Interview: സ്റ്റീരിയോടൈപ്പ് ആകാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു'; സിനിമയിലെ 15 വര്‍ഷങ്ങള്‍, മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്
Film Interview
Interview: സ്റ്റീരിയോടൈപ്പ് ആകാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു'; സിനിമയിലെ 15 വര്‍ഷങ്ങള്‍, മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്
അശ്വിന്‍ രാജ്
Tuesday, 17th November 2020, 7:57 pm

 

പതിനഞ്ച് വര്‍ഷമായി നടി മംമ്ത മോഹന്‍ദാസ് സിനിമാ രംഗത്ത് എത്തിയിട്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നിര്‍മ്മാതാവായി പുതിയ റോളിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് മംമ്ത.

ഈ യാത്രക്കിടയില്‍ തൊഴില്‍ രംഗത്തും വ്യക്തി ജീവിതത്തിലും ധാരാളം വെല്ലുവിളികള്‍ മംമ്ത നേരിട്ടിരുന്നു. സിനിമകളിലെ വിവാദങ്ങളിലും വ്യക്തി ജീവിതത്തില്‍ വന്ന തിരിച്ചടികളും നേരിട്ട മംമ്തയെ കാന്‍സര്‍ രോഗവും ആക്രമിക്കുകയുണ്ടായി.

എന്നാല്‍ അതിനെയെല്ലാം സധൈര്യം നേരിടുകയും പതിനഞ്ച് വര്‍ഷവും മലയാള സിനിമയിലെ മുന്‍നിര താരങ്ങൡ ഒരാളായി നില്‍ക്കുകയുമാണ് മംമ്ത. തന്റെ ജീവിതത്തെ കുറിച്ചും പുതിയ ചുവടുവെയ്പ്പിനെ കുറിച്ചും മംമ്ത മോഹന്‍ദാസ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

സിനിമയില്‍ എത്തിയതിന്റെ 15ാം വര്‍ഷത്തില്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് മംമ്ത,  എന്ത് തോന്നുന്നു ?

പുതിയ ഒരു ചുവടുവെപ്പ് നടത്തുമ്പോള്‍ ഉള്ള എക്സൈറ്റ്മെന്റ് ഉണ്ട്, പിന്നെ എല്ലാവരുടെയും പിന്തുണയും സ്നേഹവുമെല്ലാം ഉള്ളതുകൊണ്ട് ഒരു ധൈര്യം തോന്നുന്നുണ്ട്. അങ്ങനെ ഒരു ഫീലാണ് തോന്നുന്നത്. ഒന്നും പ്രീ പ്ലാന്‍ഡ് അല്ലായിരുന്നു. നല്ല കണ്ടന്റ് നല്‍കാനാണ് പ്ലാന്‍ ചെയ്യുന്നത്.

ഒരുപാട് പേര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാം എന്ന് പ്ലാന്‍ ചെയ്തുകൊണ്ടായിരുന്നു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്. തുടക്കത്തില്‍ ഒരു സിനിമയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. മാര്‍ച്ചില്‍ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ച് മേയില്‍ ആരംഭിക്കാനായിരുന്നു പ്ലാന്‍. പക്ഷേ ലോക്ക്ഡൗണ്‍ സംഭവിച്ചു, അങ്ങനെ പദ്ധതികള്‍ എല്ലാം മാറി.

സിനിമ ഷൂട്ടിംഗിന്റെ ആദ്യ ദിവസമായിരുന്നു പ്രൊഡക്ഷന്‍ ഹൗസ് അനൗണ്‍സ് ചെയ്യാന്‍ ഇരുന്നത്. എന്നാല്‍ എല്ലാ മാറിമറിഞ്ഞു. കൊവിഡ് വലിയ രീതിയില്‍ വെല്ലുവിളിയായി. അങ്ങനെ ഇരിക്കുമ്പോഴാണ് നല്ല ഒരു കണ്ടന്റ് നമ്മുടെ അടുത്തേക്ക് എത്തുന്നത്.

