| Sunday, 8th May 2016, 10:23 pm

പ്രണയത്തെയും, ജീവിതത്തെയും വേര്‍തിരിച്ചു ജെയിംസും, ആലീസും..!

ഡൂള്‍ന്യൂസ് ഡെസ്‌ക്

“സുകൃതം” എന്ന എം.ടി വാസുദേവന്‍നായര്‍  സിനിമയ്ക്ക് ശേഷം മരണത്തെ ഇത്രമേല്‍ മനോഹരവും, കാല്‍പ്പനികവുമായി ചിത്രീകരിച്ച ഒരു മലയാള സിനിമ ഞാന്‍ കണ്ടിട്ടില്ല. ഒരു പക്ഷേ, പ്രണയത്തെക്കുറിച്ച് ഈ സിനിമ ഒന്നും പറയുന്നില്ല. ആ നിലയില്‍ ഇതൊരു പ്രണയകഥയല്ല. മറിച്ച്, മരണമാണ് ഭാവം. എനിക്കും നിങ്ങള്‍ക്കും ഈ ഭൂമിയില്‍ ഇനിയെത്ര മണിക്കൂറുകള്‍ ബാക്കിയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ..  ഞാന്‍ ഈ സിനിമ കാണുകയോ, ഈ റിവ്യൂ എഴുതുകയോ ചെയ്യുമായിരിക്കില്ല. നമ്മുടെ പ്രവര്‍ത്തികളെ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ട് നമുക്ക് പാളിച്ചകള്‍ ഇല്ലാതെ ആവിഷ്‌ക്കരിക്കുവാന്‍ കഴിഞ്ഞേക്കാം.



 ഫിലിംറിവ്യൂ | ജഹാംഗീര്‍ റസാഖ് പാലേരി


ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★★☆☆

ചിത്രം: ജെയിംസ് ആന്‍ഡ് ആലീസ്
സംവിധാനം:  സുജിത് വാസുദേവ്
നിര്‍മ്മാണം:  ഡോ. സജികുമാര്‍
ക്യാമറ: സുജിത് വാസുദേവ്
എഡിറ്റിങ്: സംജിത്ത്
സംഗീതം:  ഗോപി സുന്ദര്‍

അഭിനേതാക്കള്‍: പൃഥ്വിരാജ്, വേദിക, സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ജോണ്‍ സാമുവല്‍, സിജോയ് വറുഗീസ്, മഞ്ജു പിള്ള, ഷാജു, പാര്‍വതി നായര്‍, അപര്‍ണ, ഉമാ നായര്‍ തുടങ്ങിയവര്‍.


പ്രണയവും ജീവിതവും ഉള്‍ചേര്‍ന്നതാണോ..? (ദാമ്പത്യ) ജീവിതത്തില്‍ നിന്ന് പ്രണയത്തിനു വ്യതിരിക്തമായ ഭാവങ്ങളും, മാനങ്ങളും കല്‍പ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്..? ഉണ്മകളെ തൊട്ടറിയുന്ന, പൊള്ളുന്ന ജീവിത പരിസരങ്ങളില്‍ പ്രണയമെന്നത് ഒരു കാല്‍പ്പനികതയുടെ  പേര് മാത്രമാകുന്നതായി പറയാമോ ?! മധ്യവര്‍ഗ്ഗ ജീവിത പരിസരങ്ങളില്‍ നിന്ന് ഒരു മലയാളിയുടെ ദാമ്പത്യത്തിനെയും പ്രണയത്തെയും ഇഴപിരിക്കുകയാണ് ക്യാമറാമാനായ സുജിത് വാസുദേവ് തന്റെ ആദ്യത്തെ സംവിധാന സംരഭത്തിലൂടെ ചെയ്യുന്നത്. നിറമുള്ള പ്രണയവും, പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതവും, ഫാന്റസിയാകുന്ന മരണവും, ഇഴപിരിച്ചു തന്നെയാണ് സുജിത് തന്റെ സിനിമയെ വരച്ചിടുന്നത്. അത്രമേല്‍ ബ്രില്ല്യന്റ് ആയ ശ്രമം എന്ന് തന്നെ ഇതിനെ വിളിക്കാന്‍ മടിക്കേണ്ടതില്ല.

