“Tell me one last thing,” said Harry. “Is this real? Or has this been happening inside my head?”
“Of course it is happening inside your head, Harry, but why on earth should that mean that it is not real?” (Dumbledore)
-J.K. Rowling, Harry Potter and the Deathly Hallows
1958 ല്‍ ഇറങ്ങിയ ആഷസ് ആന്‍ഡ് ഡൈമണ്ട്സ് ലോകമെമ്പാടുമുള്ള സിനിമപ്രേമികളുടെ കള്‍ട്ട് ഗണത്തില്‍പ്പെട്ട ചിത്രമാണ്. എക്കാലത്തേയും ഏറ്റവും മികച്ച പോളിഷ് സിനിമയെന്നും ആന്ദ്രേ വെയ്ദയുടെ ഏറ്റവും മികച്ച സിനിമയെന്നും മാത്രമല്ല, ലോകത്തിന്നേവരെ ഉണ്ടായിട്ടുള്ള മികച്ച ചിത്രങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഒന്ന് എന്ന വിശേഷണവും ആഷസ് ആന്‍ഡ് ഡൈമണ്ട്സിന് ചേരും. മനുഷ്യാവസ്ഥകളെ ഓര്‍ക്കുന്ന സിനിമാപ്രേമിക്ക് ആഷസ് ആന്‍ഡ് ഡൈമണ്ട്സ് ഓര്‍ക്കാതിരിക്കാനാവില്ല. ചാരം മുതല്‍ വജ്രം വരെയുള്ള ഭിന്നരൂപങ്ങള്‍ (Allotrope) ആവാഹിക്കുന്ന ജീവിതങ്ങളെ പകര്‍ത്തുമ്പോള്‍ കാര്‍ബണ്‍ എന്ന പേര് ആറ്റോമിക് പട്ടികയിലെ ആറാം നമ്പര്‍ കള്ളിയിലെ മൂലകാവസ്ഥയില്‍ നിന്നിറങ്ങിവരും.
സിബി എന്ന എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് കാര്‍ബണ്‍. വജ്രമാവാന്‍ മോഹിച്ചുകൊണ്ടിരിക്കുന്ന കരി. സാധാരണമായി ജീവിക്കാന്‍ വയ്യാത്ത മനുഷ്യന്‍. അസാധാരണത്വം ആഗ്രഹിച്ച് അകാലങ്ങളില്‍ അവസാനിച്ച കാക്കത്തൊള്ളായിരങ്ങളുടെ പ്രതിനിധി. അയാളും അയാളുടെ ഏകാന്തവും ഭ്രാന്തവുമായ ജീവിത വിജയാസക്തിയും മാത്രമാണ് ഇതിലുള്ളത്. മറ്റെല്ലാം അപ്രസക്തമായ തൊങ്ങലുകളാണ്. ചിന്താവിഷ്ടയായ ശ്യാമളയുടെ ഭര്‍ത്താവ് വിജയനില്‍ നിന്ന് പുറപ്പെട്ടുപോയ ഒരു വിഷാദരോഗിയാണ് സിബി. അലസതയും ബുദ്ധിമാനാണെന്ന് ഭാവിക്കുന്ന അറിവില്ലായ്മയെന്ന പുരുഷകുലചിഹ്നവുമാണ് വിജയന്റേതെങ്കില്‍ അപകടമായ ഉന്മാദത്തോളമെത്തിയ രോഗമായി സിബിയുടെ ജീവിതവിജയത്തിനുള്ള ആഗ്രഹം മാറുന്നു. ധനസമ്പാദനമെന്ന ആശയത്താല്‍ ഭൂതാവിഷ്ടനാണ് അയാള്‍. ആ എളുപ്പവഴിക്ക് വേണ്ടി അയാളെത്രയും നടക്കും. അയാളെത്രയും അധ്വാനിക്കും,
