| Saturday, 9th July 2022, 9:52 am

സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു; മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്കെന്ന് ഫിലിം ചേംബര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കെന്ന് ഫിലിം ചേംബര്‍. സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നതാണ് അതിന് കാരണമന്നും സിനിമ പരാജയപ്പെട്ടാലും താരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പടം പൊട്ടിയാലും പ്രതിഫലം കൂട്ടുന്നു. അതൊരു നല്ല പ്രവണതയല്ല. അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ. ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് നീതിയല്ല.

സൂപ്പര്‍താരങ്ങള്‍ 5 മുതല്‍ 15 കോടിയാണ് വാങ്ങുന്നത്. നായികമാര്‍ 50ലക്ഷം- 1 കോടി. യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടിവരെ. പ്രധാനസഹതാരങ്ങള്‍ 15- 30 ലക്ഷം. കൊവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നതാണ് ഫിലിം ചേംബറിന്റെ നിലപാട്,’ സുരേഷ് കുമാര്‍ പറഞ്ഞു.

‘വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒ.ടി.ടിയില്‍ വന്‍തുക ലഭിച്ചേക്കാം. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് ഒ.ടി.ടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന സിനിമകളാണ് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നു.

അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളില്‍ ഭൂരിഭഗവും പരാജയപ്പെട്ടിരുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് വിജയിച്ചത്. അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലെത്തി സൂപ്പര്‍ ഹിറ്റ് സ്റ്റാറ്റസ് നേടുമ്പോഴാണ് മലയാള സിനിമകള്‍ കൂട്ടത്തോടെ പരാജയപ്പെടുന്നത്. ഇത് തിയേറ്ററുകളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

Content Highlight: Film Chamber says that Malayalam cinema is going to a severe crisis

We use cookies to give you the best possible experience. Learn more