ശുഭപര്യാവസായിയായ പ്രണയത്തിനൊടുവില്‍, വിവാഹത്തിന്റെ രംഗത്തോടെ കഥ വായിച്ചവസാനിപ്പിക്കുകയും, സിനിമ കണ്ടവസാനിപ്പിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ ഇന്ത്യാക്കാര്‍. പ്രണയ സാക്ഷാത്ക്കാരമായി നമുക്ക് പരിചിതമായതും, അക്കാരണത്താല്‍ തന്നെ നാം പ്രതീക്ഷിക്കുന്നതും വിവാഹമാണ്. പക്ഷേ, വിവാഹം പ്രണയത്തിന്റെ സാക്ഷാത്കാരമല്ല എന്ന് തുടരനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് സിനിമയില്‍ മാത്രമല്ല കേരളത്തിന്റെ കുടുംബ കോടതികളില്‍ എത്തുന്ന വിവാഹ മോചനക്കേസുകളില്‍ ഭൂരിഭാഗവും , മുകളില്‍പ്പറഞ്ഞ പ്രണയസാക്ഷാത്ക്കാരം നേടിയവരാണ് എന്നതാണ് വസ്തുത. ആ നിലയില്‍ പ്രണയം, കാല്‍പ്പനികവും, മൂര്‍ത്തവുമായ മനോഹര ജീവിതാവസ്ഥയും, പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതം അതായി ആ നിലയില്‍ത്തന്നെയും അസ്ഥിത്വം ആര്‍ജ്ജിക്കുന്നതാണ് നല്ലത്.

ജെയിംസ് എന്ന പരസ്യ ചിത്രങ്ങളുടെ സംവിധായകനായ യുവാവ്, എസ്റ്റേറ്റ് ഉടമയുടെ മകളായ ആലീസിനോടൊപ്പം ജീവിതം ആരംഭിക്കുന്നതും ക്രമേണ അവരുടെ ജീവിതത്തില്‍ അവര്‍തന്നെ പ്രണയത്തെയും, ദാമ്പത്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയും വേര്‍തിരിച്ചറിയുന്നതുമാണ് സിനിമ. ഒരുവേള ലോകത്ത് ഏറ്റവും നെഗറ്റീവ് എനര്‍ജി സൃഷ്ട്ടിക്കുന്ന ഇടമായ കേരളത്തിലെ ഒരു കുടുംബ കോടതിയില്‍ വരെ അവരുടെ ജീവിതം ചെന്നെത്തിപ്പെടുന്നുണ്ട്.

“സുകൃതം” എന്ന എം.ടി വാസുദേവന്‍നായര്‍  സിനിമയ്ക്ക് ശേഷം മരണത്തെ ഇത്രമേല്‍ മനോഹരവും, കാല്‍പ്പനികവുമായി ചിത്രീകരിച്ച ഒരു മലയാള സിനിമ ഞാന്‍ കണ്ടിട്ടില്ല. ഒരു പക്ഷേ, പ്രണയത്തെക്കുറിച്ച് ഈ സിനിമ ഒന്നും പറയുന്നില്ല. ആ നിലയില്‍ ഇതൊരു പ്രണയകഥയല്ല. മറിച്ച്, മരണമാണ് ഭാവം. എനിക്കും നിങ്ങള്‍ക്കും ഈ ഭൂമിയില്‍ ഇനിയെത്ര മണിക്കൂറുകള്‍ ബാക്കിയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ..  ഞാന്‍ ഈ സിനിമ കാണുകയോ, ഈ റിവ്യൂ എഴുതുകയോ ചെയ്യുമായിരിക്കില്ല. നമ്മുടെ പ്രവര്‍ത്തികളെ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ട് നമുക്ക് പാളിച്ചകള്‍ ഇല്ലാതെ ആവിഷ്‌ക്കരിക്കുവാന്‍ കഴിഞ്ഞേക്കാം.