എന്റെ പ്രൊഡക്ഷന്‍ പാര്‍ട്ണര്‍ നോയല്‍ വഴിയാണ് ഇത് എത്തുന്നത്. നോയല്‍ ചോദിച്ചു നമുക്ക് എന്തുകൊണ്ട് ഈ കണ്ടന്റുമായി നമ്മുടെ പ്രൊഡക്ഷന്‍ ആരംഭിച്ചു കൂടാ എന്ന്. അങ്ങിനെ ഒരു മ്യൂസിക് സിംഗിളുമായി എത്തുന്നതിനെ കുറിച്ച് എല്ലാവരുമായി ചര്‍ച്ച ചെയ്തു. ശക്തമായ ഒരു സന്ദേശമുള്ള, പുതിയ കാലത്തിന്റെ മ്യൂസിക് വീഡിയോ ആണിത്.

അങ്ങനെ ഈ മ്യൂസിക് വീഡിയോയുമായി മുന്നോട്ട് വരിക, നല്ല കണ്ടന്റുകള്‍ കൊണ്ടുവരിക. പിന്നെ ഞങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഒരു പുതിയ ആര്‍ട്ടിസ്റ്റിന് എല്ലാ അര്‍ത്ഥത്തിലുമുള്ള അവസരം നല്‍കുക എന്നതും ആയിരുന്നു. അത് ഇതിലൂടെ ചെയ്യാന്‍ പറ്റി.

അങ്ങനെയാണ് ഇത് പ്ലാന്‍ ചെയ്തത്. പക്ഷേ തുടക്കത്തില്‍ പ്ലാന്‍ ചെയ്തതിനേക്കാള്‍ വലുതായി പ്രോജക്ട്. ഇതിന് പിന്നില്‍ ഏറ്റവും ബെസ്റ്റ് ടെക്നീഷ്യന്‍സിനെ ഉപയോഗിക്കുക എന്നൊക്കെയാണ് പ്ലാന്‍ ചെയ്തത്. അങ്ങനെയാണ് ഇപ്പോള്‍ ലോകമേ എത്തിയത്.

എങ്ങനെയാണ് ഏകലവ്യനിലേക്ക് എത്തുന്നത്, മുന്‍ പരിചയം ഉണ്ടായിരുന്നോ ?

ഏകലവ്യനെ മുന്‍ പരിചയം ഒന്നും ഇല്ലായിരുന്നു. പക്ഷേ നോയലിനെ മറ്റൊരു വഴിക്ക് ഏകലവ്യന് അറിയാമായിരുന്നു. ഏകലവ്യനും ഇതിന്റെ മ്യൂസിക് ഡയറക്ടര്‍ വിനീതും നോയലിനെ സമീപിക്കുകയായിരുന്നു. ഒരു പ്രോപ്പര്‍ മ്യൂസിക് വീഡിയോ ആയി ഇറക്കിയാല്‍ കൊള്ളാം എന്ന ഒരു ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഈ പ്രോജക്ടുമായി മുന്നോട്ട് പോകുന്നത്.

ഏകലവ്യന്‍ ബ്രില്ല്യന്റ് റൈറ്ററാണ്. റാപ്പ് മ്യൂസികിന് മലയാളത്തില്‍ വലിയ സാധ്യതകള്‍ ഉണ്ടായി വരുന്നുണ്ട്. അതിന് ലോകമേ ഒരു തുടക്കമായിരിക്കും.

മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിളാണ് ഇത്, അണിയറ പ്രവര്‍ത്തകരില്‍ പലരും സിനിമയിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍സും. ഇത് പ്ലാന്‍ ചെയ്തിരുന്നോ?

നമ്മള്‍ ഒരു കാര്യം ചെയ്യുകയാണെങ്കില്‍ ഏറ്റവും മികച്ചവരെ മാത്രമല്ലേ ഉപയോഗിക്കു. പ്രൊഡക്ഷനില്‍ നില്‍ക്കുന്നവരും അതിനു പുറത്തുള്ളവരും തമ്മിലുള്ള വ്യത്യാസം അതാണല്ലോ. ഞാനിപ്പോ സിനിമയില്‍ എത്തിയിട്ട് 15 വര്‍ഷമായി. ഈ കാലയളവില്‍ ഒരുപാട് പ്രഗത്ഭരുടെ കൂടെ വര്‍ക്ക് ചെയ്യാനെനിക്ക് സാധിച്ചിട്ടുണ്ട്.

ഒരു പുതിയ ആര്‍ട്ടിസ്റ്റുമായിട്ട് സഹകരിക്കുമ്പോള്‍ മികച്ച ടെക്‌നീഷ്യന്മാരെ ഉപയോഗിക്കണമെന്നാണ് ഞങ്ങളുടെ പ്ലാന്‍. എന്നാല്‍ മാത്രമേ അതൊരു മെയിന്‍ സ്ട്രീം സംഭവമായി മാറുകയുള്ളൂ. അല്ലെങ്കില്‍ അത് തീര്‍ത്തും ഒരു അമേച്ച്വര്‍ പ്രൊഡക്ഷന്‍ ആയിട്ട് മാറും.

പുതിയ കലാകാരന്മാരുമായി അസ്സോസിയേറ്റ് ചെയ്യുമ്പോ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. മികച്ചൊരു ഔട്ട്പുട്ട് കിട്ടണമെങ്കില്‍ അതിനനുസരിച്ചുള്ള ടെക്‌നീഷ്യന്മാരുമായി വര്‍ക്ക് ചെയ്‌തേ പറ്റു.

പ്രൊഡക്ഷന്‍ ഹൗസിന്റെ ടാഗ്‌ലൈന്‍ പറഞ്ഞത് ലാലേട്ടന്‍ ആണ്. എന്റെ ലക്ഷ്യം ഒന്നുമാത്രമാണ് നമ്മള്‍ പുറത്തിറക്കുന്ന സാധനത്തിന്റെ ഉള്ളടക്കവും ക്വാളിറ്റിയും മികച്ചതായിരിക്കണം.

പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ലക്ഷ്യങ്ങള്‍ എന്തായിരിക്കും, നവാഗതര്‍ക്ക് മാത്രമായിരിക്കുമോ അവസരം അല്ലെങ്കില്‍ നിലവില്‍ മേഖലയിലുള്ള വ്യക്തികളെ കൂടി ഉള്‍ക്കൊള്ളിക്കുമോ?

എല്ലാ ആളുകളെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രോജക്ടുകളാണ് ഉദ്ദേശിക്കുന്നത്. പുതിയവരെയും എക്‌സ്പീരിയന്‍സ് ഉള്ളവരെയും ഉള്‍ക്കൊള്ളിക്കണം. പുതിയ ആളുകളില്‍ നിന്ന് പുതിയ ഐഡിയകള്‍ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും അതെടുക്കുക തന്നെ ചെയ്യും. മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ എല്ലാവരുടെ വര്‍ക്കുകളും നോട്ടീസ് ചെയ്യപ്പെടണം.

അതേസമയം ചില എഴുത്തുകാര്‍ ചിലപ്പോള്‍ ഫിലിം മേക്കിങിന്റെ കാര്യത്തില്‍ അത്ര മികച്ചവരായിരിക്കില്ല. അതേസമയം ചില മികച്ച സംവിധായകര്‍ തിരക്കഥയെഴുതുന്ന കാര്യത്തില്‍ വളരെ പിന്നോട്ടായിരിക്കും. അതുകൊണ്ടുതന്നെ അവസരങ്ങള്‍ ഒരുക്കി കൊടുക്കുക എന്നാണ് വിചാരിക്കുന്നത്. നമ്മള്‍ ഒരു ലോങ്ങ് ടേം അസോസിയേഷന്‍ ആണ് ഉദ്ദേശിക്കുന്നത്. എന്നാലെ നമ്മളും അവരും വളരുകയുള്ളു.

സിനിമയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തതെന്ന് മംമ്ത പറഞ്ഞു, മംമ്ത തന്നെയായിരുന്നോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇരുന്നത് ?

ഞാന്‍ ആദ്യം ചെയ്യുന്ന കണ്ടന്റില്‍ ഞാനായിരിക്കരുത് അഭിനയിക്കുന്നത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ പേരിലല്ലാതെ പ്രൊഡക്ഷന്റെ പേരില്‍ അത് പുറത്തുവരണം എന്നെനിക്കുണ്ടായിരുന്നു. ആഷിഖ് അബുവിന്റെ അസോസിയേറ്റ് ആയിരുന്ന സജു എന്ന ഡയറക്ടറിന്റെ പടമായിരുന്നു ആദ്യം ഉദേശിച്ചത്. സൗബിന്‍, ഭാസി എന്നിവരെയൊക്കെ ഉള്‍പെടുത്തികൊണ്ടുള്ള ഒരു സിനിമയായിരുന്നു അന്ന് വിചാരിച്ചത്. പക്ഷെ തത്കാലം അത് ഞങ്ങള്‍ ഹോള്‍ഡ് ചെയ്തുവെച്ചിരിക്കയാണ്.