ഇരുള്‍ വീണ വഴികളിലൂടെ മൂന്ന് ചെറുപ്പക്കാരെത്തുന്ന ഇടത്തരം വീടാണ് ആദ്യത്തെ സീക്വന്‍സ്. സിബിയുടെ വീടാണ്. ആദ്യഷോട്ടിലെ ഇരുട്ടും സഞ്ചാരവും സിനിമ നിറയെ ഉണ്ട്. വീട്ടിലെ സാഹചര്യം, സുഹൃത്തുക്കളുമായി ക്രമാനുഗതമായി രൂപപ്പെടുന്ന അകലം അത് വ്യക്തമാക്കിക്കൊണ്ടാണ് ആദ്യ സീന്‍ തീരുന്നത്. വഴികള്‍, തുടര്‍ച്ചയായ സഞ്ചാരങ്ങള്‍ അതാണ് സിബി ചെയ്തുകൊണ്ടിരിക്കുന്നതും. പിന്നിട്ട് പോകുന്ന കാലം ശൂന്യവും ഒന്നും അടയാളപ്പെടുത്താത്തതും ആകപ്പെടുന്നതിലുള്ള സിബിയുടെ ആകുലത ദൃശ്യരൂപത്തില്‍ തന്നെ സിനിമ കാണിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ നിന്നുള്ള മരതകക്കല്ലു മുതല്‍ വെള്ളിമൂങ്ങയും ആനകളും മുതല്‍ ജാര്‍ഖണ്ഡിലെ ചെലവഴിക്കാത്ത ആദിവാസി പെണ്‍കുട്ടികള്‍ക്കുള്ള ഫണ്ടുവരെയുണ്ട് സിബിക്ക് എളുപ്പവഴില്‍ സമ്പന്നനാകാന്‍. പണമിറക്കിയാലേ പണം വാരാന്‍ പറ്റൂ, എട്ടുവട്ടം ശ്രമിക്കുമ്പോഴാണ് ഒരു കടുവക്ക് ഇരയെ കിട്ടുന്നത് മുതല്‍ ലോകാരംഭം മുതലുള്ള എല്ലാ സ്വയം ന്യായീകരണവാദികളുടെയും തുറുപ്പുചീട്ടുകള്‍ മുഴുവന്‍ സിബിയുടെ പോക്കറ്റിലുണ്ട്.
സുഹൃത്തുക്കള്‍, വീട് തുടങ്ങിയ ലോകബന്ധങ്ങളെ നിരാകരിച്ചുകൊണ്ടാണ് സിബി തന്റെ ഇരുണ്ട ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കുന്നത്. നിരന്തരം സമ്പര്‍ക്കം മുറിയുകയും മകന്റെ വിവരം ഇല്ലാതാവുകയും ചെയ്യുമ്പോള്‍ പൊലീസില്‍ പരാതിപ്പെടണമെന്ന് അപ്പനമ്മമാര്‍ക്ക് തോന്നുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നത്. ഒട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സിബിയെ പിന്നെ നമ്മള്‍ കാണുന്നു. ഒട്ടോറിക്ഷ ഇവിടെ നിര്‍ത്തണോ, ലേശം മാറ്റി നിര്‍ത്തണോ എന്ന കാര്യത്തില്‍ സംശയുമുണ്ട്, ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ ഭീതിയും ആശയക്കുഴപ്പവുമുണ്ട്. തിരുവന്തപുരത്തേയ്ക്ക് സഞ്ചരിക്കാനുള്ള ഓഫര്‍ തുടര്‍ന്നുള്ള സംസാരത്തിനിടയില്‍ വയ്ക്കുന്നുണ്ട്. ഒളിത്താവളം പോലൊരു സ്ഥലത്താണ് താമസം. പല സിമ്മുകളും ഫോണുകളുമായി ഏകാന്തനായ അധോലോക ജീവിയായാണ് സിബി സ്വയം അടയാളപ്പെടുത്തുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സുഹൃത്തിന്റെ വീടാണ് ഇടത്താവളം. അവന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തയോടെ അവന്റെ അടുത്തുനിന്നും പതുക്കെ അകലന്നു. സിബി കുടുംബത്തിനൊപ്പം വീട്ടിലുള്ളത് ഒരു സീനില്‍ മാത്രമാണ്. അതില്‍ അനിയത്തിയുടെ സ്‌കൂട്ടര്‍ താത്കാലികമായി അടിച്ചെടുത്ത് മറ്റൊരു സഞ്ചാരത്തിനുള്ള സന്നാഹമാണ് കാണുന്നത്.
പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേയ്ക്കുള്ള സഞ്ചാരത്തിനൊടുവില്‍ സിബി എത്തുന്നത് ഒരു വനമ്പ്രദേശത്തെ പഴയ കൊട്ടാരംപോലുള്ള വീട്ടില്‍. ആദ്യമെത്തുമ്പോള്‍ ആ പ്രദേശത്ത് പകല്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ഭയമായിരുന്നു സിബിക്ക്. രാത്രി വരാന്തയില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഒരു നിമിഷം പിള്ളേച്ചനെ കാണാതാകുമ്പോഴേയ്ക്ക് ഭയം കൊണ്ട് അലറിവിളിക്കുന്ന സിബി പിന്നീട് സമീറയുടെ കൂട്ടുണ്ട് എന്ന ധൈര്യത്തിലാവണം വീടിന് വെളിയില്‍ കിടക്കാന്‍ തയ്യാറാകുന്നുണ്ട്. ശബ്ദങ്ങളെയും ഇരുട്ടിനേയും ഭയപ്പെടുന്ന സിബി കാട്ടിലുറങ്ങാനും ഭയങ്ങളെ അതിജീവിക്കാനും പഠിക്കുന്നു. പക്ഷേ ആ ധൈര്യം എന്താണ്? എന്തിന് വേണ്ടിയുള്ളതാണ്?
അവിടെ നിന്നുള്ള സഞ്ചാരങ്ങളില്‍ സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലരുന്നുണ്ട്. പ്രതിമയുടെ രൂപത്തിലുള്ള ഒരു ആനയുണ്ട്. അതുപോലെ കാട്ടിലൂടെ നടക്കുമ്പോള്‍ ആദ്യമെത്തിയ ആനയുണ്ട്. അതിനെ പേടിച്ച് ഓടി അണച്ചു നില്‍ക്കുമ്പോള്‍ എന്തിനാണ് ഓടിയത്, അത് അവന്റെ ഒരു കളിയല്ലേ എന്നാണ് സ്റ്റാലിന്‍ ചോദിക്കുന്നത്. നമ്മള്‍ അപ്പോള്‍ ആനയെ പേടിക്കണോ, പാപ്പാനേയോ? ആനയുടെ ഉടമസ്ഥന്‍ പനിപിടിച്ച് കിടക്കുകയാണോ, അതോ മരിച്ചുപോയോ? ഒരു കണ്ണില്‍ രക്തം കട്ടിപിടിച്ചു കിടക്കുന്ന, ആ സ്ത്രീ ഉള്ളതാണോ? 95 ലക്ഷം വിലയുള്ള ആന. മുറുക്കാന്‍ വാങ്ങാന്‍ പണം ചോദിക്കുന്ന മരിച്ചുപോയ പാപ്പാന്‍. ആ ആനയുടെ ചങ്ങല കിലുങ്ങിയിരുന്നോ? ഒരു വാളിന്റെ പിടിയുമായി ഇവിടെ നിന്ന് വരുന്നില്ലെന്ന് പറഞ്ഞ് നില്‍ക്കുന്ന സിബിയെ ദൂരേയ്ക്കോടിച്ചതും മരത്തില്‍ തലയടിച്ച് വീഴുന്നതിലും ഇടവരുത്തിയ ആനയേതാണ്? ആ തറവാട് മുറ്റത്ത് കണ്ട ആനയാണോ? അതിനെ അന്വേഷിച്ചിറങ്ങിയ പാപ്പാനേയാണോ പിന്നീട് നമ്മള്‍ കണ്ടത്? കണ്ണീരുപ്പുകലരാതെന്ത് ജീവിതപലഹാരം എന്ന മട്ടില്‍ ഫാന്റസിയല്പം ഇല്ലാതെന്ത് ജീവിതമെന്ന് തന്റെ ദര്‍ശനങ്ങളിലൊന്നായി സിബി ആദ്യം അതരിപ്പിക്കുന്നുമുണ്ട്.
അമ്മ, അപ്പന്‍, ജോലിയുള്ള അനിയത്തി, സുഹൃത്തുക്കള്‍, അതിലൊരു അടുത്ത സുഹൃത്ത്, പണം പലിശയ്ക്ക് കൊടുക്കുന്ന ലോക്കല്‍ ഗുണ്ട, രാഷ്ട്രീയനേതാവു കൂടിയായ ഒരു പണച്ചാക്ക് ബിസിനസുകാരന്‍, അയാളുടെ ഇടനിലക്കാരന്‍, കോണ്‍ഗ്രസുകാരനായ മറ്റൊരു ഇടനിലക്കാരന്‍, വസ്തു ഈടിന് പണം കൊടുക്കുന്ന മറ്റൊരു മുതലാളി എന്നിവരടങ്ങുന്ന സിബിയുടെ ഇതുവരെയുള്ള ജീവിതത്തിന്റെ പരിസരത്തുള്ളവര്‍. ഇവരാരുമായും ബന്ധങ്ങള്‍ തുടരാനാവാത്തവിധം മലീമസവും ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് നയിക്കുന്ന വിധത്തില്‍ ബന്ധിതവുമായ കുടുക്കുകളിലാണ് സിബി. അതില്‍ നിന്നാണ് ഇനിയുള്ള ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ഇതില്‍ നാലുപേരേയുള്ളൂ. ഒരു ഏകാന്തകൊട്ടാരത്തിന്റെ കാവല്‍ക്കാരനും നടത്തിപ്പുകാരനുമായ പിള്ളേച്ചന്‍, ആ കൊട്ടാരത്തിലേയ്ക്ക് എത്തിപ്പെടുന്ന ജംഗിള്‍ ജംഗിയായ സമീറ, കാടിനകം കൈരേഖപോലെ പരിചിതമെങ്കിലും സമൂഹം ഔട്ട്കാസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാലിന്‍, ആദിവാസി ബാലനായ കണ്ണന്‍. അഥവാ വളരെ കൃത്യമായും, കുടുംബം അതിനെ നിലനിര്‍ത്തുന്ന സമാന്തര സ്ഥാപനങ്ങള്‍ ഇവയാലൊക്കെ തള്ളപ്പെട്ട് ഒരിടത്തെത്തുമ്പോള്‍ അവിടെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹം പുറംതള്ളിയിട്ടുള്ള ചില മനുഷ്യര്‍ അവനൊപ്പം എത്തുന്നു.
നിധിവേട്ടയെന്ന ഫാന്റസികളുടെ അരങ്ങൊരുങ്ങിക്കഴിഞ്ഞു. പുലികൊന്നിട്ട മാനിന്റെ ഒരു കാല് മാത്രം ഭക്ഷണക്ഷാമമുണ്ടാകുമ്പോള്‍ എടുക്കുന്ന കാട് ഉപജീവനം കൂടിയായ ആദിവാസികള്‍ക്ക് ഒരു നീതിബോധമുണ്ട്. ഒന്ന് ആ ഒരു കാല് മതി ഒരു ചെറു കുടുംബത്തിന് കുറച്ച് ദിവസത്തേയ്ക്ക്, ബാക്കി കൂടിയെടുത്താല്‍ പുലിക്കെന്തുണ്ടാകും എന്ന വനനിയമം. കാട്ടില്‍ കിളിമുട്ട പരതുന്ന കണ്ണനുമുണ്ട്, കുറച്ച് മുട്ട ബാക്കിവയ്ക്കണം. വിരിയണം, വികസിക്കണം സന്തുലിതമായ വ്യവസ്ഥകള്‍ നിലനില്‍ക്കണമെന്ന്. കാടിന്റെ ആ യുക്തി നാടിനില്ല. അതുകൊണ്ടാണ് ചൈനയില്‍ നിന്ന് സൈക്കിള്‍ ഇറക്കുമതി ചെയ്യാമെന്നും ആദിവാസി ബാലികമാര്‍ക്കുള്ള സൈക്കിള്‍ ഫണ്ടില്‍ അഴിമതി നടത്താമെന്നും സിബി കണക്കുകൂട്ടുന്നത്. ആ മനോഭാവവുമായി കാട്ടിലേയ്ക്ക് കടന്നാല്‍ തൊട്ടതെല്ലാം പിഴയ്ക്കും. നിങ്ങളെ ബാധിച്ചിരിക്കുന്ന ധനമോഹമെന്ന ഭൂതം മായാക്കാഴ്ചകളുടെ ലോകത്തേയ്ക്ക് നയിക്കും.
