Film Review: ‘മാസിന് മാസ്, ക്ലാസിന് ക്ലാസ്’ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനെ കുറിച്ച് വളരെ കുറച്ച് വാക്കുകളില്‍ പറയുകയാണെങ്കില്‍ ഇതാണ് ഏറ്റവും അനുയോജ്യമായ വിശേഷണം.
തന്റെ ആദ്യ സംവിധാന സംരഭമായ അനാര്‍ക്കലിയില്‍ നിന്ന് അയ്യപ്പനും കോശിയിലേക്കും എത്തുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് സച്ചി കഥ അവതരിപ്പിക്കുന്നതും പറയുന്നതും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും ,പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
‘റിയലിസ്റ്റിക് മാസ്’ ചിത്രം എന്നാണ് റിലീസിന് മുമ്പ് തന്റെ ചിത്രത്തെ സച്ചി വിശേഷിപ്പിച്ചിരുന്നത്. ഈ വിശേഷണത്തിന് ഏറെ അനുയോജ്യമായ രീതിയില്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന് കഥാപശ്ചാത്തലമാകുന്നത്. 27 വര്‍ഷത്തെ സര്‍വീസുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ അയ്യപ്പന്‍ നായരും പട്ടാളത്തില്‍ നിന്ന് വി.ആര്‍.എസ് എടുത്ത് വന്ന ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകൂടിയാണ് ചിത്രം പറയുന്നത്.
ഇടുക്കി കട്ടപ്പനയില്‍ നിന്ന് അട്ടപ്പാടി വഴി ഊട്ടിയിലേക്കുള്ള യാത്രക്കിടെ ഒരു പ്രത്യേക സാഹചര്യത്തില്‍ കോശി കുര്യനെ അയ്യപ്പന്‍ നായര്‍ക്ക് കസ്റ്റഡിയില്‍ എടുക്കേണ്ടിവന്നതോടെയാണ് ചിത്രത്തിന്റെ കഥയാരംഭിക്കുന്നത്.
പിന്നീട് അങ്ങോട്ട് കോശിയെന്ന പ്രിവിലേജുകളുടെ രാജകുമാരനും അയ്യപ്പന്‍ നായര്‍ എന്ന ജീവിത പോരാളിയുടെയും പേരാട്ടത്തിലൂടെയാണ് കഥ മുന്നേട്ട് പോകുന്നത്.
പൃഥ്വിരാജാണ് ഹവില്‍ദാര്‍ കോശി കുര്യനായി എത്തുന്നത്. കാശും ബന്ധങ്ങളുമുള്ള അഹങ്കാരവും ‘ആണത്ത’ത്തിന്റെ സര്‍വ്വ ആനുകൂല്യങ്ങളും പേറുന്ന ഹൈറേഞ്ചുകാരനായി പൃഥ്വി ചിത്രത്തില്‍ നിറഞ്ഞാടി. നിരവധി വികാരങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് കോശിയുടെത്. തന്റെ ‘ആണത്ത’ത്തിന് എതിരെയുള്ള വെല്ലുവിളികളാണ് അയാളുടെ ഉള്ളിലെ അഹം ഭാവം ഉയര്‍ത്തുന്നത്. ചിത്രത്തില്‍ ഒരിടത്ത് തന്റെ ഭാര്യയെ അടിക്കാനുള്ള കാരണവും അതാണ്.
തന്റെ പേര് പോലും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമാക്കിയ ആളാണ് അയ്യപ്പന്‍ നായര്‍. 25 വയസുവരെ പ്രതിരോധത്തിന്റെ മാര്‍ഗത്തില്‍ ആയിരുന്ന അയാളെ തളയ്ക്കാനുള്ള അധികാരവര്‍ഗത്തിന്റെ ആയുധമായിരുന്നു അയാള്‍ അണിഞ്ഞ കാക്കി പോലും. തന്റെ മുന്‍ ചിത്രങ്ങളുടെ ഒരു ഛായപോലും ഇല്ലാതെയാണ് ബിജുമേനോന്‍ അയ്യപ്പന്‍ നായരായിരിക്കുന്നത്. ശരിക്കും ബിജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അയ്യപ്പന്‍ നായര്‍ എന്ന് നിസംശ്ശയം പറയാം.