ഏതാണ് അടുത്തതായി പുറത്തിറക്കുക എന്നത് ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. കൊവിഡിന് ശേഷം ആളുകള്‍ എന്താണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്നാണ് നോക്കുന്നത്.

സിനിമയില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷം, സിനിമയില്‍ എത്തുന്ന സമയത്ത് സിനിമ തന്നെയായിരിക്കും മുന്നോട്ട് ഉള്ള ലക്ഷ്യം, അഭിനയത്തിന് പുറമെയുള്ള കാര്യങ്ങള്‍ ചെയ്യും ഇതൊക്കെ വിചാരിച്ചിരുന്നോ ?

നമുക്ക് വേണമെങ്കില്‍ വിചാരിക്കാം, എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടില്ലെങ്കിലെന്താ എന്നൊക്കെ. പക്ഷെ അത് സത്യമല്ല. ഒരിക്കല്‍ നമ്മളെ അവര്‍ ഇഷ്ടപെട്ടാല്‍ അതുതരുന്ന ശക്തി വേറെ തന്നെയാണ്. വരുന്നത് വരട്ടെ അല്ലാത്തവ പോട്ടെ എന്നൊരു ചിന്ത ആയിരുന്നു പണ്ടെനിക്ക്. 2009നു ശേഷം ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചു. വ്യക്തിപരമായിട്ടും ആരോഗ്യപരമായിട്ടും എന്റെ തന്നെ മൂല്യം ഞാന്‍ മനസ്സിലാക്കുകയായിരുന്നു.

അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത്, 4 വര്‍ഷം ഞാന്‍ സിനിമയിലുണ്ടായിരുന്നു. മാനസികപരമായും ശാരീരികപരമായും എന്റെ ഓരോ സെല്ലും സിനിമയ്ക്കു വേണ്ടി വര്‍ക്ക് ചെയുകയായിരുന്നു. പക്ഷെ ആ ഒരു പ്രായത്തിന്റെ പക്വതയില്ലായ്മ ആണെങ്കിലും എന്റെ ഫോക്കസ് സിനിമയേ അല്ലായിരുന്നു. വീട്ടിലിരിക്കണം, മാതാപിതാക്കളുടെ കൂടെ സമയം ചിലവഴിക്കണം അതൊക്കെയായിരുന്നു ചിന്ത.

2009നുശേഷമാണ് നേരത്തെ പറഞ്ഞതുപോലെ ഞാനെന്താണ് ചെയ്യുന്നത്, ചെയ്യേണ്ടത്, എന്റെ കരിയര്‍ ഇതാണെന്നും ഞാന്‍ മനസ്സിലാക്കിയത്. എന്റെ കാഴ്ചപ്പാടുകള്‍ മാറി. വലിയൊരു മാറ്റം തന്നെ എനിക്ക് സംഭവിച്ചു, അവിടെ വെച്ചാണ് എന്റെ വളര്‍ച്ച തുടങ്ങുന്നത്.

പിന്നീടും ഒരുപാട് ഇടവേളകള്‍ ഞാന്‍ എടുത്തിരുന്നു, ആരോഗ്യപരമായും മറ്റുമെല്ലാം. ഓരോ തിരിച്ചുവരവിലും എനിക്ക് നല്ല നല്ല പ്രോജക്ടുകള്‍ ലഭിച്ചു. കൂടുതല്‍ ആളുകളുടെ അംഗീകാരവും സ്‌നേഹവുമൊക്കെ ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലയാളം സിനിമയില്‍ നിന്ന്. മറ്റു ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളതിനേക്കാള്‍ സപ്പോര്‍ട്ട് എനിക്കിവിടെന്ന് കിട്ടിയിട്ടുണ്ട്. അതിന് ഒരുപാട് നന്ദി പറയാനുണ്ട്.

21ാം വയസ്സിലാണ് ഞാന്‍ വര്‍ക്ക് ചെയ്തു തുടങ്ങുന്നത്. ആ സമയത്താണ് ഞാന്‍ ലാലേട്ടന്റെ നായികയായ ബാബ കല്യാണി ചെയ്തത്. എന്നേക്കാള്‍ പ്രായമുള്ള ഒരു വേഷമാണ് ഞാന്‍ ചെയ്തതത്.

