| Sunday, 11th April 2021, 12:47 pm

വീണ്ടും ഒരു മാരി സെല്‍വരാജ് ക്ലാസിക് | Film Review | Karnan

അന്ന കീർത്തി ജോർജ്

മാരി സെല്‍വരാജിന്റെ കര്‍ണന്‍ വളരെ പവര്‍ഫുള്ളായ, പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകനെ കാണിക്കാന്‍ വേണ്ടി തന്നെ തയ്യാറാക്കിയിട്ടുള്ള സിനിമയാണ്. സമൂഹം ഇന്നും മനുഷ്യരായി പരിഗണിക്കാന്‍ തയ്യാറാകാത്ത ഒരു ജനത, ഒടുവില്‍ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതാണ് കര്‍ണന്റെ കഥ.

വ്യവസ്ഥിതിയോട് വാളെടുത്ത് കലഹിക്കാന്‍ ഒരാള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം അതിന്റെ എല്ലാ തീവ്രതയോടും കൂടി കര്‍ണന്‍ കാണിച്ചുതരികയാണ്. തലമുറകളായി ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥയും മേല്‍ജാതിക്കാരും ചവിട്ടി മെതിച്ച ഒരു ജനത ഇനിയും മുതുകും തലയും താഴ്ത്തി നടക്കില്ലെന്ന് പറയാന്‍ തയ്യാറാകുമ്പോള്‍ അതിനൊപ്പം ഉറച്ചുനില്‍ക്കുകയാണ് ഈ ചിത്രം.

പരിയേരും പെരുമാളിനെ ഓര്‍ക്കാതെ മാരി സെല്‍വരാജിന്റെ കര്‍ണന് കയറാനാകില്ലായിരുന്നു. പക്ഷെ പരിയേരും പെരുമാളില്‍ നിന്നും വ്യത്യസ്തമായ രീതികള്‍ അവലംബിക്കുന്ന, ശരിക്കും കുതിരപ്പുറത്തേറി വരുന്ന കടവുളാണ് ഇതിലെ നായകനായ കര്‍ണന്‍.

കര്‍ണനും കര്‍ണന്റെ ജനതയ്ക്കും പറയാനുള്ളതെല്ലാം സിനിമ ഒരൊറ്റ ഡയലോഗില്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്നും അതിക്രൂരമായ പീഡനവും അപമാനവും സഹിക്കേണ്ടി വന്ന ഗ്രാമത്തലവന്‍ തിരിച്ചെത്തി പറയുന്ന ഒരു കാര്യമുണ്ട്, ഞാന്‍ തലയില്‍ കെട്ടിയ തോര്‍ത്ത് അഴിക്കാതിരുന്നതിന്, നേരെ നിന്ന് കണ്ണില്‍ നോക്കിയതിന്, മുതുക് വളച്ച് കൈകൂപ്പി നില്‍ക്കാതിരുന്നതിന് ഇതിനാണ് തന്നെ തല്ലിച്ചതച്ചതെന്ന്.

ചിത്രത്തിലെ ധനുഷിന്റെ കര്‍ണനും ഒരു ഘട്ടത്തില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്, പ്രതിഷേധത്തിന്റെ ഭാഗമായി ഞങ്ങള്‍ എന്തെങ്കിലും തല്ലിത്തകര്‍ത്തതോ ഞങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോ ഒന്നുമല്ല നിങ്ങളെ അലോസരപ്പെടുത്തുന്നത് ഞങ്ങള്‍ കുനിയാതെ നിന്നതാണ്, കര്‍ണനെന്നും ദുര്യോധനനെന്നുമുള്ള പേരുകളാണ് എന്നത്. സിനിമ കാണുന്നവനോട്, കണ്ണ് തുറന്ന് കാണാന്‍ കര്‍ണന്‍ പറയുന്നു. നമുക്ക് ചുറ്റുമുള്ള ജാതീയത എന്താണെന്നും ഈ ഡയലോഗുകളിലൂടെ ചിത്രം പറഞ്ഞുവെയ്ക്കുന്നു.

പറയുന്ന വാക്കുകളിലെ ക്രൂരത കൊണ്ട് മനസ്സില്‍ തങ്ങി നിന്ന മറ്റൊരു ഡയലോഗുണ്ട്. ഒരു വഴക്കിനെ തുടര്‍ന്ന് അടുത്ത ഗ്രാമത്തിലെ മേല്‍ജാതിക്കാര്‍ അവരുടെ ഗ്രാമത്തലവനോട് കര്‍ണന്റെ ഗ്രാമത്തിലുള്ളവരെ തല്ലണമെന്ന് ആവശ്യപ്പെടുന്ന സമയത്ത്, അയാള്‍ പറയുന്ന മറുപടിയാണിത്. അവര്‍ ഇപ്പോഴും ആവശ്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ മുന്‍പില്‍ വന്ന് കെഞ്ചി നില്‍ക്കും, അതിങ്ങനെ കണ്ടു രസിച്ചിരിക്കുന്നതിലെ ആനന്ദത്തെ കുറിച്ച് ആ ഗ്രാമത്തലവന്‍ പറയുന്ന ഭാഗമാണിത്. ചിത്രത്തില്‍ പൊലീസിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ക്രൂരതകളും ശാരീരിക പീഡനങ്ങളുമെല്ലാം കാണിക്കുന്നുണ്ടെങ്കിലും കര്‍ണനിലെ ഏറ്റവും ക്രൂരമായി തോന്നിയ ഡയലോഗ് ഇതായിരുന്നു.

കര്‍ണന്‍ എളുപ്പത്തില്‍ കണ്ടിരിക്കാവുന്ന ഒരു സിനിമയേയല്ല. ആ ഒരു പ്രതീക്ഷയും വെച്ചല്ല ചിത്രത്തിന് പോയതും. ചിത്രം തുടങ്ങുന്നത് തന്നെ തെരുവുനായയെ പോലെ വഴിയില്‍ കിടന്ന് മരിക്കേണ്ടി വരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയില്‍ നിന്നാണ്. അവിടെ നിന്നും അവളുടെ ഗ്രാമത്തിന്റെ വിഷ്വലിലേക്ക് ചിത്രം നീങ്ങുമ്പോള്‍ അവള്‍ തന്നെയാണ് ആ ഗ്രാമമെന്ന് മനസ്സിലാകും.

പിന്നീട് ആ ഗ്രാമം, സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തീരുമാനിക്കുന്നതാണ് കര്‍ണന്റെ കഥ. മനുഷ്യനായി പരിഗണിക്കപ്പെടുക എന്ന അടിസ്ഥാന ആവശ്യത്തിന് വേണ്ടിയാണ് അവര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. പക്ഷെ അപ്പോള്‍ പോലും മരണഭയത്തോടെയല്ലാതെ, പ്രിയപ്പെട്ടവര്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം എന്ന പേടിയോടെയല്ലാതെ അവര്‍ക്ക് ഒരടി മുന്നോട്ടു പോകാനാകില്ല എന്ന്് കര്‍ണന്‍ വ്യക്തമാക്കുന്നുണ്ട്.

ഒരു തരത്തില്‍ നോക്കിയാല്‍ ഒരു ബസ് സ്റ്റോപ്പിനെ ചുറ്റിപ്പറ്റിയാണ് കര്‍ണന്റെ കഥ നടക്കുന്നത്. ഒരു പക്ഷെ, ഒരു ബസ് സ്റ്റോപ്പാണോ നമ്മള്‍ കാണുന്ന പ്രശ്ങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം, പക്ഷെ സാമൂഹ്യവ്യവസ്ഥയിലെ പ്രിവിലേജുകളില്‍ കഴിയുന്നവര്‍ നിസ്സാരമെന്ന് കരുതി ശ്രദ്ധിക്കുകയേ ചെയ്യാത്ത പലതും നമ്മുടെ നാട്ടിലെ ദളിത് സമൂഹങ്ങള്‍ക്ക് ജീവന്‍ കൊടുത്ത് വരെ നേടിയെടുക്കേണ്ട അവകാശങ്ങളാണെന്ന് ചിത്രം ഈ ഒരു കഥാതന്തുവിലൂടെ വ്യക്തമായി കാണിച്ചുതരും. ബസ് സ്റ്റോപ്പില്ലാതാകുന്നത് എന്തുകൊണ്ടാണെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എത്രത്തോളമാണെന്നും ചിത്രം ഇതിനൊപ്പം വ്യക്തമായി പറയുന്നുണ്ട്.

മൂന്ന് തലമുറയുടെ പ്രതിരോധ – അതിജീവന മാര്‍ഗങ്ങള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്. നാളുകള്‍ നീണ്ട അധ്വാനത്തിലൂടെ കാടായി കിടന്ന ഒരു സ്ഥലത്തെ ഗ്രാമമായി മാറ്റിയെടുത്ത മുതിര്‍ന്ന തലമുറ, ഉള്ളില്‍ പ്രതിഷേധത്തിന്റെ തീയുണ്ടെങ്കിലും, എങ്ങനെയെങ്കിലും അതിജീവിച്ച് പോകണം എന്ന് കരുതുന്നവരാണ്.

