| Wednesday, 8th February 2023, 5:14 pm

തിയേറ്റര്‍ കോമ്പൗണ്ടില്‍ നിന്നുമുള്ള സിനിമ റിവ്യു വിലക്കി ഫിലിം ചേബര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തിയേറ്റര്‍ കോമ്പൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. ഒടിടി റിലീസിനുള്ള നിയന്ത്രണവും കര്‍ശനമാക്കി. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം.

ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നാണ് തീരുമാനം. 42 ദിവസത്തിന് മുന്‍പുള്ള ഒടിടി റിലീസുകള്‍ അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് ഉണ്ടാകുക.

വ്യക്തിബന്ധം ഉപയോഗിച്ച് പല നിര്‍മാതാക്കളും നടന്മാരും തിയേറ്റര്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം ഒടിടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് അനുവദിക്കില്ല എന്നും 42 ദിവസത്തെ നിബന്ധന നിര്‍മാതാക്കളുടെ ചേംബര്‍ തന്നെ ഒപ്പിട്ട് നല്‍കിയിരുന്നു.

കൂടാതെ റിലീസിനുള്ള അപേക്ഷ ഇനി മുതല്‍ ചേംബര്‍ പരിഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിര്‍മ്മാതാക്കളെ വിലക്കാനുമാണ് തീരുമാനം. തിയേറ്ററില്‍ കാണികള്‍ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും മുമ്പ് നടന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കും ഇത് ബാധകമാണ്. 56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ സിനിമകള്‍ പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം തിയേറ്ററില്‍ കാണികള്‍ കുറയുന്നത് ഒ.ടി.ടിയില്‍ റിലീസ് ഉടന്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണെന്നും ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

content highlight: Film Chamber banned movie reviews from the theater compound

We use cookies to give you the best possible experience. Learn more