കാര്യമല്ലാത്തൊരു കളി
Film Review
കാര്യമല്ലാത്തൊരു കളി
അശ്വിന്‍ രാജ്
Friday, 9th February 2018, 7:33 pm

  ചിത്രം :  കളി
       സംവിധാനം,കഥ :  നജിം കോയ
                       തിരക്കഥ : നജിം കോയ, അറൂസ് ഇര്‍ഫാന്‍
                        നിര്‍മ്മാണം : ആഗസ്റ്റ് സിനിമാസ്
               ഛായാഗ്രഹണം: സജിത് പുരുഷന്‍
          സംഗീതം: രാഹുല്‍ രാജ്

കളി കളിയല്ല കാര്യമാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് തിരക്കഥാകൃത്തായിരുന്ന നജിം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന “കളി” തിയേറ്ററുകളില്‍ എത്തിയത്. പുതുമുഖങ്ങളെയും സീനീയര്‍ താരങ്ങളെയും ഒരേ പോലെ ചേര്‍ത്ത് വെച്ച് അപൂര്‍വ്വരാഗങ്ങളുടെയും ഫ്രൈഡയുടെയും തിരക്കഥാകൃത്തായ നജിം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, നിര്‍മ്മിക്കുന്നത് ആഗസ്റ്റ് സിനിമ, ഇതിന് പുറമേ ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുകളും നല്‍കിയ ചെറുതല്ലാത്ത പ്രതീക്ഷകളും കളി ആദ്യ ദിനം തന്നെ കാണുന്നതിന് ഈ ഘടകങ്ങള്‍ മതിയായിരുന്നു. പൃഥിരാജ് പങ്കാളിത്തം ഒഴിഞ്ഞ ശേഷം ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ആദ്യ പടം എന്നതും ചിത്രത്തിനുമുകളിലുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ ടാഗ് ലൈന്‍ സൂചിപ്പിക്കുന്ന പോലെ അത്ര കാര്യമല്ല “കളി”യെന്ന് പറയേണ്ടി വരും. കൊച്ചിയില്‍ സ്ഥിരതാമസക്കാരായ സമീര്‍, പാച്ചാ, ഷാനു, അനീഷ്, ബിജോയ് എന്നീ അഞ്ചു ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജീവിതം അടിച്ചുപൊളിക്കാനും ആഡംബരമായി ജീവിക്കാനും ആഗ്രഹിക്കുന്ന ഇവര്‍ അല്ലറ ചില്ലറ തട്ടിപ്പുകളും കാണിക്കാറുണ്ട്. സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥ ബന്ധത്തിന്റെ ത്രീവ്രത കാണിക്കുന്നതിന് വേണ്ടിയാണെന്ന് തോന്നുന്നു പാച്ച പ്രേമിക്കുന്നത് ബിജോയുടെ പെങ്ങളെ തന്നെയാണ് ഇതിന് ഏറ്റവും സപ്പോര്‍ട്ട് ബിജോയ് തന്നെയാണ്.

ഒരു ദിവസം നഗരത്തിലെ പ്രമുഖ റസിഡന്‍ഷ്യല്‍ കോളനിയില്‍ പ്രത്യേക ലക്ഷ്യത്തോടെ എത്തുന്ന ഇവര്‍ എത്തുകയും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. പതിഞ്ഞ തുടക്കത്തോടെ തുടങ്ങുന്ന സിനിമ ആദ്യ പകുതിയുടെ അവസാനമാവുമ്പോഴേക്കും ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ പാതിവെച്ച് കൈവിട്ടു പോകുകയും വീണ്ടും വലിച്ച് നീട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

പുതുമുഖതാരങ്ങളില്‍ ആരുടെയും തന്നെ അഭിനയം ഓര്‍ത്ത് വെക്കാവുന്നതായിരുന്നില്ല എന്ന് വേണം പറയാന്‍. ഡി ഫോര്‍ ഡാന്‍സിലെ കുക്കുവിന് കാലിന് സ്വാധീന കുറവ് ഉള്ളയാളായി എന്തിനാണ് അവതരിപ്പിച്ചതെന്നും ഒരു ചോദ്യചിഹ്നമാണ്. സംഭാഷണങ്ങളിലും ഇമോഷണല്‍ രംഗങ്ങളിലും പലപ്പോഴും നാടകീയതയാണ്.  ക്ലൈമാക്‌സിലെ ട്വിസ്റ്റ് സഹിക്കാന്‍ പറ്റില്ല.  ശുഭാപര്യവസായി ആയി ചിത്രം അവസാനിക്കണമെന്ന സംവിധായകന്റെ വാശിയാണെന്ന് തോന്നുന്നു ഒട്ടും ലോജിക്കില്ലാത്ത മുന്‍കൂട്ടി പ്രവചിക്കാനാവുന്ന ട്വിസ്റ്റ് ചിത്രത്തില്‍ കൊണ്ട് വെച്ചത്.

ചിത്രത്തില്‍ ഒരു വശത്ത് പുതുമുഖങ്ങളെ അണി നിരത്തുമ്പോള്‍ മറുപുറത്ത് ടിനി ടോം, ബാബുരാജ്, ഷമ്മി തിലകന്‍, ജോജു ജോര്‍ജ്, ബൈജു, ബാലാജി, തുടങ്ങിയ സീനിയര്‍ താരങ്ങളുമുണ്ട്. എടുത്ത് പറയേണ്ടത് ജോജു അവതരിപ്പിച്ച് തിലകന്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളാണ്. ഷമ്മി തിലകനും തന്റെ റോള്‍ മികച്ചതാക്കി.

രാഹുല്‍ രാജിന്റെ സംഗീതത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. സജിത് പുരുഷന്റെ ചായാഗ്രഹണം മികച്ച നിലവാരം പുലര്‍ത്തി വിശ്വലുകള്‍ പലതും സിനിമയിലെ ത്രില്ലര്‍ സ്വഭാവം കൊണ്ട് വരാന്‍ ഒരു പരിധി വരെ സഹായിച്ചു.  

 

പോസ്റ്ററിലെ സൂചനകള്‍ പോലെ തന്നെ പാര്‍കൗര്‍ ആഭ്യാസമുറ കളിയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മികച്ച നിമിഷങ്ങളോ ആക്ഷനുകളോ കളിയില്‍ നല്‍കാന്‍ സംവിധായകന് കഴിഞ്ഞില്ല. കമ്മട്ടിപാടത്ത് താമസിക്കുന്നവര്‍ ഗുണ്ടകളും കാഷുള്ള ചെക്കന്‍മാരെ കണ്ടാല്‍ പെണ്‍കുട്ടികള്‍ പ്രേമിക്കുമെന്നുമാണ് സംവിധായകന്റെ ഇപ്പോഴുമുള്ള ധാരണയെന്ന് ചിത്രം കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലാകും.

തിയേറ്ററില്‍ നിന്ന് ഒറ്റ തവണ മാത്രം കാണാനുള്ള സിനിമയാണ് കളിയെന്ന് ഒറ്റ വാചകത്തില്‍ പറയാം.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.