| Friday, 17th December 2021, 7:53 pm

'നമ്മുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരു സൂപ്പര്‍ഹീറോയെ കാണാന്‍ കഴിഞ്ഞു'; എല്ലാവരും മിന്നല്‍ മുരളി കാണണമെന്ന് അനുപമ ചോപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിന്റെ സംവിധാനമികവിലൊരുങ്ങി, ടൊവിനോ തോമസ് അഭിനയിച്ച ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ നടന്നിരുന്നു. ജിയോ മാമി(ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ്) മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്.

മികച്ച തിയേറ്റര്‍ അനുഭവമാണ് സിനിമ നല്‍കിയതെന്നും, ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമായിരുന്നു എന്നാണ് ഭൂരിപക്ഷം ആരാധകരും പറയുന്നത്.

ഇപ്പോഴിതാ മിന്നല്‍ മുരളി കണ്ട അനുഭവം പങ്കുവെക്കുകയാണ് സിനിമ നിരൂപക അനുപമ ചോപ്ര. നമ്മുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന, നമ്മുടെ സ്വന്തം ഒരു സൂപ്പര്‍ഹീറോയായിട്ടാണ് മിന്നല്‍ മുരളിയെ തനിക്ക് അനുഭവപ്പെട്ടതെന്നാണ് അവര്‍ പറയുന്നത്.

‘മിന്നല്‍ മുരളി ഞാന്‍ വളരെയധികം ആസ്വദിച്ചാണ് കണ്ടത്. നമ്മുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന, നമ്മുടെ സ്വന്തം ഒരു സൂപ്പര്‍ഹീറോയായിട്ടാണ് മിന്നല്‍ മുരളിയെ തോന്നിയത്.

സിനിമയിലെ എല്ലാ തമാശകളും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. അതിലുമുപരി ആ സിനിമക്കൊരു ഹൃദയമുണ്ടായിരുന്നു. എല്ലാവരും ഈ സിനിമ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്,’ അനുപമ ചോപ്ര വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

അതേസമയം, MinnalMuraliAtMAMI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ തരംഗമാവുകയാണ്.

‘മികച്ച സംവിധായകനാണ് ബേസില്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്,’ ‘ടൊവിനോ പൊളിച്ചടുക്കി,’ ‘മലയാളത്തിലിതുവരെ കാണാത്ത മികച്ച അനുഭവം,’ തുടങ്ങി നിരവധി അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ മികച്ച ഫിലിം ഫെസ്റ്റുകളിലൊന്നാണ് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍. ചലച്ചിത്ര താരവും നിര്‍മാതാവുമായ പ്രിയങ്ക ചോപ്രയാണ് മാമി ഫിലിം ഫെസ്റ്റിവലിന്റെ ചെയര്‍പേഴ്‌സണ്‍.

സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Film critic Anupama Chopra shares her experience of seeing Minnal Murali

We use cookies to give you the best possible experience. Learn more