ഈ നിലയിലാണ് മരണമെന്ന പ്രാപഞ്ചിക  ഉണ്മയെ ഈ സിനിമ സമീപിക്കുന്നത്. ഇത് മലയാള സിനിമയില്‍ ഏറെക്കുറെ അപൂര്‍വ്വമായ ഒരു സിനിമാ സമീപന രീതിയാണ്. നമ്മുടെ ആസ്വാദന തലങ്ങളെ അത്രമേല്‍ വിശാലമാക്കി മുന്‍വിധികളില്ലാതെ (സിനിമയ്ക്ക് ശേഷവും ) സമീപിക്കുമ്പോള്‍ മാത്രമാണ് ജെയിംസ് ആന്‍ഡ് ആലീസ് എന്ന  സിനിമ നമുക്ക് മനസ്സിലാവുകയുള്ളൂ. അത് മുന്നോട്ട് വയ്ക്കുന്ന ജീവിത ദാര്‍ശനികത മനസ്സിലാവാന്‍ പിന്നെയും മനനങ്ങള്‍ ആവശ്യമായി വരും.

പ്രേമത്തില്‍ രതി ചെയ്യുന്നതെന്തോ, അതാണ് ഏകാന്തതയില്‍ വിഷാദം ചെയ്യുക എന്ന് വീട്ടിലും, സമീപത്തെ പെയിന്റിംഗ് പുരയിലും, തൊഴില്‍ സ്ഥലത്തും ഒടുവില്‍ ഒരാശുപത്രിയുടെ ന്യൂറോ ICU വിലും ജീവിതം വരച്ചിടുന്ന ജെയിംസ് തെളിയിക്കുന്നു.  ജീവിതത്തില്‍ മനുഷ്യര്‍ക്ക് രണ്ടവസ്ഥകളേ ഉള്ളൂ…!

ഒന്നുകില്‍ ഉള്ളു ചുട്ടുചൂഴ്ന്ന് രക്തമിറ്റും മുറിവാഴത്തോടെ പ്രേമിക്കുക ! അല്ലെങ്കില്‍ ഉള്ളു പഴുത്തടര്‍ന്ന് അറുന്നു നീങ്ങി ഭയാനകമായ നിശ്ശബ്ദതയോടെ ഏകാന്തപ്പെടുക…!! ആ ഏകാന്തതയില്‍ മരണത്തിന്റെ തണുപ്പുമുണ്ടാകാം. പക്ഷേ ഒടുവില്‍ ജെയിംസിന്റെയും , അലീസിന്റെയും പ്രണയം മരണത്തെയും മറികടന്നു ജീവിതത്തിന്റെ ഉപ്പും, ഉണ്മയും തേടി സഞ്ചരിക്കുന്നു..!!!

കന്നിസംരംഭത്തെ  ചില പരീക്ഷണങ്ങള്‍ക്കുകൂടി വിധേയമാക്കാന്‍ സുജിത് വാസുദേവ് കാണിച്ച നട്ടെല്ലുബലത്തെ ബഹുമാനിക്കാതെ വയ്യ. തന്റെ പണി സിനിമ ചെയ്യല്‍ തന്നെയാണെന്ന് സുജിത് കയ്യൊപ്പ് ചാര്‍ത്തി വിളിച്ചു പറയുന്നുണ്ട്. അതുതന്നെയാണീ സിനിമ. ഈ സിനിമയുടെ ആഖ്യാന പരിസരങ്ങളുടെ അപരിമേയതയെ ശരാശരി മലയാളി പ്രേക്ഷകന് ഇനിയും മനസ്സിലായിട്ടില്ല എന്ന് തന്നെയാണ് ഇതിന്റെ ബോക്‌സോഫീസ് ചലനങ്ങള്‍ വ്യക്തമാക്കുന്നത്. നവ്യമായ സിനിമാസ്വാദന അനുഭവങ്ങള്‍ മലയാളി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നേ അതിനെക്കുറിച്ച് പറയുവാനുള്ളൂ..!

