| Friday, 5th February 2016, 8:57 pm

മധുരം ഈ പ്രതികാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാഥാര്‍ത്ഥ്യത്തോട് കഴിവതും അടുത്തു നില്‍ക്കുന്ന രീതിയിലാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായിട്ടും സംവിധായകന്റെ തഴക്കം ദിലീഷ് പോത്തനില്‍ കാണാം. ശ്യാം പുഷ്‌കരനും മികവുറ്റ തിരക്കഥകള്‍ക്ക് തൂലിക ചലിപ്പിക്കാന്‍ താന്‍ പ്രാപ്തനാണെന്നു തെളിയിക്കുന്നു.



|ഫിലിം റിവ്യൂ: സൂരജ് കെ.ആര്‍|


ഡൂള്‍ റേറ്റിങ് :★★★★☆
ചിത്രം: മഹേഷിന്റെ പ്രതികാരം
സംവിധാനം: ദിലീഷ് പോത്തന്‍
നിര്‍മ്മാണം: ആഷിഖ് അബു
തിരക്കഥ: ശ്യാം പുഷ്‌കരന്‍
ഛായാഗ്രഹണം: ഷൈജു ഖാലിദ്
ചിത്രസംയോജനം: സൈജു ശ്രീധരന്‍
സംഗീതം: ബിജിബാല്‍

സംവിധായകന്‍ ആഷിഖ് അബുവിന്റെ സഹസംവിധായകനായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ആഷിഖിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, റാണി പദ്മിനി, ഇടുക്കി ഗോള്‍ഡ്, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ രചനയില്‍ പങ്കാളിയായ ശ്യാം പുഷ്‌കരനാണ് ഈ ചിത്രത്തിന്റെ രചന.

ആദ്യ വരവില്‍ വന്‍ പരാജയമായ നടനായ ഫഹദ് ഫാസില്‍ നല്ലൊരു അഭിനേതാവായി മാത്രമല്ല, വിപണന മൂല്യത്തില്‍ ഭ്രമിക്കാത്ത വ്യത്യസ്തതയുള്ള സിനിമകള്‍ തെരഞ്ഞെടുത്തുകൂടിയാണ് രണ്ടാം വരവ് വന്‍ വിജയമാക്കിയത്. എന്നാല്‍ മറിയം മുക്ക്, അയാള്‍ ഞാനല്ല തുടങ്ങിയ ചിത്രങ്ങളില്‍ ഇടയ്ക്കു കൈവിട്ടുപോയ ആ വ്യത്യസ്ത തിരികെപ്പിടിക്കുന്ന ഫഹദിനെയാണ് ജനുവരിയില്‍ റിലീസായ മണ്‍സൂണ്‍ മാംഗോസിനു ശേഷം മഹേഷിന്റെ പ്രതികാരത്തില്‍ കാണാന്‍ കഴിയുക.

മലയാളത്തിന്റെ സ്ഥിരം കച്ചവട ശീലങ്ങളുടെ അതേ കൂട്ട്. എന്നാല്‍ ആ കൂട്ടിനെ, കച്ചവടം എന്ന പ്രാഥമിക ലക്ഷ്യത്തില്‍ നിന്നും ഒരല്‍പ്പം അകലത്തില്‍ നിന്നുകൊണ്ട് നോക്കിക്കാണാന്‍ ശ്രമിച്ച സിനിമയാണ് മഹേഷിന്റെ പ്രതികാരം.

ഇടുക്കിയിലെ ഒരു കൊച്ചു ടൗണില്‍ ഭാവന എന്ന തന്റെ സ്റ്റുഡിയോയുമായി ജീവിക്കുന്ന പാവത്താനായ മഹേഷ് (ഫഹദ്). അച്ഛന്‍ മാത്രമാണ് വീട്ടില്‍. സൗമ്യ (അനുശ്രീ) എന്ന പെണ്‍കുട്ടിയെ ചെറുപ്പം തൊട്ട് പ്രണയിക്കുന്നുമുണ്ട് മഹേഷ്. താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ചിന്തകള്‍ കൊണ്ടു പോലും പുറത്തുവരാന്‍ ശ്രമിക്കാത്ത ആളാണ് മഹേഷ്.

