ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
Movie Day
ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th November 2018, 12:05 am

മുംബൈ: ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ഡല്‍ഹി ഹൈറ്റ്‌സ്, സില ഗാസിയാബാദ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആനന്ദ് കുമാറാണ് ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നത്.

നിലവില്‍ സിനിമയുടെ തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുകയാണ്. സംവിധായകനേയും നായകനേയും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 2018 റഷ്യന്‍ ലോകകപ്പിനിടക്കാണ് ഇത്തരം ഒരു ആശയം തനിക്ക് ലഭിച്ചതെന്ന് ആനന്ദ് പറഞ്ഞു. ബൂട്ടിയ ഇന്ത്യക്കായി 104 കളിയില്‍ നിന്ന് 40 ഗോള്‍ നേടിയിട്ടുണ്ട്. സുബ്രതോ കപ്പിലൂടെ പ്രശസ്തനായ ബൂട്ടിയ ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി, മോഹന്‍ ബഗാന്‍, ക്ലബുകളുടെ താരമായിരുന്നു.

മലേഷ്യന്‍ ലീഗില്‍ കളിച്ച് ബൂട്ടിയ മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരവുമായിരുന്നു. 2011ല്‍ വിരമിച്ച ശേഷം സന്തോഷ് ട്രോഫിയില്‍ സിക്കിമിന്റെയും ,സിക്കിം യുണൈറ്റഡ് ക്ലബിന്റെയും പരിശീലനായ ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളുകള്‍ക്കും തുടക്കമിട്ടിരുന്നു.

ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബൂട്ടിയ 2014ലും 2016ലും തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഡാര്‍ജലിംഗ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബൂട്ടിയ പിന്നീട് ഹംറോ സിക്കിം പാര്‍ട്ടി രൂപീകരിച്ചു.

നേരത്തെ മേരി കോം, മില്‍ഖാ സിംഗ്, എം എസ് ധോണി എന്നീ ഇന്ത്യന്‍ കായിക താരങ്ങളുടെ ജീവിതവും സിനിമയാക്കിയിരുന്നു. ഇതെല്ലാം തന്നെ മികച്ച ജനപ്രീതി നേടിയ ചിത്രങ്ങളായിരുന്നു.