മുംബൈ: തങ്ങളുടെ ഇഷ്ടടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും മുകളില്‍ ചിന്തിക്കാന്‍ കഴിയാത്ത ഇടുങ്ങിയ ചിന്താഗതിക്കാരും, തീരെ അപ്രധാനവുമായ ആളുകളാല്‍ നിറഞ്ഞിരിക്കുകയാണ് സിനിമാ മേഖലയെന്ന് കങ്കണാ റണൗട്ട്. കങ്കണയുടെ പുതിയ ചിത്രമായ മണികര്‍ണിക: ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന് ബോളിവുഡിന്റെ അപ്രഖ്യാപിത വിലക്കിനെക്കുറിച്ചും അവഗണനയെക്കുറിച്ചും ഇന്ത്യന്‍ എക്‌സപ്രസിനോട് സംസാരിക്കുകയായിരുന്നു കങ്കണ.
“സിനിമാ മേഖലയിലെ ആളുകള്‍ എന്റെ സിനിമയ്‌ക്കെതിരെ സംഘം ചേരുകയാണ്. അവര്‍ ഒന്നും സംസാരിക്കാതെ സിനിമയെ അവഗണിക്കുകയാണ്. അവരുടെ റാക്കറ്റ് അതിശക്തമാണ്. സിനിമ ഇഷ്ടടമായെന്ന് സിനിമാ മേഖലയിലെ ചില ആളുകള്‍ എന്നെ അറിയിച്ചത് രഹസ്യമായാണ്. അവര്‍ക്കത് സമൂഹമാധ്യമങ്ങളിലൂടെ പറയാനുള്ള ധൈര്യമില്ല. എനിക്ക് തോന്നുന്നത്, തങ്ങളുടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും മുകളില്‍ ചിന്തിക്കാന്‍ കഴിയാത്ത ചെറുതും, അപ്രധാനരുമായ ആളുകളാല്‍ നിറഞ്ഞിരിക്കുകയാണ് സിനിമാ മേഖല എന്നാണ്”- മണികര്‍ണിക എന്ന ചിത്രം ഇന്‍ഡസ്ട്രിയെക്കുറിച്ച് എന്തു പാഠമാണ് നല്‍കിയതെന്ന് ചോദ്യത്തിനുള്ള മറുപടിയായി കങ്കണ പറഞ്ഞു.
ബോളിവുഡിലെ സ്വജനപക്ഷപാതത്തെയും, മക്കള്‍ രാഷ്ട്രീയത്തേയും തുറന്ന് വിമര്‍ശിച്ച വ്യക്തിയാണ് കങ്കണ റണൗട്ട്. തനിക്കെതിരെ നിലവില്‍ 6 കേസുകളുണ്ടെന്നും, ഈ അഭിമുഖത്തിന് ശേഷം കേസുകളുടെ എണ്ണം എട്ടായി വര്‍ധിച്ചേക്കാമെന്നും കങ്കണ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ചലച്ചിത്ര മേഖല ഒരു വ്യക്തിക്ക് അവകാശപ്പെട്ടതല്ലെന്നും അത് മാനവികയ്ക്കും രാജ്യത്തിനും അവകാശപ്പെട്ടതാണെന്നും കങ്കണ പറയുന്നു. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്ന മണികര്‍ണികയ്ക്ക് സിനിമാ മേഖലയില്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.