തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആവശ്യമായ പ്രാധാന്യം നല്‍കുന്നില്ലെന്ന് സംവിധായകന്‍ വി.സി. അഭിലാഷ്.
എല്ലാവര്‍ക്കും ആസ്വദിക്കാനും ആശ്വസിക്കാനും സിനിമ വേണമെന്നും എന്നാല്‍ ഒരു കൂട്ടം സിനിമാ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഐതിഹാസിക സമരത്തെ കുറിച്ച് കേള്‍ക്കാന്‍ ആരുമില്ലെന്നും വി.സി. അഭിലാഷ് പറഞ്ഞു.
കലോത്സവവേദിയില്‍ ഭക്ഷണം ഒരുക്കുന്നതിന് തുടര്‍ച്ചയായി പഴയിടം നമ്പൂതിരിക്ക് തന്നെ ക്വട്ടേഷന്‍ നല്‍കുന്നതിനെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളോളം പ്രാധാന്യം പോലും സിനിമാവിദ്യാര്‍ത്ഥികളുടെ സമരത്തിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ എല്ലാവര്‍ക്കും സിനിമ വേണം. ആസ്വദിക്കാന്‍, ആശ്വസിക്കാന്‍, ആഹ്ലാദിക്കാന്‍, ട്രോളാന്‍, ടെന്‍ഷന്‍ മാറ്റാന്‍, റിലാക്‌സ് ചെയ്യാന്‍, മൂഡ് മാറ്റാന്‍, എന്‍ജോയ് ചെയ്യാന്‍, വിനോദിക്കാന്‍, നിരൂപിക്കാന്‍, നികുതി വരുമാനമുണ്ടാക്കാന്‍, പുസ്തകമെഴുതാന്‍, പ്രബന്ധിക്കാന്‍, ഉദ്ഘാടിക്കാന്‍…പക്ഷേ, ഒരു കൂട്ടം സിനിമാ വിദ്യാര്‍ഥികളുടെ കരച്ചില്‍ കേള്‍ക്കാന്‍ മാത്രം ആരുമില്ല!
കലോത്സവ വേദിയിലെ പഴയെടോം പുതിയെടോം ചര്‍ച്ചകള്‍ക്ക് കിട്ടുന്ന ഇടം പോലും മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കെ.ആര്‍.നാരായണന്‍ ഫിലിം സ്‌കൂളിലെ സിനിമ പഠിക്കുന്ന കുട്ടികളുടെ ഐതിഹാസിക സമരത്തിന് നല്‍കുന്നില്ല!,’ വി.സി. അഭിലാഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ നടക്കുന്ന ജാതീയ വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളുകളായി സമരം നടന്നുവരികയാണ്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.
ശങ്കര്‍ മോഹന്‍ രാജി വെക്കണമെന്നാണ് സമരക്കാര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം. ശങ്കര്‍ മോഹനെ പിന്തുണച്ച് ചെയര്‍മാനും സിനിമാ സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയതും അദ്ദേഹം സമരക്കാരെ അധിക്ഷേപിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇതോടൊപ്പം, വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ ആവശ്യമായ പ്രാധാന്യം നല്‍കുന്നില്ലെന്ന വിമര്‍ശനവും ഇക്കഴിഞ്ഞ നാളുകളിലായി നിരവധി പേര്‍ ഉയര്‍ത്തിയിട്ടുണ്ട്.
Content Highlight: Film Maker V C Abhilash about the lack of media attention given to K R Narayanan Film Institute protest comparing the Pazhayidom Namboothri Kalotsavam debates