കൊച്ചി: ഒ.ടി.ടി റിലീസ് ചെയ്ത ചിത്രങ്ങള്‍ പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് ഫിലിം ചേംബര്‍. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്‌തേക്കാമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഫിലിം ചേംബര്‍ നിലപാട് വ്യക്തമാക്കിയത്.
ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററുകളിലും റിലീസ് ചെയ്യാമെന്ന് നിര്‍മാതാക്കളോ താരങ്ങളോ കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ ആഗ്രഹം മാത്രമാണെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. മലയാള മനോരമയോട് ആയിരുന്നു വിജയകുമാറിന്റെ പ്രതികരണം.
നേരത്തെ വിവിധ അഭിമുഖങ്ങളില്‍ ഒ.ടി.ടി റിലീസിന് പിന്നാലെ തിയേറ്ററുകളില്‍ ദൃശ്യം 2 റിലീസ് ചെയ്‌തേക്കുമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെ പിന്നാലെയാണ് മോഹന്‍ലാലിന്റെ പരാമര്‍ശം തള്ളി ഫിലിം ചേംബര്‍ രംഗത്ത് എത്തിയത്.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.
മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്.
100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക