സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവലില്‍ പൊളിറ്റിക്കലി കറക്ടാകാന്‍ ബോധപൂര്‍വ്വം ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നിതിന്റെ പരാമര്‍ശം. കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെയും ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ കാവലിന്റെ തിരക്കഥ എങ്ങനെയാണ് ഒരുക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് പൊളിറ്റിക്കല്‍ കറക്ടനസിനെക്കുറിച്ച് നിതിന്‍ സംസാരിച്ചത്.
കസബയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കാവലിലെ കഥാപാത്രമെന്നും വ്യക്തിബന്ധങ്ങള്‍ വിഷയമാവുന്ന ചിത്രത്തില്‍ പൊളിറ്റിക്കലി കറക്ടാകാന്‍ ഒന്നുമില്ലെന്നും നിതിന്‍ പറഞ്ഞു. ‘പൊളിറ്റിക്കലി കറക്ടാകാന്‍ ഞാന്‍ മനപ്പൂര്‍വ്വം ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനുവേണ്ടി ഒന്നും ബോധപൂര്‍വ്വം ഒഴിവാക്കിയിട്ടുമില്ല.’ നിതിന്‍ പറഞ്ഞു.
ബോളിവുഡ്, ഹോളിവുഡ് തുടങ്ങി ഏത് സിനിമാമേഖലയിലായാലും പുരുഷന്മാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആണത്തം അതിന്റെ ഭാഗമായിരിക്കുമെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു.
‘ബോണ്ടിലും ബാറ്റ്മാനിലുമൊക്കെ നമ്മള്‍ ഇത് കണ്ടതാണ്. ഞാന്‍ ഒരു താരത്തിനോടൊപ്പം കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുമ്പോള്‍ ആ അഭിനേതാവിനെ പരമാവധി ഉപയോഗപ്പെടുത്താനാണ് നോക്കുന്നത്. അങ്ങനെ തന്നെയാണ് ഞാന്‍ നേരത്തെയും ചെയ്തിട്ടുള്ളത്. സിനിമ കണ്ട ശേഷം അതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നം തോന്നുകയോ അനിഷ്ടം തോന്നുകയോ ചെയ്താല്‍ അതില്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല. ആളുകള്‍ക്ക് ഇഷ്ടമാകും എന്ന ധാരണയിലാണ് സിനിമ ചെയ്യുന്നത്. ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ തെറ്റും. പുലി മുരുകനും കുമ്പളങ്ങി നൈറ്റ്‌സും ഒരുപോലെ സ്വീകരിച്ചവരാണ് മലയാളി പ്രേക്ഷകർ. അതുകൊണ്ട് ഒന്നും പ്രവചിക്കാനാകില്ല.’ നിതിന്‍ പറയുന്നു.