| Friday, 28th October 2022, 7:25 pm

സിനിമാ പ്രൊമോഷനിലെ ചത്തുപോയ അച്ഛനും പ്രഗ്‌നന്‍സി ടെസ്റ്റും; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ പോര്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രഗ്‌നന്‍സി ടെസ്റ്റിന്റെ ചിത്രം നടിമാരായ പാര്‍വതി തിരുവോത്തും നിത്യ മേനനും ഗായിക സയനോര ഫിലിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ‘സോ ദ വണ്ടര്‍ ബിഗിന്‍സ്’ എന്ന ക്യാപ്ഷനോടെയായിരുന്നു മൂവരും ചിത്രം പങ്കുവെച്ചത്.

നിമിഷനേരം കൊണ്ട് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു. അഭിനന്ദന കമന്റുകളും സ്ഥിരം കാണാറുള്ള മോശം കമന്റുകളുമായിരുന്നു പോസ്റ്റിന് താഴെ നിറഞ്ഞത്. മൂവരുടെ പോസ്റ്റും ഒരുമിച്ച് കണ്ടവര്‍ പുതിയ ചിത്രത്തിന്റെ പ്രൊമോഷനാണോ എന്നും ചോദിച്ചിരുന്നു.

നിത്യ മേനന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം വണ്ടര്‍ വുമണ്‍ ഫിലിം എന്ന പ്രൊഫെല്‍ കൂടെ ടാഗ് ചെയ്തിരുന്നു. അതില്‍ നിന്നാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതെന്ന് പലരും മനസിലാക്കിയത്.

കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന പ്രൊഫൈലില്‍ നിന്നും ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം’ എന്ന ക്യാപ്ഷനോടെ ഒരു പോസ്റ്റും ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന വീനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിര്‍മിച്ച പ്രൊഫൈലാണെന്ന് അറിയാതെ നിരവധി ആളുകളായിരുന്നു പോസ്റ്റില്‍ തെറി വിളിച്ചും ഗുണദോഷിച്ചും കമന്റ് ചെയ്തത്.

ഇവരെ അമ്മാവന്‍മാര്‍ എന്ന് വിശേഷിപ്പിച്ച് പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അച്ഛന്റെ മരണത്തെ ചത്തുപോയ അച്ഛന്‍ എന്ന് വിശേഷിപ്പിക്കുന്നത് കാണുമ്പോഴുള്ള ചിലരുടെ അസ്വസ്ഥത കൊണ്ടുണ്ടായ പ്രതികരണമാണ് എന്ന രീതിയില്‍ അതിനോട് പ്രതികരിച്ചവരുമുണ്ട്.

ഇതുപോലെ തന്നെയാണ് നടിമാരുടെ പോസ്റ്റ് കണ്ട പലര്‍ക്കും സംഭവിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു നടിയുടെ പോസ്റ്റ് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്. അഭിനന്ദനങ്ങളും ആശംസയും അറിയിച്ചവര്‍ തങ്ങള്‍ക്ക് അബദ്ധം പറ്റിയ കാര്യം കുറച്ച് കഴിഞ്ഞാണ് തിരിച്ചറിഞ്ഞു.

ഈ രണ്ട് സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. രണ്ട് രീതിയില്‍ ഇതിലെ മാര്‍ക്കറ്റിങ്ങിനെ നോക്കി കാണുന്നവരുണ്ട്. മാര്‍ക്കറ്റിങ്ങിന് വേണ്ടി ആളുകളുടെ വികാരത്തെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

മറ്റൊരാളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കൊണ്ടാണ് അവര്‍ക്ക് അഭിനന്ദന കമന്റുകള്‍ നല്‍കിയതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. നാളെ അച്ഛന്‍ മരിച്ചു, കുഞ്ഞ് പിറന്നു എന്നീ പോസ്റ്റുകള്‍ കാണുമ്പോള്‍ ശരിക്കും ഉള്ളതാണോ വ്യാജമാണോയെന്നറിയാതെ സംശയം തോന്നുമെന്നും ഈ അഭിപ്രായക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍, വ്യക്തികള്‍ക്കോ സമൂഹത്തിനോ നേരിട്ടോ അവരുടെ അന്തസിനോ കോട്ടം തട്ടുന്ന തരത്തിലുള്ള പ്രശ്‌നമൊന്നുമില്ലെങ്കില്‍ ഇത്തരം പ്രൊമോഷന്‍ മാര്‍ക്കറ്റിങ്ങിന് കുഴപ്പമില്ലെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. മാര്‍ക്കറ്റില്‍ ഏതാണ് ഏറ്റവും ശ്രദ്ധ നേടുക എന്ന് മനസിലാക്കി വളരെ ബുദ്ധിപൂര്‍വം നടത്തിയ പുതുമയുള്ള ഒരു പ്രചരണ തന്ത്രമായി മാത്രം ഈ പ്രൊമോഷനെ കണ്ടാല്‍ മതിയെന്നാണ് ഇവരുടെ വാദം.

content highlight: film promotion and social media discussion

We use cookies to give you the best possible experience. Learn more