പ്രിഥ്വിരാജ് അനുദിനം പകരം വയ്ക്കാനില്ലാത്ത ഒരു നടനായി മാറുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ഈ സിനിമ. പരകായപ്രവേശം  അത്രമേല്‍ അനായാസമാണ് ഈ ചെറുപ്പക്കാരന്. ഏതു സിനിമയിലും തന്റെ വേഷം ഭദ്രവും, ഗംഭീരവുമാക്കുന്ന പതിവ് രാജു ഈ സിനിമയിലും തുടരുന്നുണ്ട്. ആലീസ് എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച വേദിക പ്രേക്ഷകരെ നായകനൊപ്പം തന്നെ രംഗങ്ങളില്‍ നിറയുന്നുണ്ട്. പക്ഷേ, ഭാവവൈവിധ്യങ്ങള്‍ അവകാശപ്പെടാനില്ലാത്ത കഥാപാത്രമാണ് എന്നതിന്റെ പരിമിതികള്‍ നായികാ കഥാപാത്രത്തിനുണ്ട്. ഇവരെക്കൂടാതെ, മഞ്ജു പിള്ള, സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ബാലതാരം എമിനി സല്‍മാന്‍, വിജയരാഘവന്‍ എന്നിവരും തങ്ങളുടെ വേഷം ചിത്രത്തില്‍ കയ്യടക്കത്തോടെ ചെയ്യുന്നു.

പാട്ടുകള്‍ ഒരുക്കിയ റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍.  ഗോപി സുന്ദര്‍ എന്നിവര്‍ ചുണ്ടില്‍ നിന്ന് മായാത്ത ഈണങ്ങള്‍ സൃഷ്ട്ടിച്ചില്ലെങ്കിലും കഥാസന്ദര്‍ഭങ്ങളെ ബഹുമാനിക്കുന്നുണ്ട് ഈരടികള്‍. പാടുവാന്‍ നിയോഗിച്ച പുതുമയുള്ള ശബ്ധങ്ങളെയും പരാമര്‍ശിക്കാതെ വയ്യ. കലാസംവിധാനം നിര്‍വ്വഹിച്ച രാജീവ്, മേക്കപ്പ് ചെയ്ത ശ്രീജിത്ത് ഗുരുവായൂര്‍ കോസ്റ്റ്യും ഡിസൈനര്‍  അരുണ്‍ മനോഹര്‍ എന്നിവരുടെ ഭാവനയുടെ സമ്പന്നത ഈ സിനിമയില്‍ വരച്ചുകാട്ടുന്നുണ്ട്  എന്നും പറയാതെ വയ്യ.

നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടാലും, ഇല്ലെങ്കിലും പ്രിഥ്വിരാജ് എന്ന  അതുല്യ നടന്റെ പ്രതിഭയെ അടയാളപ്പെടുത്തിയതും, സുജിത് വാസുദേവിന്റെ മനോഹര ക്യാമറയും, സംവിധായകന്‍ എന്ന  നിലയിലെ ധൈര്യവും, മലയാള സിനിമയിലെ പുതിയൊരു ആഖ്യാന പരീക്ഷണത്തിന്റെ ഉദ്ഘാടനം എന്ന  നിലയിലും ഈ സിനിമ പ്രസക്തമാണ് എന്ന  കാര്യം ഉറപ്പ്. മനസ്സിന് വിശാലതയുള്ള, ക്ലീഷേ കാഴ്ചകള്‍ക്ക് വാശിപിടിക്കാത്ത പ്രേക്ഷകന്‍ അത്യാവശ്യമായി ഈ സിനിമ കാണണം. സുജിത് വാസുദേവന്റെ ഗൃഹപാഠ പോരായ്മകള്‍ മുഴച്ചു നില്‍ക്കുമ്പോഴും….!

We use cookies to give you the best possible experience. Learn more