| Monday, 17th October 2022, 7:24 pm

'ദൃശ്യം ഹിന്ദിയില്‍ ചില മാറ്റങ്ങളുണ്ട്, ഒറിജിനല്‍ മലയാളം ചിത്രം പ്രേക്ഷകര്‍ കണ്ടാലേ ആ പ്രശ്‌നം ഉണ്ടാവുകയുള്ളൂ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായി 2021ല്‍ പുറത്ത് വന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് നവംബര്‍ 18ന് റിലീസിനൊരുങ്ങുന്നത്. ഹിന്ദി വേര്‍ഷനില്‍ ചില മാറ്റങ്ങളുമുണ്ടാവും എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചിത്രത്തില്‍ പുതിയ കഥാപാത്രങ്ങളുണ്ടാവുമെന്ന് സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഒറിജിനല്‍ മലയാളം സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദിയില്‍ പുതിയ കുറച്ച് കഥാപാത്രങ്ങളെ കൂടി ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നുണ്ട്. അജയ് ദേവ്ഗണാണ് ഇത് എന്നോട് പറഞ്ഞത്,’ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു.

‘റീമേക്കുകള്‍ അടുത്ത കാലത്ത് ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നുണ്ട്. എന്നാല്‍ നല്ല സിനിമകള്‍ എപ്പോഴും അതിന്റെ പ്രേക്ഷകരെ കണ്ടെത്തും. യഥാര്‍ത്ഥ ചിത്രത്തിന്റെ ഡബ്ഡ് വേര്‍ഷന്‍ പ്രേക്ഷകര്‍ കണ്ടാല്‍ മാത്രമേ റീമേക്കിന് പ്രശ്‌നമുണ്ടാവുന്നുള്ളൂ,’ അജയ് ദേവ്ഗണിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള മറ്റൊരു പോസ്റ്റില്‍ തരണ്‍ പറഞ്ഞു.

ദൃശ്യം രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്ത് വിട്ടിരുന്നു. ഏറെ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ട്രെയ്‌ലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. വിജയ് സാല്‍ഗോന്‍കര്‍ എന്നാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്.

മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. മലയാളം ദൃശ്യം 2 വില്‍ നിന്ന് വ്യത്യസ്തമായ ക്ലെെമാക്സായിരിക്കും ഹിന്ദിയിലും എന്ന സൂചനയും ട്രെയ്ലറിലുണ്ട്.

ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18ന് തിയറ്ററുകളില്‍ എത്തും.

Content Highlight: Film critic Taran Adarsh ​​has tweeted that there will be new characters in the film drishyam 2 

We use cookies to give you the best possible experience. Learn more