| Wednesday, 13th June 2012, 9:35 am

റീലിസ് നിയന്ത്രണം തീരുമാനം പിന്‍വലിക്കണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജൂണ്‍ 14 മുതല്‍ മലയാളചിത്രങ്ങള്‍ക്ക് റിലീസ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് ഫിലിംപ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷനും പിന്മാറണമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.  ഒരു മാസത്തിനകം തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.

ആഴ്ചയില്‍ ഒരു മലയാള ചിത്രം മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന തീരുമാനം അംഗീകരിക്കാനാവില്ല. തീരുമാനം നടപ്പിലാക്കിയാല്‍ ഇപ്പോള്‍ സെന്‍സറിങ് കഴിഞ്ഞതും ചിത്രീകരണം നടക്കുന്നതുമായ ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ച് തീരാന്‍ തന്നെ ഒരുവര്‍ഷമെടുക്കും. അതിനാല്‍ ഈ തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

മലയാള ചിത്രങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അന്യഭാഷാ ചിത്രങ്ങള്‍ എത്രവേണമെങ്കിലുമാകാമെന്നാണ്. മലയാളഭാഷാചിത്രങ്ങളെക്കാള്‍ കുടുതല്‍ പ്രാധാന്യം മറ്റുഭാഷാചിത്രങ്ങള്‍ക്കു നല്‍കുന്നത് ന്യായീകരിക്കാന്‍ പറ്റില്ല. മലയാള ചലച്ചിത്രത്തെ തകര്‍ക്കാനേ ഈ തീരുമാനം ഉപകരിക്കൂ. ഇതിന് പിന്നില്‍ വന്‍കിടക്കാരും സൂപ്പര്‍താരങ്ങളുമാണെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിച്ചു.

പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, ജനറല്‍ സെക്രട്ടറി എം.സി. ബേബി, ഖജാന്‍ജി സാജുജോണി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ മാസം 28 ന് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംയുക്തസംഘടന കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആഴ്ചയില്‍ ഒരു സിനിമ റിലീസ് ചെയ്താല്‍മതിയെന്ന തീരുമാനമെടുത്തത്.

ചെറിയ ചിത്രങ്ങള്‍ക്ക് മികച്ച ഇനീഷ്യല്‍ ലഭിക്കുന്നതിന് പുതിയ നിയമം സഹായകരമാകുമെന്നാണ് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംയുക്തസംവിധാനമായ സെല്‍ഫ് റെഗുലേഷന്‍ കൗണ്‍സില്‍ പറയുന്നത്. സിനിമകളുടെ മത്സര സ്വാഭാവം ഒഴിവാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more