നോക്കൂ, പാപ്പാന്റെ ചിത്രം സിബിയുടെ മൊബൈലില്‍ പതിഞ്ഞിട്ടുണ്ട്, അയാള്‍ ഇല്ലെന്ന് നിങ്ങളെങ്ങനെ പറയും. പത്തറുപത് വര്‍ഷം മുമ്പ് ഇരുള്‍ വീണ ആ കൊട്ടാരത്തിലെത്തിയ, കാടുകള്‍ കടന്ന് കവലയിലേയ്ക്ക് കടക്കുന്ന പിള്ളേച്ചന്‍ ഉള്ളത് തന്നെയല്ലേ, ബാര്‍ബര്‍ ഷോപ്പില്‍ പോയി താടി വടിക്കുന്നയാളാണ്. പക്ഷേ, നിഗൂഢതകളുടെ ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ പിള്ളേച്ചന്‍ പിടിതരില്ല. ആരാണ് സമീറ? കാടിന്നുള്ളില്‍ മായാക്കാഴ്ചയായി വരുന്നവളാണോ? അവളെവിടെ നിന്ന് വരുന്നു? എന്തിനാകും കരടിഗുഹയ്ക്കടുത്ത് ഒരു തൂവാല കെട്ടിയിട്ട് ഭാവിയിലേയ്ക്ക് വഴി തെളിക്കാന്‍ അവള്‍ തീരുമാനിച്ചത്? സ്റ്റാലിനെങ്ങനെയാണ് ആ ഗുഹ നേരത്തേ അറിയാവുന്നത്? കണ്ണന്റെ കണ്ണിന്റെ അജ്ഞാതമായ ഭയം എന്താണ്? തലക്കാണിയെ കുറിച്ചുള്ള മിത്തുകളും കഥകളും മാത്രമാണോ? ആത്മാവ് നഷ്ടപ്പെട്ടലഞ്ഞ് തീവണ്ടിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത, തല കാണാതായ അവന്റെ അപ്പന്‍ അവനോട് രഹസ്യമെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? കടങ്കഥകളുടെ മൂടിക്കെട്ടിയ മൈലാഞ്ചിവഴികളിലൂടെ നൂണ് നൂണ് നാമെത്തുന്ന വഴികള്‍ക്കൊടുവില്‍ അന്യദേശമുണ്ടാകും. ഭാഷയും ദിക്കും അപരിചതമാകും.