ജീവിതം ഇപ്പോള്‍ തുടങ്ങിയ, ധനുഷ് ചെയ്ത കര്‍ണനെ പോലെയുള്ള ചെറുപ്പക്കാരുടെ തലമുറ, ഇനിയും സഹിച്ചു ജീവിക്കാനാകില്ലെന്ന് തീരുമാനിച്ചവരാണ്, വ്യവസ്ഥിതിയോട് കലഹിക്കുന്നവരാണ്. ഉള്ളില്‍ തിളച്ചു മറിയുന്ന ദേഷ്യമുള്ളവരാണ്. പക്ഷെ അവരും ഇടയ്ക്കൊക്കെ ഒന്നു കാത്തുനില്‍ക്കുന്നുണ്ട്.

അതും കഴിഞ്ഞ് വരുന്ന ഗ്രാമത്തിലെ കുട്ടികളുടെ തലമുറ ഇനിയും ഒരു നിമിഷം പോലും സഹിച്ചു നില്‍ക്കാന്‍ തയ്യാറാകാതെ പ്രതികരിക്കുന്നവരാണ്. രണ്ട് കല്ലേറുകളിലൂടെ ചിത്രം ഇക്കാര്യം വ്യക്തമായി കാണിക്കുന്നുണ്ട്. തലമുറകള്‍ കഴിയും തോറും അനീതിയ്ക്കെതിരെ ശബ്ദമയുര്‍ത്താനും അവകാശങ്ങള്‍ക്കായി നിലകൊള്ളാനും അടിച്ചമര്‍ത്തപ്പെട്ടവന്‍ വൈകില്ലെന്ന കാര്യം വ്യക്തമാക്കുകയാണ് ഈ മൂന്ന് തലമുറകളിലൂടെ കര്‍ണന്‍.

ആരാധിക്കുന്ന ദൈവങ്ങള്‍ക്ക് പോലും തങ്ങളെ കാക്കാന്‍ കഴിയില്ലെന്ന് നീണ്ട കാലത്തെ ജീവിതത്തിലൂടെ മനസ്സിലാക്കിയതുകൊണ്ടാകാം ചിത്രത്തിലെ ദൈവങ്ങള്‍ക്കൊന്നും മുഖമില്ല. ഒടുവില്‍ സിനിമയുടെ ആദ്യത്തിലും അവസാനത്തിലും അവര്‍ ദൈവങ്ങളായി വരച്ചു ചേര്‍ക്കുന്ന മുഖങ്ങള്‍ തങ്ങളുടെ കൂട്ടത്തിലെ തന്നെ ജീവനും ജീവിതവും വെടിഞ്ഞ് അവരെ മുന്നോട്ടുനയിച്ച മനുഷ്യരുടെയാണ്.

ഈ ഹാര്‍ഡ് ഹിറ്റിംഗ് റിയാലിറ്റികളെ മികച്ച ഒരു സിനിമാവിഷ്‌കാരമായി മാറ്റിയെടുക്കാന്‍ കര്‍ണന് കഥയെഴുതി സംവിധാനം ചെയ്ത മാരി സെല്‍വരാജിന് കഴിഞ്ഞിട്ടുണ്ട്. ധനുഷും ലാലും രജിഷ വിജയനും ലക്ഷ്മി പ്രിയ ചന്ദ്രമൗലിയും യോഗി ബാബുവും നാട്ടിയും ഗൗരി ജി. കിഷനും ജി.എം. കുമാറും തുടങ്ങി ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പെര്‍ഫോമന്‍സുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ധനുഷ് – ലാല്‍ കെമിസ്ട്രി ഗംഭീരമായിരുന്നു.

പൂര്‍ണ്ണമായും കര്‍ണനായി മാറിയ ധനുഷ് വീണ്ടും ഞെട്ടിക്കുമ്പോള്‍ യമന്‍ താത്തയായി ലാല്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആദ്യ തമിഴ് ചിത്രത്തില്‍ രജിഷ വിജയനും തന്റെ ഭാഗങ്ങളെല്ലാം മനോഹരമാക്കി തീര്‍ത്തിട്ടുണ്ട്. രജിഷയുടെ ദ്രൗപതിയേക്കാള്‍ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ ഏറെ ഇഷ്ടപ്പെട്ടത് കര്‍ണന്റെ ചേച്ചിയായെത്തുന്ന ലക്ഷ്മി പ്രിയ ചന്ദ്രമൗലിയുടെ പെര്‍ഫോമന്‍സായിരുന്നു. ഗൗരി ബാബുവിനും കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി മുഴുനീള ക്യാരക്ടര്‍ റോള്‍ ചിത്രം സമ്മാനിക്കുന്നുണ്ട്.

