ഡബിള്‍ മീനിങ്ങും പൊളിറ്റിക്കല്‍ ഇന്‍കറക്ട്‌നെസ്സും ബോഡി ഷേമിങ്ങും ആവശ്യത്തില്‍ കൂടുതല്‍ ചേര്‍ത്തായിരുന്നു ഒമര്‍ ലുലു തന്റെ സിനിമകളെല്ലാം ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. അഡാര്‍ ലവ്, ധമാക്ക, ചങ്ക്സ് തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തന്റെ സ്‌റ്റൈല്‍ കാണിച്ചു തന്നിട്ടുള്ളതാണല്ലോ.
ലഹരിയെ പ്രോത്സാഹിപ്പിക്കുന്നെന്ന് പറഞ്ഞ് പ്രേക്ഷകരില്‍ നിന്ന് ആവശ്യത്തില്‍ കൂടുതല്‍ ചീത്തവിളി കേട്ട ചിത്രമാണ് നല്ല സമയം. നല്ല സമയത്തിന് ശേഷം ലഹരിക്കെതിരെ ഒമര്‍ ലുലു ചെയ്ത ചിത്രമാണ് ബാഡ് ബോയ്‌സ്. മലയാളത്തിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്ന ടാഗോടെ റഹ്‌മാനെ മലയാളത്തിലേക്ക് റീ ഇന്‍ട്രൊഡ്യൂസ് ചെയ്ത ചിത്രം കൂടിയാണ് ബാഡ് ബോയ്‌സ്. ഹാപ്പി വെഡിങ്ങിന് ശേഷം ഒമര്‍ ലുലു ചെയ്ത സിനിമകളെ വെച്ച് നോക്കിയാല്‍ അല്പം ഭേദമെന്ന് പറയാവുന്ന സിനിമയാണ് ബാഡ് ബോയ്‌സ്.
ഓണത്തിന് ഒരു കളര്‍ പടം എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഈ സിനിമ ചെയ്ത് വെച്ചിട്ടുള്ളതെങ്കിലും ബാഡ് ബോയ്‌സിന്റെ കളര്‍ നല്ല രീതിയില്‍ ഫെയ്ഡ് ആണ്. റഹ്‌മാന്റെ ഇന്‍ട്രോ സീനും കോസ്റ്റ്യൂമും ഒന്ന് രണ്ടു ആക്ഷന്‍ രംഗങ്ങളും പാട്ടുകളും നല്ലതാണെങ്കിലും മറ്റൊന്നും ചിത്രത്തില്‍ എടുത്തുപറയേണ്ടതായിട്ടില്ല. പ്രത്യേകിച്ച് സിനിമയുടെ കഥ. പല സിനിമകളിലും കാലങ്ങളായി കണ്ടു ശീലിച്ചിട്ടുള്ള കഥയും മേക്കിങ്ങും ബാഡ് ബോയ്‌സിനെ ഒട്ടും പുതുമയില്ലാത്തതാക്കുന്നു.
ആന്റപ്പന്‍, ഷിന്റോ, ചക്കര, അലോഷി തുടങ്ങിയവരുടെ സൗഹൃദത്തിന്റെ ആഴം വേണ്ടരീതിയില്‍ കാഴ്ചക്കാരെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. എടുത്തുപറയത്തക്ക പ്രകടനവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലതാനും. സിനിമയുടെ ആരംഭം മുതല്‍ അവസാനം വരെ ഒരേ എസ്സ്‌പ്രെഷന്‍ തന്നെയാണ് ഷീലു അബ്രഹാമിന്.
യൂത്തിന്റെ വൈബിന് പറ്റിയ സിനിമകളാണ് താന്‍ ചെയ്യുന്നതെന്ന് തെറ്റുദ്ധരിക്കുന്ന സംവിധായകനാണ് ഒമര്‍ ലുലു എന്ന് തോന്നിപോകുന്നു. റീലുകളിലും ട്രോളുകളിലും ട്രെന്‍ഡിങ് ആകുന്ന ഭൂരിഭാഗം കാര്യങ്ങളും പല സീനുകളിലും ആവശ്യമില്ലാതെ ചേര്‍ത്താല്‍ കൈയടി കിട്ടുമെന്ന് വിചാരിച്ചു ചെയ്തു വെച്ചിട്ടുണ്ട്.
