400 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. മഹാനടി, സീതാരാമം, തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ഡി.ക്യുവിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ മൊഴിമാറ്റി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ദുല്‍ഖറിന്റെ തിരിച്ച് വരവ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുന്നത്.
ധനുഷ് ചിത്രം വാത്തിക്ക് ശേഷം സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ലക്കി ഭാസ്‌കര്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും മുംബൈയില്‍ ജീവിക്കുന്ന ഭാസ്‌കര്‍ എന്ന മിഡില്‍ ക്ലാസുകാരനായ ബാങ്ക് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ നടക്കുന്ന കുറച്ച് അസ്വാഭാവികമായ സന്ദര്‍ഭങ്ങളാണ് ലക്കി ഭാസ്‌കറിന്റെ കഥാതന്തു. മിഡില്‍ ക്ലാസ്സുകാരന്‍ ഭാസ്‌കര്‍ എങ്ങനെ ലക്കി ഭാസ്‌കര്‍ ആകുന്നു എന്നാണ് രണ്ടര മണിക്കൂറുള്ള ഈ ചിത്രത്തില്‍ കാണിക്കുന്നത്.
ദുല്‍ഖറിന്റെ ആരാധകര്‍ക്ക് കുറെ കാലമായി ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തിയേറ്ററുകളില്‍ ആഘോഷിക്കാന്‍ കഴിഞ്ഞില്ല. ആ പരാതി ഈ ചിത്രത്തിലൂടെ വെങ്കി അറ്റ്‌ലൂരി നികത്തി എന്ന് തന്നെ പറയാന്‍ കഴിയും. അദ്ദേഹത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കാനുള്ള എല്ലാ ചേരുവകളും പാകത്തിന് ചേര്‍ത്താണ് സംവിധായകന്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. കൂടാതെ ഒരു മിഡില്‍ ക്ലാസ്സുകാരന്‍ എന്നും കാണുന്ന സ്വപ്നത്തെ രോമാഞ്ചം വരുന്ന രീതിയിലും വെങ്കി ഒരുക്കിവെച്ചിട്ടുണ്ട്.
ഭാസ്‌കര്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സുഖമില്ലാത്ത അച്ഛനും അനിയനും അനിയത്തിയും ഭാര്യയും മകനും അടങ്ങുന്നതാണ് ഭാസ്‌കറിന്റെ ലോകം. കിട്ടുന്ന ശമ്പളത്തില്‍ താങ്ങാവുന്നതിലും അധികം പ്രാരബ്ധവുമായി മുന്നോട്ട് പോകുന്ന ഭാസ്‌കര്‍ തന്റെ ജീവിതം തന്നെ മാറ്റാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തി ചെയ്യുന്നു. അത് ഭാസ്‌കറിനെ എങ്ങനെ ലക്കി ഭാസ്‌കര്‍ ആക്കി മാറ്റുന്നു എന്നാണ് ചിത്രം പറയുന്നത്.
സിനിമയിലെ പല രംഗങ്ങളും പ്രഡിക്റ്റബിള്‍ ആയിരുന്നു. എവിടെയൊക്കെയോ കണ്ടിട്ടുള്ള, കണ്ടു മറന്നിട്ടുള്ള ചില സിനിമകളുടെയും സീരീസുകളുടെയും ഛായ ചിത്രത്തിന് ഉണ്ടെന്ന് തോന്നുമെങ്കിലും മേക്കിങ് തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാകുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ച നിമിഷ് രവിയുടെ ക്യാമറ കണ്ണുകള്‍ ഓരോ ഫ്രെയിമും മനോഹരമായിത്തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. ജി.വി. പ്രകാശിന്റെ സംഗീതം എടുത്ത് പറയേണ്ടത് തന്നെയാണ്. ഒരു നോര്‍മല്‍ സീനിനെ പോലും ഹൈ ലെവലിലേക്കാക്കാന്‍ അദ്ദേഹത്തിന്റെ മ്യൂസിക്കിലൂടെ കഴിഞ്ഞിട്ടുണ്ട്. നവീന്‍ ചെയ്ത എഡിറ്റിങ്ങും ഒന്നാംതരം.
ആരാധകരെ പ്രീതിപ്പെടുത്തുന്ന വിധം ദുല്‍ഖറിന്റെ റെട്രോ ലുക്കും വിന്റേജ് വാഹനങ്ങളുടെ സീനുകളും നന്നായി തന്നെ ചെയ്തു വെച്ചിട്ടുണ്ട്. നായികയായി വന്ന മീനാക്ഷി ചൗധരിയും തനിക്ക് ലഭിച്ച വേഷം മോശമല്ലാതെ ചെയ്തിട്ടുണ്ട്. മിഡില്‍ ക്ലാസ് സൂപ്പര്‍ ഹീറോ ആകുന്ന ഫോര്‍മുല ചിത്രത്തില്‍ നന്നായിത്തന്നെ ചെയ്തിട്ടുണ്ട്.
കൊത്തക്ക് ശേഷം ഒന്നരവര്‍ഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് വരുന്ന ഡി.ക്യു ചിത്രം ലക്കി ഭാസ്‌കര്‍ ദുല്‍ഖറിന്റെയും ലക്കി ഫാക്ടര്‍ ആകുമോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.