നിരവധി അവഹേളനങ്ങളുടെയും വേദനകളുടെയും അനുഭവത്തില്‍ നിന്നും വാശിയോടെ വളര്‍ന്ന് വന്ന സംവിധായകനാണ് പ്രിയദര്‍ശനെന്ന് പറയുകയാണ് പ്രശസ്ത സിനിമാ നിരൂപകന്‍ സുകു പാല്‍കുളങ്ങര. ഒരു സിനിമക്ക് കഥയെഴുതി അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടും പ്രിയദര്‍ശന്റെ പേര് സിനിമയില്‍ വരാതെ പോയ ഓര്‍മ പങ്കുവെക്കുകയാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുകു പാല്‍കുളങ്ങര.
‘ലോകത്ത് ഏത് സിനിമ ഇറങ്ങിയാലും പ്രിയദര്‍ശന്‍ കണ്ടിരിക്കും. ആ സിനിമകളില്‍ നിന്നും പുതിയൊരു സാധനം അദ്ദേഹം ഉണ്ടാക്കിയിരിക്കും. എല്ലാ സാഹിത്യസൃഷ്ടികളും അങ്ങനെയാണ് ഉണ്ടാവുന്നത്. രാമായണവും മഹാഭാരതവുമൊക്കെ വായിക്കുമ്പോള്‍ ഒരു കഥാപാത്രം സ്പാര്‍ക്ക് ചെയ്താല്‍ അതില്‍ നിന്നും ഒരു കഥ ഉണ്ടാക്കും. അതുപോലെ പ്രിയദര്‍ശന്‍ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സിനിമകളില്‍ നിന്നും ആശയങ്ങള്‍ ഇന്‍സ്‌പെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം അതിന് പുതിയ മുഖം കൊടുക്കുകയാണ് ചെയ്യുന്നത്.
പ്രിയദര്‍ശന് ജീവിതത്തില്‍ ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം ഐ.വി. ശശിയുടെ കൂടെ ഒരു പടത്തില്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ട് അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തു. അവിടെ നിന്നും അദ്ദേഹത്തിന് പരിഗണന ഒന്നും കിട്ടിയില്ല. വീട്ടില്‍ പോവാന്‍ 100 രൂപ ചോദിച്ചിട്ട് പോലും അവര്‍ കൊടുത്തില്ല. ടൈറ്റിലില്‍ പോലും പേര് വെച്ചില്ല. ഒരു സിനിമക്ക് അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതി ടൈറ്റിലില്‍ പേര് വരുമെന്ന് കൂട്ടുകാരോടെല്ലാം പറഞ്ഞിട്ട് അവരെയും വിളിച്ച് തിയേറ്ററില്‍ ചെല്ലുമ്പോള്‍ ടൈറ്റില്‍ വരുമ്പോള്‍ പ്രിയദര്‍ശന്റെ പേരില്ല. ആ പ്രിയദര്‍ശന്‍ എന്തുമാത്രം വിഷമിച്ചിട്ടുണ്ടായിരിക്കും, കൂട്ടുകാരുടെ മുമ്പില്‍ ഇളിഭ്യനായ ചെുപ്പക്കാരന്‍.
ഞാന്‍ സ്‌ക്രിപ്‌റ്റെഴുതി എന്ന് പറഞ്ഞ് തിയേറ്ററിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്ല. പകരം കഥ, തിരക്കഥ എന്ന് എഴുതി വന്നത് മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരന്റെ പേരാണ്. അതിനെ ചോദ്യം ചെയ്തപ്പോള്‍ നിങ്ങളെ ആര് അറിയുമെന്നാണ് സംവിധായകന്‍ പറഞ്ഞത്. ജോലി ചെയ്തിട്ട് ടൈറ്റിലില്‍ പേര് പോലും കൊടുക്കാതെ വേദന അനുഭവിച്ച ചെറുപ്പക്കാരനാണ്. അത്തരം വേദനകളില്‍ നിന്നും അവഹേളനങ്ങളില്‍ നിന്നും വാശിയോടെ രക്ഷപ്പെട്ട ചെറുക്കാരനാണ് പ്രിയദര്‍ശന്‍. പല അനുഭവങ്ങള്‍ കൊണ്ട് സിനിമ വേണ്ടെന്ന് പറഞ്ഞ് പോയ ആളാണ്. പിന്നെയും അദ്ദേഹം തിരിച്ച് വന്നു.
സ്‌ക്രിപ്റ്റ് സെന്‍സും ഡയറക്ടര്‍ സെന്‍സും എല്ലാം ഉള്ളതുകൊണ്ടാണ് പ്രിയദര്‍ശന് വളരെ വേഗം വളരാന്‍ സാധിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ തന്റെ ഒപ്പം വളര്‍ത്തിക്കൊണ്ടുവരാനും നല്ല കഥാപാത്രങ്ങള്‍ കൊടുക്കാനും അഭിനയത്തിലെ കഴിവുകളെ ചൂഷണം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു,’ സുകു പാല്‍കുളങ്ങര പറഞ്ഞു.
Content Highlight: film critic suku palkulangara talks about the struggles of priyadarshan