‘അമ്മ, ഭാര്യ, സഹോദരി അങ്ങനെയുള്ള സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളാണ് നടിമാര്‍ക്ക് പൊതുവെ ലഭിച്ചിരുന്നത്. ഇപ്പോഴാണ് എനിക്ക് ചേരുന്ന റിയാലിറ്റിയോട് ഇണങ്ങുന്ന റോളുകള്‍ കിട്ടുന്നത്. ഉദാഹരണത്തിന് ഞാന്‍ ജീന്‍സ് ഇട്ടിട്ടാകും ലൊക്കേഷനിലേക്ക് വരുന്നത്. പക്ഷെ കഥാപാത്രമായി വരുമ്പോള്‍ മൊത്തമായിട്ട് മാറും.

ഈ 15 വര്‍ഷത്തിനുള്ളില്‍ ഒരേതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് എന്റെ ഉപബോധ മനസ്സില്‍ തോന്നി കാണുമായിരിക്കും. അതുകൊണ്ട് തന്നെയാവും മൈ ബോസ്, 2 കണ്‍ട്രീസ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. അതിനുശേഷം നീലിയില്‍ അമ്മയായി അഭിനയിച്ചു, പിന്നെ തിരിച്ചുവന്നു ഫോറന്‍സിക് അഭിനയിച്ചു. പലതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ലാല്‍ ബാഗ് ഒക്കെ തികച്ചും വ്യത്യസ്ത വേഷമായിരുന്നു.

സ്റ്റീരിയോടൈപ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കൊരു താല്പര്യവുമില്ലായിരുന്നു. കാരണം ഞാനും ആ കഥാപാത്രങ്ങളുമായി ഒരു ബന്ധവുമില്ലായിരുന്നു. ചില സിനിമകളില്‍ നമ്മുടെ കഥാപാത്രവുമായി ചെറിയൊരു ആത്മബന്ധം കാണും. അത് എഴുതിയ രീതി കാരണവും നമ്മള്‍ ചെയ്യും. കഥ തുടരുന്നു എന്ന സിനിമയിലെ വിദ്യാലക്ഷ്മി എന്ന കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. പക്ഷേ ആ കഥാപാത്രവും നമ്മുടെ റിയലിറ്റിയും തമ്മില്‍ വ്യത്യാസമുണ്ട്.

നല്ലൊരു ഗായിക കൂടിയാണ് മംമ്ത, സംഗീതം മംമ്തയ്ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് ?

സംഗീതം ജന്മസിദ്ധമായി എന്റെ കൂടെയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നതാണ് സംഗീതം. എല്ലാ തരത്തിലുള്ളതും എല്ലാ ഭാഷയിലുള്ളതുമായ സംഗീതം കേള്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മെലഡി എന്ന് പറയാന്‍ സാധിക്കില്ല, പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതമാണ് എനിക്ക് ഇഷ്ടം. പാട്ട് മാത്രം എന്ന് പറയാന്‍ പറ്റില്ല, ഉപകരണ സംഗീതവും വളരെയധികം ഇഷ്ടമാണ്.

ഞാന്‍ ലോംഗ് ഡ്രൈവിന് പോകുമ്പോഴും രാത്രിയില്‍ ഉറങ്ങുന്ന സമയത്തും എല്ലാം ഇത്തരത്തിലുള്ള മ്യൂസിക് പ്ലേ ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം സിനിമാ പാട്ട് അല്ല എനിക്ക് സംഗീതം. എന്നോട് ഒരു പാട്ട് പാടാന്‍ പറഞ്ഞാല്‍ ഒരു പക്ഷേ തൊണ്ണൂറുകളിലെയോ അല്ലെങ്കില്‍ എണ്‍പതുകളുടെ അവസാനമുള്ളതോ ആയ പാട്ടുകളായിരിക്കും പാടുക. എനിക്ക് അറിയാവുന്നത് അതാണ്. പുതിയ കാലത്തെ പാട്ടുകള്‍ ഒന്നും എന്റെ പ്ലേ ലിസ്റ്റിലേ ഇല്ല.

