| Sunday, 1st December 2019, 1:31 pm

എന്നെയ് നോക്കി പായും തോട്ട - രക്ത ബന്ധം തിരുത്തി എഴുതുന്ന പ്രണയ ബന്ധം...

ശംഭു ദേവ്

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗൗതം വാസുദേവ് മേനോന്റെ ധനുഷ് നായകനാകുന്ന ചിത്രം എന്നെയ് നോക്കി പായും തോട്ട റീലീസിനെത്തുന്നത്. വാരണം ആയിരം മുതല്‍ ഗൗതം മേനോന്റെ സിനിമകളില്‍ മാത്രം കണ്ട് വരുന്ന പ്രണയവും കൗമാരവും കണ്ട് നില്‍ക്കുന്ന പ്രേക്ഷകന്റെ മനം മയക്കുന്നതാണ്.

അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ യുവാക്കള്‍ക്കിടയില്‍ വല്ലാത്ത സ്വാധീനം ചെലുത്തുവാന്‍ സാധ്യമായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ഓരോ നടന്റെയും സെല്‍ഫ് നറേഷന്‍ കൊണ്ട് കഥയുടെ കാമ്പിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിച്ചിരുന്നു. തന്നെ താന്‍ തന്നെ പല സിനിമകളില്‍ ആവര്‍ത്തിക്കുമ്പോഴും, അയാള്‍ക്ക് മാത്രം പറയുവാന്‍ ചില കാര്യങ്ങള്‍, വളരെ ഹൃദ്യമായി പറഞ്ഞു പോകുന്നത് ‘യെന്നെ അറിന്താല്‍’ പോലുള്ള സിനിമയില്‍ വ്യക്തമായി കാണാം.

‘എന്നെയ് നോക്കി പായും’ തോട്ട ‘സോങ് ടീസര്‍’ മുതല്‍ ഇന്നലെ വരെ പ്രേക്ഷകരില്‍ സൃഷ്ടിച്ചത് ഒരു റൊമാന്റിക് ആക്ഷന്‍ ചിത്രമെന്ന ലേബലാണ്. എന്നാല്‍ ചിത്രം പ്രണയവും, സഹോദര ബന്ധവും കലര്‍ന്ന ആക്ഷന്‍ ത്രില്ലറാണ്. ഇതുവരെ കേള്‍ക്കാത്ത കഥയല്ല, കാണാത്ത കാഴ്ചയുമല്ല. എന്നാല്‍ പറഞ്ഞ കഥയെ ഒരു ജി.വി.എം ശൈലിയില്‍ ചടുലതയോടെ ഒരുക്കിയിരിക്കുന്നു. റീലീസിനൊരുങ്ങുന്നത് മുന്നേ വിമര്‍ശനങ്ങള്‍ കൊണ്ടും പരിഹാസം കൊണ്ടും ആറാടിയ ചിത്രം തുടങ്ങുന്നത് തന്നെ സംവിധായകന്റെ ഒരു ചെറിയ നരേഷനില്‍ നിന്നാണ്. വീണ് പോയ നിമിഷങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു സംവിധായകന്റെ തെറ്റില്ലാത്ത പരിശ്രമവുമാണ് ചിത്രം.

രഘു (ധനുഷ്) എന്ന പ്രധാന കഥാപാത്രത്തിന് സംഭവിക്കുന്ന പ്രണയവും അതില്‍ ഉത്ഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങളും അവയിലെ പ്രതിനായകന്മാരും ചുറ്റി പറ്റിയാണ് ആദ്യ പകുതി. എന്നാല്‍ ഗൗതം മേനോന്റെ ചിത്രങ്ങളിലെ പ്രണയം എന്നും കാണുവാന്‍ മനോഹരമാണ്. എന്നാല്‍ പ്രണയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കഥാപശ്ചാത്തലമല്ല, രഘുവിന്റെ ജീവിതത്തില്‍ അറ്റ് പോയ പ്രണയം നഷ്ടപ്പെട്ട തന്റെ സഹോദരന്റെ അരികിലേക്കുള്ള യാത്രയായി വഴിതിരിയുകയാണ്. ഒരുപുറത്ത് രക്തബന്ധവും മറുഭാഗത്ത് പ്രണയബന്ധവും കലര്‍ന്നൊഴുകുന്ന ബോംബെയിലെ ചേരിയിലേക്ക് രഘു എത്തുന്നു. ഇതെല്ലാം നമ്മള്‍ മുന്‍പ് കണ്ടതും കേട്ടതുമായ കഥ തന്നെയാണ്. പക്ഷെ ഇതെല്ലാം ഗൗതം മേനോന്റെ ശൈലി ഇഷ്ടപെടുന്ന വിഭാഗത്തിന് അതേ ശൈലിയില്‍ പൊതിഞ്ഞ ഒരു ട്രീറ്റ് തന്നെയാണ്.