ശക്തമായ ഒരുപാട് ഇമേജറികള്‍ വളരെ ബോധപൂര്‍വ്വം തന്നെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. കര്‍ണന്‍, ദുര്യോധന്‍, യമന്‍, ദ്രൗപതി എന്നിങ്ങനെയുള്ള പേരുകളും, കര്‍ണന്റെ കുതിരയും, വാളും, മുന്‍കാലുകള്‍ കെട്ടപ്പെട്ട ഒരു കഴുതയും, കാട്ടു പേച്ചിയെന്ന അവരുടെ കുലദൈവവും, ആ ദൈവമാകുന്ന പെണ്‍കുട്ടിയുമെല്ലാം സിനിമയിലുടനീളം ഒരു ഏച്ചുകൂട്ടലുമില്ലാതെ കടന്നുവരുന്നു. അതുപോലെ തന്നെ മിത്തുകളും ഇതിഹാസങ്ങളുമെല്ലാം പല രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.

തേനി ഈശ്വറിന്റെ ക്യാമറ കര്‍ണനെ കാണാന്‍ പ്രേരിപ്പിക്കുന്നതിലെ മറ്റൊരു പ്രധാന ഘടകമാണ്. പാടങ്ങളും വിജനമായ വഴികളും സന്ധ്യകളും മുതല്‍ ക്ലോസ്അപ്പുകളും വഴക്കും കയ്യാങ്കളിയും കലാപവും പൊലീസ് വേട്ടയും കൊടുമ്പിരി കൊള്ളുന്ന രംഗങ്ങളുമെല്ലാം ഉള്ളില്‍ തറഞ്ഞുനില്‍ക്കും വിധം തേനി ഈശ്വര്‍ ക്യമറയില്‍ പകര്‍ത്തുന്നുണ്ട്. ഈ വിഷ്വലുകള്‍ക്കും കഥയ്ക്കുമൊപ്പം ഒരു വേലിക്കെട്ടിലും ഒതുങ്ങി നില്‍ക്കാത്ത പരീക്ഷണങ്ങള്‍ നടത്തുന്ന സന്തോഷ് നാരായണന്റെ സംഗീതം കൂടി ചേരുമ്പോള്‍ കര്‍ണന്‍ മികച്ച ഒരു തിയേറ്റര്‍ എക്സിപീരിയന്‍സായി തീരുന്നു.

ഒരേ ആവശ്യത്തിന് വേണ്ടി നിലകൊള്ളുന്ന എന്നാല്‍ തെരഞ്ഞെടുത്ത പാതകള്‍ വ്യത്യസ്തമായ രണ്ടു പേരാണ് മാരി സെല്‍വരാജിന്റെ പരിയേരും പെരുമാളും കര്‍ണനും. നിങ്ങള്‍ പഠിച്ചു വലുതായി ഉയര്‍ന്ന ജോലി നേടുമ്പോള്‍ മാറ്റങ്ങള്‍ സ്വാഭാവികമായും സംഭവിക്കുമെന്ന വിശ്വാസം ഇന്നിന്റെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ മാത്രം പ്രാപ്തമല്ലെന്ന് കര്‍ണന്‍ വ്യക്തമായി പറയുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരും. നേരിട്ടുള്ള പ്രതിഷേധങ്ങളും വ്യവസ്ഥിതിയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ക്രമേണയുള്ള പടി പടിയായുള്ള ഉയര്‍ച്ചയുമാണ് മാറ്റത്തിനുള്ള മാര്‍ഗമായി മാരി സെല്‍വരാജ് മുന്നോട്ടുവെയ്ക്കുന്നത്.

പ്രധാനമായും 1997ല്‍ നടന്ന സംഭവങ്ങളെയും പശ്ചാത്തലത്തെയും കാണിക്കുന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ വലിയൊരു ഭാരം മനസ്സില്‍ അവശേഷിക്കും. കാരണം ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ കാര്യങ്ങളൊന്നും മാറിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നമ്മളെ കുത്തിനോവിച്ചുകൊണ്ടിരിക്കും.

Content Highlight: Film Review Karnan – Dhanush –  Mari Selvaraj – Movie

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more