എടുത്ത് പറയേണ്ട മറ്റൊരു വ്യക്തി ചിത്രത്തിലെ നായിക എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായ കണ്ണമ്മയെ അവതരിപ്പിച്ച ഗൗരി നന്ദയാണ്. രഞ്ജിത് സംവിധാനം ചെയ്ത ലോഹത്തിലാണ് ഗൗരിയെ ആദ്യം ശ്രദ്ധിക്കുന്നത്. അവിടെ നിന്ന് അയ്യപ്പനും കോശിയിലെയും കണ്ണമ്മയിലെത്തുമ്പോള്‍ തകര്‍ത്തടുക്കി എന്ന് തന്നെ പറയാം. നിരവധി അവസരങ്ങളില്‍ അയ്യപ്പനെയും കോശിയെയും കടത്തിവെട്ടുന്നുണ്ട് കണ്ണമ്മ.
രഞ്ജിത്തിന്റെ കുര്യണ്‍ ജോണ്‍, അനില്‍ നെടുമങ്ങാടിന്റെ സി.ഐ കഥാപാത്രം, അനു മോഹന്റെ പി.സി എന്നിവയും എടുത്ത് പറയേണ്ടതാണ്. അട്ടപ്പാടിയില്‍ നിന്ന് തന്നെയുള്ള നിരവധി പേര്‍ ചിത്രത്തിലുണ്ട്. ഷറഫുദ്ദീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പഴനിസ്വാമി, കണ്ണമ്മയുടെ അമ്മയുടെ വേഷം ചെയ്ത ചിത്രത്തില്‍ തന്നെ ഗാനങ്ങള്‍ ആലപിച്ച നഞ്ചിയമ്മ തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി.
ജേക്‌സ് ബിജോയുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്. നഞ്ചിയമ്മയുടെ നാടന്‍ ശീലുകളില്‍ പലതും തന്നെ ചിത്രത്തിന്റെ ബി.ജി.എം ആയിട്ട് എത്തുന്നുണ്ട്. സുദീപ് ഇളമണിന്റെ ക്യാമറയും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
മൂന്ന് മണിക്കൂറിന് അടുത്താണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഒരിടത്ത് പോലും അയ്യപ്പനും കോശിയും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. രഞ്ചന്‍ എബ്രഹാമിന്റെ എഡിറ്റിംഗും അതില്‍ വലിയ ഒരു പങ്കുവഹിച്ചിട്ടുണ്ട്.
കേവലം ഒരു മാസ് ചിത്രം എന്നതിന് ഉപരിയായി ചൂഷണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും വര്‍ഗ വിഭജനത്തിന്റെയും രാഷ്ട്രീയവും ചിത്രം ശക്തമായി പറയുന്നുണ്ട്. എന്നാല്‍ ചില ചിത്രങ്ങളെ പോലെ രാഷ്ട്രീയം പറയുന്നതിന് സിനിമ അവതരിപ്പിച്ചതല്ല എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
2020 ലെ ജനുവരിയിലെ ആദ്യ ആഴ്ച സമ്മാനിച്ചത് അഞ്ചാംപാതിരയെന്ന ബ്ലോക്ക്ബസ്റ്ററായിരുന്നു. ഉറപ്പിച്ച് പറയാന്‍ കഴിയും 2020 ഫെബ്രുവരിയുടെ സമ്മാനമായ അയ്യപ്പനും കോശിയും, ഈ മാസത്തിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററാവുമെന്ന്.
എന്‍.ബി: സത്യത്തില്‍ അയ്യപ്പനും കോശിയും ഇതുമാത്രമല്ല, പക്ഷേ അത് വിശദീകരിക്കുമ്പോള്‍ റിവ്യു സ്‌പോയിലറാവാന്‍ സാധ്യതയുണ്ട്. എന്തായാലും ഒരു കാര്യം വീണ്ടും ഉറപ്പിച്ച് പറയാം തിയേറ്ററുകളില്‍ തന്നെ പോയി കാണേണ്ട മികച്ച അനുഭവം തന്നെയാണ് അയ്യപ്പനും കോശിയും.