അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം; മിഥുന്‍ മാനുവലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍; കൂടെ 'ഡാര്‍ക്' സീരിസ് ഡയലോഗും
Malayalam Cinema
അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം; മിഥുന്‍ മാനുവലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍; കൂടെ 'ഡാര്‍ക്' സീരിസ് ഡയലോഗും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th December 2020, 8:09 am

മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. കുഞ്ചാക്കോ ബോബനാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അഞ്ചാം പാതിരയുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവന്‍ തോമസിനും നിര്‍മ്മാതാവായ ആഷിക്ക് ഉസ്മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.

‘ത്രില്ലര്‍ ബോയ്‌സ് വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിംഗ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ആ അവസാനം വെറുമൊരു തുടക്കം മാത്രമായിരിക്കാം’ എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലെഴുതിയിരിക്കുന്നത്.

അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായ ‘ഡാര്‍ക്’ എന്ന സീരിസിലെ പ്രശസ്തമായ End is the beginning, Beginning is the end (തുടക്കമാണ് ഒടുക്കം ഒടുക്കമാണ് തുടക്കം) എന്ന വാചകവും കുറിപ്പിലുണ്ട്. ഡാര്‍ക് പോലൊരു വന്‍ ത്രില്ലിംഗ് അനുഭവമായിരിക്കും അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമെന്നും ആദ്യ ഭാഗത്തിലെ കഥയുടെ തന്നെ തുടര്‍ച്ചയോ കഥയിലെ ചില ട്വിസ്റ്റുകള്‍ പ്രേക്ഷകന് മുന്നില്‍ കൊണ്ടുവരുന്നതോ ആയിരിക്കും രണ്ടാം ഭാഗമെന്നും സിനിമാപ്രേമികള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് വരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി റീമേക്കിന്റെ നിര്‍മാണം റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ആഷിക്ക് ഉസ്മാനും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

മലയാളത്തില്‍ ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദായിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ശ്രീധരന്റെ എഡിറ്റിങും ഏറെ പ്രശംസകള്‍ നേടിയിരുന്നു.

ഉണ്ണിമായ, രമ്യ നമ്പീശന്‍, ദിവ്യ ഗോപിനാഥ്, ജിനു ജോസഫ്, ഷറഫുദ്ദീന്‍, മാത്യു തോമസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayalam Movie Anjaam Pathira second part announced