| Saturday, 9th November 2019, 7:51 pm

Film Review : ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 - വരൂ... മനുഷ്യരിലേക്ക് തിരിച്ചു പോകാം

ശംഭു ദേവ്

Film Review:  നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. വികൃതിക്ക് ശേഷം സൗബിനും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് എത്തുന്ന ചിത്രം.

പക്ഷെ വികൃതിയേക്കാള്‍ ഒരുപടി മുന്നില്‍ പ്രേക്ഷകനെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും വിജയകരമായി സാധ്യമാകുന്ന ചലച്ചിത്രനുഭവമായി മാറുകയാണ് ഈ ചിത്രം. പ്രായമായ മാതാപിതാക്കളെ മക്കള്‍ക്ക് ബാധ്യതയായി മാറുന്ന കഥകള്‍ മലയാളികള്‍ പല വട്ടം കണ്ടതും കേട്ടതുമാണ്.

അത്തരം പ്രമേയങ്ങളില്‍ അങ്ങേയേറ്റം നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ രതീഷ് ഒരുക്കുന്ന ഈ ചെറിയ വലിയ ചിത്രം കണ്ണീര്‍ കഥയോ, വാരി വിതറുന്ന നന്മകളോ ഒന്നുമല്ലാതെ മനുഷ്യപക്ഷത്തില്‍ നിന്ന് ലളിതമായ ഭാഷയില്‍ പറയുന്നൊരു കഥയാണ്. പയ്യന്നൂരില്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഭാസ്‌കരന്‍ പൊതുവാള്‍ (സുരാജ് വെഞ്ഞാറമൂട്)എന്ന പ്രായം ചെന്ന പിടിവശിക്കാരനായ ഒരു അച്ഛന്റെയും അദ്ദേഹത്തിന്റെ മകന്‍ സുബ്രഹ്മണ്യനും (സൗബിന്‍ ഷാഹിര്‍) തമ്മിലുള്ള സ്‌നേഹവും അതില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളെയുമാണ് സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിടിവശിക്കാരനായ അച്ഛന് മകനെപ്പോഴും അരികില്‍ തന്നെയുണ്ടാകണം, എന്നാല്‍ 34 വയസ് എന്ന പ്രായം കയറി നില്‍ക്കുന്ന മകന് താന്‍ പഠിച്ച പഠിപ്പിനുള്ള ജോലി നേടി നാട് കടക്കണം. എന്നാല്‍ അച്ഛന്‍ അവന് ഒരിക്കലും ഒരു ബാധ്യതയല്ല, ഒപ്പം കൂട്ടുവാനും അവന്‍ തയ്യാറാണ്. എന്നാല്‍ നാടും വീടും തന്റെ ചുറ്റുപാടുകളും വിട്ടൊരു ജീവിതത്തിന് അദ്ദേഹം ഒരുക്കമല്ല.

ജപ്പാനില്‍ ഒരു റോബോട്ടിക് സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ പോകുന്ന മകന്‍ ഒറ്റയ്ക്ക് നാട്ടില്‍ കഴിയുന്ന തന്റെ അച്ഛന് സഹായത്തിന് വേണ്ടി ഒരു കുട്ടി റോബോട്ടിനെ നാട്ടിലേക്ക് ലീവിന് വരുമ്പോള്‍ കൊണ്ടുവരുന്നത് മുതല്‍ ചിത്രത്തിന്റെ ട്രാക്ക് മാറുകയാണ്. തുടക്കം മുതലേ അച്ഛന്റെയും മകന്റെയും ജീവിതം പറയുവാന്‍ സംവിധായകന്‍ ഹാസ്യത്തിന്റെ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ പ്രേക്ഷകനെ ആദ്യ പകുതി മുതല്‍ രണ്ടാം പകുതി വരെ നന്നായി ചിരിപ്പിക്കുവാനും അവസാനത്തേക്ക് അല്‍പ്പം ചിന്തിപ്പിക്കാനുമൊക്കെ വിജയകരമായി സാധ്യമായി. സുരാജ് വെഞ്ഞാറമൂടിന്റെ അസാധ്യ ടൈമിങ്ങും, സ്വാഭാവിക നര്‍മ്മ ശൈലിയുമെല്ലാം ഇതിനൊക്കെ ഏറെ കാരണമാകുന്നുണ്ട്. അമിതമാക്കാതെ ഓരോ സീനിന്റെയും ഇമോഷന്‍ അദ്ദേഹത്തിന് അളവില്‍ നല്‍കാന്‍ സാധിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സൗബിനും സൈജുവും എല്ലാം അവരുടെ കോമഡി ടൈമിംഗ് കൊണ്ട് ചിത്രത്തില്‍ രസകരമായി മുന്നേറുന്നുണ്ട് . ഇവരെയെല്ലാം അണിയിച്ചൊരുക്കി രണ്ട് മണിക്കൂര്‍ വെറുതെ ഒരു ഹാസ്യ ചിത്രം ചെയ്യാന്‍ സംവിധായകന്‍ മുതിര്‍ന്നില്ല എന്നത് ചിത്രത്തിന്റെ പ്രമേയത്തിന്റെ വിജയമാണ്.

എല്ലാം ഡിജിറ്റലായി മാറുന്ന യുഗത്തില്‍ മനുഷ്യ ബന്ധങ്ങളില്‍ നിന്ന് യന്ത്ര ബന്ധങ്ങളിലേക്ക് ചേക്കേറുന്ന പരിണാമത്തെ ഹാസ്യ ഭാഷയില്‍ പരാമര്‍ശിക്കുന്നു.മനുഷ്യന്‍ മനുഷ്യനുമായി അടുക്കേണ്ടിടത്ത് മനുഷ്യന്‍ യന്ത്രവുമായി അടുത്താല്‍ ഇല്ലാതാകുന്ന ബന്ധങ്ങളും,അവയുടെ പ്രത്യാഘാതവുമെല്ലാം നേരിയ ഗൗരവ സ്വരത്തിലും ചിത്രം ആശയവിനിമയം നടത്തുന്നുണ്ട്.

മനുഷ്യനായാലും യന്ത്രമായാലും പൊതുസമൂഹം കെട്ടിപ്പടുത്തുയര്‍ത്തുന്ന ജാതി മത വ്യവസ്ഥകളെയുമെല്ലാം ആക്ഷേപ ഹാസ്യമായി കാണാം ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സനു ജോണ് വര്‍ഗീസിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ദൃശ്യ നിലവാരമുയര്‍ത്തുന്ന ഘടകമാണ്. ഗ്രാമത്തില്‍ പെയ്യുന്ന മഴയും, ആ സമയത്തെ കാലാവസ്ഥയുടെ അതേ ടോണിങ്ങുമെല്ലാം കൃത്രിമത്വം തോന്നാത്ത വിധം ഭംഗിയോടെ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട് ഒപ്പം വിദേശത്തെ ദൃശ്യങ്ങളും നിലവാരം കൈവിടാതെ അദ്ദേഹം കൈകാര്യം ചെയ്തു. കൂടെ സി പി രമേശിന്റെ കളറിങ്ങും സൈജു ശ്രീധരന്റെ എഡിറ്റിങ്ങും ദൃശ്യങ്ങളുടെ പകിട്ട് കൂട്ടിയിട്ടുണ്ട്.

ഒറ്റവാക്കില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിലവാരമുള്ള തിരക്കഥയില്‍ പൊതിഞ്ഞ മികച്ച ഒരു എന്റര്‍ടെയ്ന്‍മെന്റ് സിനിമയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Doolnews video

ശംഭു ദേവ്

We use cookies to give you the best possible experience. Learn more