്ങളുമാണ് ബന്‍സാലി ചിത്രങ്ങളുടെ അടിസ്ഥാന ഘടകം. പലപ്പോഴും പോസ്റ്ററിനും പാട്ടിനും വേണ്ടിയാണോ ബന്‍സാലി പടമെടുക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അഭിനേതാക്കളുടെ കോസ്റ്റിയൂമുകള്‍ ജ്വല്ലറിയുടെയോ തുണിക്കടയുടെയോ പരസ്യത്തെ ഓര്‍മ്മിപ്പിക്കുന്നതും.

അതില്‍ നിന്നും ഒരു പടി പോലും മുന്നോട്ട് പോകാന്‍ പത്മാവതിന് സാധിച്ചിട്ടില്ല. രണ്‍വീര്‍ സിംഗെന്ന നടന്റെ കരിഷ്മ ഒന്നുകൂടി ഇല്ലായിരുന്നുവെങ്കില്‍ പത്മാവത് അറുബോറായേനെ. ചിത്രത്തിലെ പശ്ചാത്തല സംഗീതം തരക്കേടില്ലാത്തത് ആണെങ്കിലും ഗാനങ്ങള്‍ ശരാശരിയില്‍ തന്നെ ഒതുങ്ങി പോയി. രണ്‍വീര്‍ സിംഗിന് ഒഴിച്ച് മറ്റ് അഭിനേതാക്കള്‍ക്ക് ചെയ്യാന്‍ മാത്രം ഒന്നും തിരക്കഥയിലുണ്ടായിരുന്നില്ല. അതോടെ ചിത്രം ഒരു വണ്‍മാന്‍ ഷോ ആയി മാറി. ( ചില വണ്‍മാന്‍ ഷോ നല്ലതാണ്.)

യുദ്ധ രംഗമടക്കമുള്ളിടത്തെ സ്പെഷ്യല്‍ ഇഫക്ടുകളും ചിത്രത്തിന് സഹായകരമായിട്ടുണ്ട്. പക്ഷെ അതിനെ ചിത്രം വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ക്ലൈമാക്സിലെ ഖില്‍ജിയും രത്തന്‍ സിംഗും തമ്മുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന് തരക്കേടില്ലാത്ത ബില്‍ഡ് അപ്പ് ലഭിച്ചിട്ടും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നതായി മാറിയില്ല. രണ്‍വീറിലൂടെ മാത്രം പോയ ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയാണ് മെച്ചം. രണ്ട് പാതിയിലും ഒരിക്കല്‍ പോലും ചിത്രത്തിന്റെ ഭാഗമായി തീരാന്‍ പ്രേക്ഷകന് സാധിക്കുന്നില്ല.

പത്മാവതിയേക്കാള്‍ കൂടുതല്‍ സംവിധായകന്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് ഖില്‍ജിയുടെ ക്രൂരതയെ എസ്റ്റാബ്ലിഷ് ചെയ്യാനാണ്. എന്നാല്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ സീനില്‍ തന്നെ അത് കൃത്യമായി രണ്‍വീര്‍ അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്. രത്തന്‍ സിംഗും പത്മാവതിയും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയെ കൃത്യമായി അടയാളപ്പെടുത്താനും സംവിധായകന് സാധിച്ചിട്ടില്ല. ഒരുപക്ഷെ വെട്ടിമാറ്റിയ രംഗങ്ങളുണ്ടായിരുന്നുവെങ്കില്‍ ചിത്രം ഒന്നു കൂടി നന്നായേനെ. രണ്‍വീര്‍ സിംഗിന്റെ പ്രകടനവും രജ്പുത് അഭിമാനത്തിന്റെ കൊടിയുയര്‍ത്തലും മാത്രമാണ് പത്മാവത് എന്ന ചിത്രം.

അബിന്‍ പൊന്നപ്പന്‍

We use cookies to give you the best possible experience. Learn more