പിന്നെ ഈ പ്രോഗ്രസീവ് ഇന്‍ഡിപെന്റന്റ് മ്യൂസിക്, അത് ഏത് ഭാഷയില്‍ ഉള്ളതാണെങ്കിലും കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്. ചില സിനിമകളിലെ പാട്ടുകള്‍ എനിക്ക് ഇഷ്ടമല്ല. സിനിമക്കായി ചെയ്ത മ്യൂസിക് ആയിരിക്കും അത്.

ഇന്‍ഡിപെന്റന്റ് ആയിട്ടുള്ള വര്‍ക്കുകളെ വളര്‍ത്തികൊണ്ടു വരേണ്ടതുണ്ട്. സിനിമാ പാട്ടുകള്‍ മാത്രമല്ല സോള്‍, റാപ്പ്, ജാസ്, റോക്ക് തുടങ്ങി എല്ലാ ഴോണറിലുമുള്ള ഗാനങ്ങളും മലയാളത്തില്‍ ഉണ്ടാവേണ്ടതുണ്ട്.

അത്തരം ഇന്‍ഡിപെന്റന്റ് വര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്തുകയും കഴിവുള്ളവരെ വളര്‍ത്തി കൊണ്ടുവരികയും അവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കുകയും വേണം. നമ്മുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉദ്ദേശങ്ങളില്‍ ഒന്നും ഇതാണ്.

ഇന്റര്‍നെറ്റ് അത്രയും സജീവമല്ലാത്ത കാലത്താണ് മംമ്ത പാടിയ ഡാഡി മമ്മി ഒക്കെ വൈറലാവുന്നത്, എങ്ങനെയാണ് സിനിമയില്‍ മംമ്തയ്ക്ക് പാടാനുള്ള അവസരം കിട്ടുന്നത് ?

ഒരു സിനിമയുടെ ഓഡീഷന്‍ സമയത്ത് ഞാനും സിദ്ധാര്‍ത്ഥും ഇടവേളകളില്‍ നിറയെ പാട്ടുകള്‍ പാടിയിരുന്നു. ഈ സമയത്ത് ദേവീ ശ്രീ പ്രസാദും അവിടെയുണ്ടായിരുന്നു. അങ്ങിനെയാണ് ഞാന്‍ പാടുമെന്ന് ദേവി ശ്രീ പ്രസാദ് അറിയുന്നത്.

പിന്നീട് ഒരു സിനിമയിലെ ഗാനം പെട്ടെന്ന് തീര്‍ത്ത് കൊടുക്കാന്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ആ പാട്ട് കേറിയങ്ങ് ഹിറ്റായി, ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

പിന്നീടാണ് ഈ ഡാഡി മമ്മിയുടെ തെലുങ്ക് ആക്കിലസ്‌തെ എന്ന പാട്ട് പാടുന്നത്. അതും വന്‍ ഹിറ്റായി, ചിരംഞ്ജീവി സാറിന്റെ ശങ്കര്‍ ദാദ സിന്ദാബാദ് എന്ന സിനിമയിലായിരുന്നു അത്. പിന്നീട് 2 വര്‍ഷം കഴിഞ്ഞ് വിജയ് ചിത്രം വില്ലിന് വേണ്ടി ദേവി ശ്രീ വീണ്ടും എന്നെ വിളിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അതേ പാട്ട് എന്നായിരുന്നു ഞാന്‍ വിചാരിച്ചത്.

അതിന്റെ വരികള്‍, ഡാഡി മമ്മി വീട്ടിലില്ല… അത് കണ്ടിട്ട് ഞാന്‍ കുറെ ചിരിച്ചു. കണ്ണുംപൂട്ടി പോക്കറ്റില്‍ കൈയ്യിട്ട് പാടുകയായിരുന്നു. അതും ഹിറ്റായി. കേരളത്തില്‍ പാട്ട് എത്തുന്നതും ചര്‍ച്ചയാവുന്നതും അങ്ങനെയാണ്. ഇതിന് മുമ്പ് അല്ലു അര്‍ജുന്റെ പാട്ടുകള്‍ അല്ലാതെ അങ്ങനെ തെലുങ്ക് പാട്ടുകള്‍ കേരളത്തില്‍ എത്തിയിരുന്നില്ല.