സാധാ പ്രേക്ഷകന് ആസ്വദിക്കാന്‍ സാധ്യമാകാത്ത ഒരു ഘടകവും ചിത്രത്തില്‍ ഉള്ളതായി അനുഭവപ്പെട്ടില്ല. പ്രണയവും, സംഘട്ടനവും, പ്രതികാരവുമെല്ലാം നിറഞ്ഞ ഒരു സാധാരണ ഗൗതം വാസുദേവ് മേനോന്‍ സിനിമ. ഒരിക്കലും ‘അച്ചം എന്‍ബത് മടമയട’ പോലെ ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒരു ചലച്ചിത്രനുഭവമല്ല, എന്നാല്‍ വാരണം ആയിരം, വേട്ടൈയ്യാട് വിളയാട്, വിണ്ണൈ താണ്ടി വരുവായ പോലെയുള്ള ചിത്രങ്ങളുടെ ഒപ്പം നില്‍ക്കുന്ന അനുഭവുമല്ല.. ഇതിന്റെ ഇടയിലുള്ള ഒരു അനുഭവമാണ് യഥാര്‍ത്ഥത്തില്‍ ചിത്രം

ധനുഷിന്റെ പ്രകടനം രഘു എന്ന കഥാപാത്രത്തിന്റെ യൗവ്വനവും അതിലെ എല്ലാ വൈകാരിക ഭാവങ്ങളെയും പ്രകാശിപ്പിക്കുവാന്‍ സാധ്യമായി എന്നാല്‍ കരിയറിലെ നല്ല പ്രകടനങ്ങളില്‍ മികച്ചതായി നില്‍ക്കുന്നില്ല. എവിടെയൊക്കെയോ കണ്ട് മറന്ന ധനുഷ് തന്നെയാണ്. മേഘ ആകാശ് ലേഖ എന്ന കഥാപാത്രം കഥയിലെ പ്രാധാന്യത്തില്‍ നിന്ന് കൊണ്ട് തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം അശ്വിന്‍ അവതരിപ്പിച്ച വില്ലന്‍ വേഷവും എടുത്ത് പറയേണ്ടതാണ്.

ടെക്നിക്കല്‍ വശങ്ങളില്‍ ജോമോന്‍ ടി ജോണിന്റെയും, മനോജ് പരമഹംസയുടെ സിനിമറ്റൊഗ്രാഫിയും ഒരു ദൃശ്യ നിലവാരം പുലര്‍ത്തി. ബോംബെയിലെ സ്റ്റണ്ട് സീനുകളിലെ ലൈറ്റിങ്ങും,ടോണിങ്ങുമെല്ലാം ചിത്രത്തിന്റെ നിലവാരത്തെ വല്ലാതെ ഉയര്‍ത്തുന്നുണ്ട്. ടര്‍ബുക്ക ശിവയുടെ സംഗീതമാണ് മേല്‍ പറഞ്ഞ കേട്ട കഥാസന്ദര്‍ഭങ്ങളെയും പ്രണയമുഹൂര്‍ത്തങ്ങളെയും ഒരു പുതിയ ഉണര്‍വ് നല്‍കുന്നത്. ‘മറു വാര്‍ത്തയ് പേസ്സാതെ’ എന്ന ഗാനം പ്ലെയ്സ് ചെയ്ത ടൈമിങ്ങും അപാരമാണ്. സംഗീതം പ്രേക്ഷകനെ കഥയിലേക്ക് കൂടുതല്‍ അടിപ്പിക്കുന്നതില്‍ വല്ലാതെ പങ്ക് വഹിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കാത്തിരുന്ന് മുഷിയേണ്ട അവസ്ഥ സൃഷ്ടിക്കാത്ത ചിത്രമാണ് എന്നെയ് നോക്കി പായും തോട്ട. ജി.വി.എമ്മിന്റെ മുന്‍കാല ചിത്രങ്ങളുടെ ശൈലിയില്‍ വന്ന ഒരു ശരാശരി അനുഭവം.

DoolNews Video

ശംഭു ദേവ്

We use cookies to give you the best possible experience. Learn more