ഹണി റോസ്, മൂവി റിവ്യൂ, കാവാലയ്യ, സലാര്‍, ഏജന്റ് എക്‌സ്, നാടോടിക്കാറ്റ്, ഡിസ്‌കോ ഡിസ്‌കോ പാട്ട്, ശശികല ചാര്‍ത്തിയ ദീപാവലയം എന്നിങ്ങനെ എന്തിനോ വേണ്ടി കുറെ റഫറന്‍സുകള്‍ അനാവശ്യമായി കുത്തിക്കേറ്റി ബാഡ് ബോയ്‌സിനെ വെരി വെരി ബാഡ് ബോയ്‌സ് ആക്കിയിട്ടുണ്ട്.
ശുദ്ധ ഹാസ്യം കണ്ട് ഇപ്പോഴും ചിരി വരുന്നവരാണോ നിങ്ങള്‍, ശുദ്ധ ഹാസ്യം എന്ന് പറയുമ്പോള്‍ ദിലീപേട്ടന്റെ അയല വറുത്തോ പോലെ ഉള്ള സാധങ്ങള്‍? എന്നാല്‍ ഒമര്‍ ലുലു ഇത്തരത്തിലുള്ള ഒരുപാട് ഫണ്‍ ഒരുക്കിവെച്ചിട്ടുണ്ട്. ഞാന്‍ മോശ..എന്നാല്‍ ഞാന്‍ അതിനേക്കാള്‍ മോശാ, അയ്യോ എന്റെ പേരാ പറഞ്ഞത് മോശ, സീറ്റ് ബെല്‍റ്റ് ഇടുന്നില്ലേ..രണ്ട് ബ്ലാക്ക് ബെല്‍റ്റുള്ള എനിക്കെന്തിനാ സീറ്റ് ബെല്‍റ്റ്. ഇങ്ങനെ ഒട്ടനവധി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ഫലിതങ്ങള്‍ ചിത്രത്തിലുണ്ട്.
പിഷാരടിയും ധ്യാന്‍ ശ്രീനിവാസനും ചില നിത്യ ഹരിത നായകരും എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്നോ ചെയ്തു കൂട്ടുന്നതെന്നോ യാതൊരു ഐഡിയയും ഇല്ല. പിന്നെ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിലെ ചില ഗസ്റ്റ് റോളുകള്‍ തന്നെയാണ്. ആറാട്ടണ്ണനും അലന്‍ ജോസ് പെരേരയും സിനിമയില്‍ എന്തിനായിരുന്നെന്ന് ഇന്നും ഒരു ചോദ്യചിഹ്നമാണ്.
അത്രയും നേരം യാതൊരുവിധ ബോഡി ഷേമിങ്ങും ഇല്ലാതെ പോയി ഇതൊരു ഒമര്‍ ചിത്രം തന്നെ ആണോ എന്ന കണ്‍ഫ്യൂഷനില്‍ ഇരിക്കുന്ന പ്രേക്ഷകരെ അതെ ഇതൊരു ഒമര്‍ ചിത്രം തന്നെ എന്ന് തെളിയിക്കുന്ന ഭാഗമായിരുന്നു ടിനി ടോം യാത്ര പറയുന്ന രംഗം. ചിത്രത്തിന്റെ ആദ്യാവസാനം വരെ കൂളിങ് ഗ്ലാസ് ഉപയോഗിച്ചിരുന്ന ടിനി ടോം ഗ്ലാസ് ഊരുമ്പോള്‍ ഉള്ള കോങ്കണ്ണ് ഹാസ്യ രൂപത്തിലാണ് എടുത്തു വെച്ചിരിക്കുന്നത്.
വില്യം ഫ്രാന്‍സിസിന്റെ സംഗീതമാണ് ചിത്രത്തിന്റെ ബാക്ക് ബോണ്‍ എന്ന് പറയാന്‍ കഴിയുന്നത്. ഒമര്‍ ലുലുവിന്റെ തന്നെ കഥയ്ക്ക് ഒട്ടും ശക്തമല്ലാത്ത തിരക്കഥയാണ് സാരംഗ് ജയപ്രകാശ് ഒരുക്കിയിരിക്കുന്നത്. അരുണ്‍ മനോഹറിന്റെ വസ്ത്രാലങ്കാരവും മികച്ചു നിന്നു.
ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ കൈയില്‍ അനാവശ്യമായി കളയാന്‍ ഒരു രണ്ടര മണിക്കൂറുണ്ടെങ്കില്‍ ധൈര്യമായി ചിത്രത്തിന് ടിക്കറ്റ് എടുക്കാം. ഇതൊരു ഒമര്‍ ചിത്രമാണ്.