ഒരിക്കല്‍ മഹേഷിനെ ജിക്‌സണ്‍ എന്ന തെമ്മാടി കാര്യമില്ലാതെ തല്ലുന്നതോടെ തന്റെ സുരക്ഷിത വലയത്തില്‍ നിന്നും മഹേഷിന് പുറത്തു കടക്കേണ്ടി വരുന്നു. ജിക്‌സനെ തിരിച്ചു തല്ലും എന്ന ശപഥമെടുക്കുന്ന മഹേഷിന്റെ ജീവിതത്തില്‍ ആ ശപഥം ഉണ്ടാക്കുന്ന മാറ്റങ്ങളുടെ കാഴ്ചയാണ് മഹേഷിന്റെ പ്രതികാരം.

അടുത്തപേജില്‍ തുടരുന്നു

മഹേഷും ജിക്‌സനുമായുണ്ടാകുന്ന വഴക്കിന് നിമിത്തമാകുന്നത് ഇവരുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത രണ്ടു പേരാണ്. ഇത്തരത്തില്‍ ജീവിതത്തിലെ ചില നിമിത്തങ്ങളെയും, വിധിയുടെ പോക്കിനെയും വിദഗ്ദ്ധമായി കാണിക്കുന്നുണ്ട് സിനിമ.

കോമഡിക്കു വേണ്ടിയുള്ള ഏച്ചുകെട്ടലുകളില്ലാത്ത സാന്ദര്‍ഭികവും കഥയുടെ ഒഴുക്കിന് കോട്ടം തട്ടാതെയുമുള്ള നര്‍മ്മമാണ് ചിത്രത്തിലുടനീളം. പുതിയ സിനിമകളിലെ സാന്ദര്‍ഭിക നര്‍മ്മത്തിന്റെ ആശാനായ സൗബിന്‍ ഷാഹിര്‍ ക്രിസ്പി എന്ന കഥാപാത്രമായി ഏറെ ചിരിപ്പിക്കുന്നുണ്ട്.

കഥാപാത്രം മാത്രമായി സിനിമയിലുടനീളം നില്‍ക്കാനുള്ള തന്റെ വൈദഗ്ദ്ധ്യം മഹേഷായി ഫഹദ് വീണ്ടും തെളിയിക്കുന്നതു കാണാം. മറ്റ് അഭിനേതാക്കളും നന്നായിട്ടുണ്ട്. പ്രധാനപ്പെട്ട രംഗങ്ങളില്‍ ഷൈജു ഖാലിദിന്റെ ക്യാമറ നന്നായിട്ടുണ്ട്.

അതേസമയം നാച്വറല്‍ ലൈറ്റ് ഉപയോഗിച്ചാണ് പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബിജിബാലിന്റെ പശ്ചാത്തലസംഗീതം മികച്ചതാണ്.

യാഥാര്‍ത്ഥ്യത്തോട് കഴിവതും അടുത്തു നില്‍ക്കുന്ന രീതിയിലാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായിട്ടും സംവിധായകന്റെ തഴക്കം ദിലീഷ് പോത്തനില്‍ കാണാം. ശ്യാം പുഷ്‌കരനും മികവുറ്റ തിരക്കഥകള്‍ക്ക് തൂലിക ചലിപ്പിക്കാന്‍ താന്‍ പ്രാപ്തനാണെന്നു തെളിയിക്കുന്നു.

പ്രവചനങ്ങള്‍ക്കതീതമായ കഥാഗതിയും, കച്ചവടത്തിന് കൊഴുപ്പേറ്റി ബോറടിപ്പിക്കാത്ത സംവിധാനവുമായി മധുരത്തോടെ കണ്ടിറങ്ങാം ഈ “പ്രതികാര” സിനിമ.

We use cookies to give you the best possible experience. Learn more