മായാനദി കണ്ട് തീര്‍ന്നാദ്യം തിയേറ്ററിലെ വാഷ്റൂമിലേക്ക് ഓടുകയാണ് ചെയ്തത്. കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയത് കൊണ്ടും കരച്ചില്‍ പിടിച്ച് നിര്‍ത്താനാവാത്തത് കൊണ്ടും ഓടിപ്പോയി കരഞ്ഞു തീര്‍ത്തിട്ടാണ് തിയേറ്റര്‍ വിട്ടിറങ്ങിയത്.
മായാനദി ഒരു നോവാണ്. തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള പ്രണയത്തിനായുള്ള കാത്തിരിപ്പിനുള്ളില്‍ ഊറിയുറഞ്ഞ് കിടക്കുന്ന മരവിപ്പിക്കുന്ന നോവ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ശരീരവും മനസ്സും നിറഞ്ഞ് ഒരാളെ പ്രണയിച്ചിട്ടുണ്ടെങ്കില്‍, അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, അതിനായി പിന്നെയും കാത്തിരിന്നിട്ടുണ്ടെങ്കില്‍ ഇത് നിങ്ങളെ കുത്തിനോവിക്കുക തന്നെ ചെയ്യും.
മാത്തന്റെയും അപ്പുവിന്റേയും പ്രണയമാണ് മായാനദി. ഒരിക്കല്‍ എല്ലാം കലങ്ങിത്തെളിയും എന്ന് പ്രതീക്ഷിച്ച് വീണ്ടും വറ്റാത്ത പ്രതീക്ഷകളുമായി ജീവിക്കുന്ന രണ്ടുപേര്‍. അവരുടെ ജീവിതവും പ്രണയവും ദുരന്തവും കാത്തിരിപ്പും എല്ലാമാണീ സിനിമ. ഒട്ടും കലര്‍പ്പില്ലാത്ത സിനിമയാണ് മായാനദി എന്നു പറയാം. ഒരു ഇമോഷണല്‍ ഡ്രാമയെ ഇത്രയും മനോഹരമായി എടുത്ത സംവിധായകനു തന്നെയാണ് അതിന്റെ കൈയ്യടികള്‍.
ഒരു അപരിചിതത്വവും തോന്നിക്കാത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളും. നിത്യജീവിതത്തില്‍ നമ്മള്‍/നമ്മള്‍ക്ക് പരിചയമുള്ളവര്‍ സംസാരിക്കുന്ന പോലെ, ഇടപഴകുന്ന പോലെയുള്ള ചില മനുഷ്യര്‍. അവരുടെ ചെറിതും വലുതുമായ ആധികളും ആശകളും.
റെക്സ് വിജയന്റെ സംഗീതം. എവിടെ നിന്ന് തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ അറിയാത്ത വിധം സിനിമയുടെ കൂടെ ഒഴുകുന്നു. ജയേഷ് മോഹന്റെ ക്യാമറ പ്രണയവും രതിയും തെളിവെള്ളത്തിലെന്ന പോലെ കാണിച്ച് തരുന്നു. ശ്യാം പുഷ്‌കരന്റെയും ദിലീഷിന്റേയും തിരക്കഥ അതിനെ മുന്നോട്ടൊഴുക്കുന്നു. ആ ഒഴുക്കില്‍ ചില കഥാപാത്രങ്ങള്‍ ഒഴുകി ലക്ഷ്യം കണ്ടെത്തുന്നു, ചിലര്‍ വഴിയില്‍ തടഞ്ഞു നില്‍ക്കുന്നു. മറ്റു ചിലര്‍ എന്നെന്നേക്കുമായി മുങ്ങിത്താവുന്നു.
ഐശ്വര്യ ലക്ഷ്മിയാണ് മായാനദിയിലെ താരം. തീരുമാനങ്ങളുള്ള, “നോ” പറയുന്ന, തലയുയര്‍ത്തി നില്‍ക്കുന്ന, ആണിനോട് “അതിനെന്താ ഇത്ര നാണിക്കാന്‍” എന്നു ചോദിക്കുന്ന, വികാരങ്ങളുള്ള പെണ്‍കുട്ടി. തന്റെ രണ്ടാമത്തെ സിനിമയില്‍ തന്നെ അതിനെ അത്രയും ബോള്‍ഡ് ആയി അവതരിച്ച ഐശ്വര്യക്കാണ് ആദ്യത്തെ കൈയ്യടി.
ടോവിനോ ഒട്ടും കുറയാതെയും കൂടാതെയും കൂടെ കൂടുന്നു. ബാക്കി കഥാപാത്രങ്ങളെ അവതരിപ്പിച്ച മുഴുവന്‍ ആളുകളും അതിനെ തനിമ ചോരാതെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട് എന്നതും പറയാതെ വയ്യ.
ചില ചെറിയ ചെറിയ സംഭാഷണശകലങ്ങളാണ് മായാനദിയെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. ഒരു മിസ്റ്റിക്ക് നദിയുടെ സ്വഭാവം ഉള്ളില്‍ ഒളിപ്പിച്ച് കടത്തുന്ന സിനിമ. ഉള്ളില്‍ സംഘര്‍ഷങ്ങളുടെ ഒരു ഉറവയും അതിനോട് ചേര്‍ന്ന് പ്രണയത്തിന്റെ മറ്റൊരുറവയുമുള്ള സിനിമ.
കഥാന്ത്യത്തില്‍ കണ്ണ് നിറയിപ്പിക്കുന്ന സിനിമ. തിയേറ്ററില്‍ ആദ്യ ഷോയ്ക്ക് കയറിയ ആകെയുള്ള എട്ട് പേരെക്കൊണ്ടും കൈയ്യറ്റിപ്പിച്ച സിനിമ. മായാനദി കൂടുതല്‍ പ്രേക്ഷകരെ അര്‍ഹിക്കുന്നുണ്ട്. അല്ല, അതൊരു നിറഞ്ഞ സദസ്സിനെ തന്നെ അര്‍ഹിക്കുന്നുണ്ട്. ആഷിക്ക് അബുവിനോട് സ്നേഹം. cried out of pain ആയിരുന്നോ അതോ cried out of joy ആയിരുന്നോ എന്ന് വേര്‍ത്തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നതിന്.
പിന്നെ ആസ് യൂഷ്വല്‍ ഷഹബാസ് അമന്‍! ശബ്ദം