ഇന്റര്‍നെറ്റും യൂട്യൂബും അത്ര ജനകീയമാവാത്ത ഒരു കാലത്താണ് ആ പാട്ട് വൈറലാവുന്നത്. ആളുകള്‍ കേട്ട് അറിഞ്ഞ് അങ്ങനെ ഹിറ്റായ പാട്ടായിരുന്നു അത്. ശരിക്കും പതിനഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ പലതും ഞാന്‍ എക്‌സിപീരിയന്‍സ് ചെയ്തിട്ടുണ്ട്.

ബിലാല്‍ ജോണ്‍ കുരിശിങ്കലും ഫാമിലിയും വീണ്ടും വരികയാണ്, മംമ്തയുടെ ‘റിമി ടോമി’യും ഈ വരവില്‍ ഉണ്ടോ, എന്താണ് ബിലാലിന്റെ പുതിയ വിശേഷങ്ങള്‍ ?

ബിലാല്‍ ഒരുങ്ങുന്നു, മമ്മൂക്ക എപ്പോള്‍ ഫ്രീ ആകുന്നോ അപ്പോള്‍ ബിലാല്‍ ആരംഭിക്കും. അതേ ടൈം പീരിഡില്‍ തന്നെയാണ് സിനിമ നടക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കുരിശിങ്കല്‍ ഫാമിലിയുടെ കഥയാണിത്.

അന്ന് മുരുഗന്റെ കാമുകിയായിട്ടാണ് ബിലാല്‍ റിമി ടോമിയെ കണ്ടതെങ്കില്‍ ഇപ്പോള്‍ കുരിശിങ്കല്‍ ഫാമിലിയിലെ ഒരാളായാണ് റിമിയെ കാണുന്നത്. പിന്നെ ചില ഫ്‌ളാഷ് ബാക്കുകള്‍ ഉണ്ട. ഇതൊക്കെയാണ് ബിലാലിനെ കുറിച്ചുള്ള വിശേഷങ്ങള്‍.

അവസാനമായി ഒരു ചോദ്യം, മംമ്ത എന്ന പേര് കേള്‍ക്കുമ്പോള്‍ ധൈര്യം, അല്ലെങ്കില്‍ മുന്നോട്ടേയ്ക്ക് പോകാനുള്ള ഒരു പ്രചോദനം ഇതൊക്കെയാണ് എനിക്ക് മനസ്സില്‍ വരാറുള്ളത്. വ്യക്തിപരമായും ആരോഗ്യപരമായും നിരവധി പ്രതിസന്ധികള്‍ വന്നപ്പോള്‍ അതിനെയെല്ലാം വളരെ ധൈര്യത്തോടെ നേരിട്ട് ജയിച്ച ആളാണ് മംമ്ത. ലോകം  മുഴുവന്‍ ഇപ്പോള്‍ കൊവിഡ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നേരിടുകയാണ്, കൊവിഡിന്റെ ഭീതിയില്‍ കഴിയുന്ന ജനങ്ങളോട് മംമ്തയ്ക്ക് എന്താണ് പറയാന്‍ ഉള്ളത് ?

കാന്‍സറിനെയും കൊവിഡിനെയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. എങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറയുന്നത് പോലെയല്ലാതെ നമ്മള്‍ പരമാവധി ശ്രദ്ധിക്കുക, രോഗം വന്നാല്‍ പേടിക്കാതിരിക്കുക. ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ എടുക്കണം, രോഗം വന്നാല്‍ പരമാവധി റെസ്റ്റ് എടുക്കണം.

കൊവിഡ് വന്നതിനെ കുറിച്ച് പല തരത്തിലുള്ള കഥകളാണ് കേള്‍ക്കുന്നത്. അതിനേക്കാള്‍ ഉപരിയായി, ചിലരില്‍ കൊവിഡ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതേസമയം ചിലരില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കാതെ കൊവിഡ് വന്നുപോകുന്നുണ്ട്, അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല.

കൊവിഡ് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് കരുതി ഒന്നും ചെയ്യാതിരിക്കാന്‍ സാധിക്കില്ല. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉപയോഗിച്ച് ജീവിക്കുക. നമ്മളില്‍ നിന്ന് മറ്റൊരാള്‍ക്ക് രോഗം പകരില്ലെന്ന് തീരുമാനിക്കുക എന്നതൊക്കെയാണ് പ്രധാന കാര്യങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   15 years in cinema, Mamtha Mohandas open mind speak, lokame music single

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.