ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം എക്‌സിബിറ്ററും മറാത്ത മന്ദിര്‍ സിനിമാസിന്റെ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ദേശായി. ആദിപുരുഷ് രാമായണമല്ലെന്നും സംവിധായകന്‍ ചിത്രത്തെ ഒരു തമാശയാക്കിയെന്നും മനോജ് ദേശായി പറഞ്ഞു. ചിത്രത്തിലെ ഡയലോഗുകളുടെ പേരില്‍ പ്രേക്ഷകരോട് ക്ഷമ ചോദിക്കണമെന്നും എന്നാല്‍ ദൈവങ്ങളോ മനുഷ്യരോ അവരോട് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററിലെ എല്ലാം സീറ്റുകളും ശൂന്യമാണെന്നും ഹനുമാനായി ഏത് സീറ്റാണ് റിസര്‍വ് ചെയ്തിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയണമെന്നും ഒരു അഭിമുഖത്തില്‍ മനോജ് ദേശായി പറഞ്ഞതായി ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘നെഗറ്റീവ് പബ്ലിസിറ്റി മൂലം പ്രേക്ഷകര്‍ ആദിപുരുഷിനെ കയ്യൊഴിഞ്ഞു. 30ഉം 40ഉം ആളുകള്‍ മാത്രമാണ് ഷോ കാണാന്‍ വരുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ ആയതിനാല്‍ ഷോകളെല്ലാം ഹൗസ്ഫുള്ളായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ ആദിപുരുഷ് വീണു.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്റെ കാലത്ത് രാമാനന്ദ് സാഗറിന്റെ രാമായണം കാണാന്‍ ആളുകള്‍ ടി.വിയുടെ മുന്നിലിരിക്കുമായിരുന്നു. എന്നാല്‍ ആദിപുരുഷ് രാമായണത്തെ ഒരു തമാശയായി കണ്ട് കളിയാക്കി. ഇത് തീര്‍ച്ചയായും രാമായണമല്ല.
പ്രഭാസ് ബാഹുബലിയില്‍ എങ്ങനെയിരുന്നതാണ്. ഇതില്‍ എങ്ങനെയാണിരിക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളുടെ പേരില്‍ പ്രേക്ഷകരോട് മാപ്പ് പറയേണ്ടതിന് പകരം തിരക്കഥാകൃത്ത് മനോജ് മുന്താഷിര്‍ അതിനെ പ്രതിരോധിക്കാനാണ് നോക്കിയത്. അവര്‍ ക്ഷമ ചോദിക്കണം. എന്നാല്‍ ദൈവങ്ങള്‍ക്കോ മനുഷ്യര്‍ക്കോ പോലും അവരോട് ക്ഷമിക്കാന്‍ പറ്റില്ല.
രാമാനന്ദ സാഗറിന്റെ രാമായണത്തിലെ ഹനുമാനെ അവതരിപ്പിച്ച നടന്‍ ധാരാ സിങ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ആദിപുരുഷിന്റെ സംവിധായകനേയും നിര്‍മാതാക്കളേയും തല്ലിയേനേ. തിയേറ്ററിലെ എല്ലാം സീറ്റുകളും ശൂന്യമാണ്. ഹനുമാനായി നിങ്ങള്‍ ഏത് സീറ്റാണ് റിസര്‍വ് ചെയ്തിരിക്കുന്നത്. ഉത്തരം നല്‍കൂ.
ഇതുപോലെയുള്ള വൃത്തികെട്ട പടങ്ങള്‍ ഇനിയും ഉണ്ടാക്കരുത്. ആരുടെയും വികാരം വെച്ച് കളിക്കരുത്. ഹിന്ദു സംവിധായകന് നമ്മുടെ രാമായണം ശരിയാം വിധം നിര്‍മിക്കാനാവുന്നില്ലെന്ന് മുസ്‌ലിം സഹോദരങ്ങള്‍ പോലും സങ്കടപ്പെടുകയാണ്,’ മനോജ് ദേശായി പറഞ്ഞു.
Content Highlight: Film Exhibitor manoj desai Slams Adipurush