സിനിമയാരംഭിക്കുമ്പോള്‍ ദീര്‍ഘമായി ടൈറ്റില്‍ കാര്‍ഡുകള്‍ കാണുന്നു. സാധാരണ സിനിമതീരുമ്പോള്‍, കാണികള്‍ തീയേറ്ററുകളില്‍ നിന്നിറങ്ങുമ്പോള്‍, അടക്കിവച്ച ശ്വാസം വിട്ട് ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍, രണ്ടരമണിക്കൂറത്തെ മൗനം വിട്ട് ഉണരുമ്പോള്‍, ലൈറ്റുകള്‍ തെളിയുമ്പോള്‍ സ്‌ക്രോള്‍ ചെയ്തുപോകുന്ന നൂറുകണക്കിന് പേരുകളുണ്ട്. അത് അതാക്കി മാറ്റിയ, മനുഷ്യരുടെ പേരുകള്‍. പലപ്പോഴും കാഴ്ചക്കാര്‍ പ്രസക്തമാക്കാത്തത്. ആ പേരുകളെല്ലാം വെള്ളത്തുള്ളികളുടെ അവ്യക്തമായ കാഴ്ചകളില്‍ നമുക്ക് തെളിഞ്ഞു കാണാം. യഥാര്‍ത്ഥത്തില്‍ കഥയവസാനിക്കുമ്പോള്‍ സിബിയുടെ കണ്ണിന് മുകളില്‍ വീഴുന്ന മഴവെള്ളത്തുള്ളികളാണോ ആദ്യം നാം കണ്ടത്. കഥകളവസാനിക്കുമ്പോള്‍ ജീവിതം മുഴുവന്‍ മൊണ്ടാഷായി കാണുമെന്ന് പറയുന്നത് പോലെ പേരുകളെല്ലാം ഓടി മറഞ്ഞതാണോ?
വേണുവിന്റെ ആദ്യസിനിമയായി ഞാന്‍ ഇതിനെ കാണുന്നു. മുന്നറിയിപ്പ് എന്റെ കോപ്പയിലെ കാപ്പിയല്ലായിരുന്നു. ദയ ഒരു ശ്രമമായിരുന്നു. ഇത് സന്തോഷകമായ സിനിമ അനുഭവമായിരുന്നു. കെ.യു.മോഹനന്റെ ഛായാഗ്രഹണം, ബീന പോള്‍ അതിസുന്ദരമായി എഡിറ്റ് ചെയ്ത് വിട്ടിട്ടുള്ള ആദ്യ പകുതിയിലെ സീക്വന്‍സുകള്‍, രണ്ടാം പകുതിയുടെ ഉദ്വേഗം, വിശാല്‍ ഭരദ്വാജിന്റെ പാട്ടുകളും (വേണുവിന്റെ തന്നെ ദയയ്ക്ക് ശേഷം വിശാല്‍ ഭരദ്വാജ് ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്യുന്നതാണെന്ന് തോന്നുന്നു) ബിജിപാലിന്റെ പശ്ചാത്തലസംഗീതം, സൗണ്ട് ട്രാക്ക് എന്നിങ്ങനെ ആനന്ദിപ്പിച്ച ഘടകങ്ങള്‍ ധാരാളമുണ്ട്.
പക്ഷേ, ആദ്യാവസാനം ഫഹദ് ഫാസിലിന്റെ സിനിമയാണ്. ഭൂതാവിഷ്ടനായ ഒരുവന്റെ കണ്ണിലെ ഒരു കറക്കമുണ്ട്, അയാള്‍ക്ക് ആദ്യാവസാനം. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി ഹോട്ടലില്‍ പോകുന്നത് മുതല്‍ ഗുഹ നൂണ്ട് കയറുന്നത് വരെ. മഴത്തുള്ളികള്‍ക്ക് മീതെ കണ്ണുതുറക്കുമ്പോള്‍ അവസാനിക്കുന്നത്. തലയ്ക്കുള്ളിലോ അല്ലാതെയോ ജീപ്പിന് മുന്നില്‍ നിന്ന് പുതിയ സവാരിക്ക് ഒരുങ്ങുന്ന അവസാന സീക്വന്‍സില്‍ മാത്രമാണ് ആ കണ്ണില്‍ ശാന്തയുളളത്. ഒരു പക്ഷേ അത് തലയ്ക്കുള്ളിലുള്ള ഒരു ചിന്തയാകാം. പക്ഷേ യഥാര്‍ത്ഥ്യമല്ലെന്ന് നമുക്കെങ്ങനെ പറയാനാകും??