സഹാറാ മരുഭൂമിയില്‍ പെട്ടുപോയ പൃഥ്വിരാജ് സുകുമാരന്‍: ആടുജീവിതത്തിന് പുതിയ കഥയുണ്ടാക്കി ഫിലിം കമ്പാനിയന്‍ സൗത്ത്
Entertainment
സഹാറാ മരുഭൂമിയില്‍ പെട്ടുപോയ പൃഥ്വിരാജ് സുകുമാരന്‍: ആടുജീവിതത്തിന് പുതിയ കഥയുണ്ടാക്കി ഫിലിം കമ്പാനിയന്‍ സൗത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th March 2024, 12:13 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജിന്റെ അതിഗംഭീര പ്രകടനവും മികച്ച വിഷ്വലുകളും കൊണ്ട് സമ്പന്നമായ ട്രെയ്‌ലറായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രശംസകള്‍ നേടുമെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു ട്രെയ്‌ലര്‍. എന്നാല്‍ ഫിലിം കമ്പാനിയന്‍ സൗത്ത് ട്രെയ്‌ലറിനെക്കുറിച്ച് ഇട്ട പോസ്റ്റിലെ ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

‘ നിങ്ങള്‍ ഒരു മരുഭൂമിയില്‍ പെട്ടുപോയാല്‍ എന്തുചെയ്യും? സഹാറാ മരുഭൂമിയില്‍ പെട്ടുപോയ പൃഥ്വിരാജ് സുകുമാരന്‍ അവിടെ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന, മികച്ച വിഷ്വലുകള്‍ ഉള്ള ആടുജീവിതം’ എന്ന ക്യാപ്ഷനോടെയാണ് ഫിലിം കമ്പാനിയന്‍ പോസ്റ്റ് ചെയ്തത്. കമന്റ് ബോക്‌സില്‍ സിനിമയുടെ കഥ അതല്ലെന്നും, ശരിക്ക് മനസിലാക്കി പോസ്റ്റ് ചെയ്തുകൂടെ എന്നുമാണ് പലരും ചോദിക്കുന്നത്. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പല ഗ്രൂപ്പുകളിലും ചര്‍ച്ചാവിഷയമാണ്.

മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് പ്രധാന താരങ്ങള്‍. എ.ആര്‍ റഹ്‌മാനാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് മിക്‌സിങ് നിര്‍വഹിക്കുന്നു. സുനില്‍ കെ.എസാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

Content Highlight: Film Companion South gives wrong synopsis for Aadujeevitham movie